നീ ഒറ്റയ്ക്ക് നിന്ന് സ്ട്രോങായി കളിക്ക് റെനീഷയെ ഉപദേശിച്ച് സഹോദരൻ ; സെറീനയെ ഒട്ടും പരിഗണിക്കാതെ റെനീഷയുടെ കുടുംബം
ബിഗ് ബോസ് മലയാളം സീസണ് ഫൈവില്‍ ബന്ധുക്കളുടെ സമാഗമം നടക്കുകയാണ് ഇപ്പോള്‍. മത്സരാര്‍ഥികളുടെ പ്രിയപ്പെട്ടവര്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയാണ്. വളരെ സര്‍പ്രൈസായിട്ടാണ് ബിഗ് ബോസ് ഹൗസിലേക്ക് ബന്ധുക്കളുടെ വരവ്.റെനീഷ റഹ്മാന്റെ വീട്ടിൽ നിന്നും ചേട്ടനും അമ്മയും കസിനുമാണ് വന്നത്. കുട്ടനിറയെ ചോക്ലേറ്റുകളുമായിട്ടാണ് ചേട്ടനും അമ്മയും വന്നത്.
സഹോദരൻ ദുബായിൽ നിന്നാണ് റെനീഷയെ കാണാൻ മുംബൈയിൽ എത്തിയത്. അണ്ണൻ എന്നാണ് റെനീഷ സഹോദരനെ വിളിക്കുന്നത്. ഹൗസിൽ എത്തിയശേഷം റെനീഷ വാതോരാതെ സംസാരിച്ചിട്ടുള്ളതും സഹോദരനെ കുറിച്ചാണ്. റെനീഷയുടെ സോഷ്യൽമീഡിയ പേജ് ഹാൻഡിൽ ചെയ്യുന്നതും സഹോദരനാണ്.
ബിഗ് ബോസ് ഷോയുടെ ഓരോ എപ്പിസോഡും കൃത്യമായി കണ്ട് സഹോദരിക്ക് വിജയിക്കാൻ വേണ്ട നിർദേശങ്ങളെല്ലാം നൽകിയാണ് സഹോദരൻ മടങ്ങിയത്. ഒറ്റയ്ക്ക് നിന്ന് സ്ട്രോങായി കളിക്കുവെന്നാണ് റെനീഷയോട് സഹോദരൻ പറഞ്ഞത്. അഖിൽ മാരാർ മനോഹരമായി ഗെയിം കളിക്കുന്നുണ്ടെന്നും സഹോദരൻ മത്സരാർത്ഥികളോട് സംസാരിക്കവെ പറഞ്ഞു.
പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചില സൂചനകളും മത്സരാർത്ഥികൾക്ക് സഹോദരൻ നൽകി. പക്ഷെ റെനീഷയുടെ കുടുംബം ഒട്ടും പരിഗണിക്കാതിരുന്നത് താരത്തിന്റെ ഹൗസിലെ ഉറ്റസുഹൃത്തായ സെറീനയെയാണ്. സഹോദരൻ അധികം അടുപ്പം കാണിച്ചില്ലെന്നത് സെറീനയക്ക് മനസിലാവുകയും അവർ പോയശേഷം റെനീഷയോട് ഇതേകുറിച്ച് ചോദിക്കുകയും ചെയ്തു.
അണ്ണന് തന്നോട് എന്തോ ഒരു ദേഷ്യമുള്ളതായി തോന്നിയെന്നാണ് സെറീന റെനീഷയോട് പറഞ്ഞത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് പറയുമെങ്കിലും പലപ്പോഴും സെറീന മറ്റുള്ളവർക്കൊപ്പം നിന്ന് റെനീഷയെ കുറ്റപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. സാഗർ സൂര്യയുമായി സൗഹൃദം ഉണ്ടായിരുന്നപ്പോൾ റെനീഷയോട് അകലം പാലിച്ചിരുന്നു സെറീന.
ബുധനാഴ്ച ആദ്യം ഹൗസിലേക്ക് വന്നത് സെറീനയുടെ കുടുംബാംഗങ്ങളാണ്. വളരെ നാളുകൾക്ക് ശേഷം അമ്മയെ കണ്ടപ്പോൾ സെറീന കെട്ടിപിടിച്ച് കരഞ്ഞു. പ്രേക്ഷക പിന്തുണ കുറവുള്ള മത്സരാർത്ഥിയാണ് സെറീന. വിഷ്ണു പുറത്തായപ്പോൾ പ്രേക്ഷകർ ചോദ്യം ചെയ്തതും ജനപിന്തുണയെയാണ്. ഏറ്റവും കുറവ് വോട്ടുകൾ ലഭിക്കുന്ന സെറീനയും നാദിറയും ഉണ്ടായിരിക്കെ വിഷ്ണു എങ്ങനെ പുറത്തായി എന്നതായിരുന്നു പ്രേക്ഷകരുടെ സംശയം.
ബിഗ് ബോസ് സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മത്സരാർത്ഥിയാണ് റെനീഷ റഹ്മാൻ. ഏത് കാര്യവും ആരുടെയും മുഖത്ത് നോക്കി പറയാൻ റെനീഷയ്ക്ക് മടിയില്ല. അതുകൊണ്ട് തന്നെ ഹൗസിലുള്ള ഭൂരിഭാഗം പേരും എതിർക്കുന്ന മത്സരാർത്ഥിയാണ് റെനീഷ.
ഓരോ എവിക്ഷനിൽ നിന്നും റെനീഷ രക്ഷപ്പെട്ട് വരുമ്പോൾ ഹൗസിലുള്ള ഒന്നോ, രണ്ടോ പേർക്ക് അല്ലാതെ മറ്റാർക്കും വലിയ സന്തോഷമുണ്ടാകാറില്ല. ഉറ്റ സുഹൃത്ത് സെറീന പോലും റെനീഷ നോമിനേഷനിൽ നിന്നും സേഫാകുമ്പോൾ സന്തോഷിക്കാറില്ല. പന്ത്രണ്ടാം ആഴ്ചയിലെ എവിക്ഷനിൽ ഏറ്റവും അവസാനം ഡെയ്ഞ്ചറസ് സോണിൽ നിന്നത് റെനീഷയും നാദിറയുമായിരുന്നു.
ഇവരിൽ ഒരാൾ പുറത്താകുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരുന്നത്. ടിക്കറ്റ് ടു ഫിനാലെ കളിച്ച് ജയിച്ച നാദിറ സേഫാകണമെന്നായിരുന്നു സെറീന പോലും ആഗ്രഹിച്ചിരുന്നത്.
പ്രാങ്കിന്റെ ഭാഗമായി പുറത്തായത് നാദിറയാണെന്നും സേഫായത് റെനീഷയാണെന്നും പ്രഖ്യാപനം വന്നപ്പോൾ ജുനൈസ്, ശോഭ, സെറീന, മിഥുൻ തുടങ്ങിയവർ എല്ലാം നിരാശയിലായി. താൻ സേഫാണെന്ന് അറിഞ്ഞപ്പോൾ ആരുടെയും മുഖത്ത് സന്തോഷം കണ്ടില്ലെന്ന് സെറീനയോട് പിന്നീട് റെനീഷ പറയുകയും ചെയ്തിരുന്നു.പ്രാങ്കായതുകൊണ്ട് തന്നെ വിഷ്ണു അല്ലാതെ മറ്റൊരും പന്ത്രണ്ടാം ആഴ്ചയിൽ പുറത്തായിരുന്നില്ല.
ഇപ്പോൾ ഫാമിലി വീക്കാണ് ഹൗസിൽ നടക്കുന്നത്. ഇതുവരെ നാലുപേരുടെ കുടുംബാംഗങ്ങൾ ഹൗസും മത്സരാർത്ഥികളെയും സന്ദർശിച്ച് മടങ്ങി. ബാക്കിയുള്ള നാലുപേരുടെ കുടുംബാംഗങ്ങൾ വരും ദിവസങ്ങളിൽ ഹൗസിലേക്ക് എത്തും.അഖിൽ മാരാരുടെ ഭാര്യയും കുഞ്ഞുങ്ങളും ഹൗസിലേക്ക് വരുന്നത് കാണാനാണ് പ്രേക്ഷകരും മത്സരാർത്ഥികളും കാത്തിരിക്കുന്നത്.
