Actress
സമ്മതമില്ലാതെ ചിത്രം ഉപയോഗിക്കുന്നതും മോര്‍ഫ് ചെയ്യുന്നതും തെറ്റ്; ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ചയാളെ പിടികൂടിയ ഡല്‍ഹി പോലീസിന് നന്ദി പറഞ്ഞ് രശ്മിക മന്ദാന
സമ്മതമില്ലാതെ ചിത്രം ഉപയോഗിക്കുന്നതും മോര്‍ഫ് ചെയ്യുന്നതും തെറ്റ്; ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ചയാളെ പിടികൂടിയ ഡല്‍ഹി പോലീസിന് നന്ദി പറഞ്ഞ് രശ്മിക മന്ദാന
കഴിഞ്ഞ ദിവസമായിരുന്നു നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചയാളെ പോലീസ് പിടികൂടിയത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പോലീസിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. അനുവാദമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും മോര്‍ഫ് ചെയ്യുന്നതും തെറ്റാണെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘ഉത്തരവാദികളായവരെ പിടികൂടിയ ഡല്‍ഹി പോലീസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നെ സ്‌നേഹത്തോടെ സ്വീകരിച്ച, പിന്തുണയ്ക്കുകയും പരിചരിക്കുകയും ചെയ്ത സമൂഹത്തിന് ആത്മാര്‍ഥമായി നന്ദി പറയുന്നു. പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചിത്രം എവിടെയെങ്കിലും ഉപയോഗിക്കുകയോ മോര്‍ഫ് ചെയ്യുകയോ ചെയ്യുന്നത് തെറ്റാണ്. നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളാല്‍ നിങ്ങള്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതിന്റേയും നടപടിയുണ്ടാകും എന്നതിന്റെയും ഓര്‍മ്മപ്പെടുത്തലാണിത്’, രശ്മിക പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എ.ഐ. അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മോര്‍ഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ്ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫഌവന്‍സറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചത്.
രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയില്‍ ഡീപ് ഫേക്ക് വലിയ ചര്‍ച്ചയായത്. രശ്മികയ്ക്ക് പിന്തുണയറിയിച്ചും ഡീപ് ഫേക്ക് വീഡിയോയില്‍ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ന് രംഗത്തെത്തിയിരുന്നു. ഡീപ്പ് ഫേക്കിനെ കുറിച്ച് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അന്ന് സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465, 469, ഐ.ടി. നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. വീഡിയോ പങ്കുവെച്ചവര്‍ ഉള്‍പ്പെടെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.
