Bollywood
അനിമലിന് മൂന്നാം ഭാഗവും വരും; സ്ഥിരീകരിച്ച് രൺബീർ കപൂർ
അനിമലിന് മൂന്നാം ഭാഗവും വരും; സ്ഥിരീകരിച്ച് രൺബീർ കപൂർ
റിലീസ് ചെയ്ത ദിനം മുതൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ട, വിമർശിക്കപ്പെട്ട ചിത്രമാണ് അനിമൽ. അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൺബിർ കപൂർ പ്രധാന വേഷത്തിലെത്തിയ ചിത്രം വയലൻസ് രംഗങ്ങൾ കൊണ്ടും സ്ത്രീവിരുദ്ധത കൊണ്ടുമാണ് വാർത്തകളിൽ ഇടം പിടിച്ചത്.
ചിത്രത്തിന്റെ ആദ്യഭാഗത്തിന് പിന്നാലെ അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അനിമലിന് മൂന്നാം ഭാഗവും സംവിധായകൻ പ്ലാൻ ചെയ്യുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. നടൻ രൺബീർ കപൂർ തന്നെയാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അടുത്ത സിനിമകളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ഞങ്ങൾ രണ്ടു പേരും ആദ്യ ഭാഗം മുതൽ ആലോചിക്കുന്നുണ്ട്. ഒരേ സിനിമയിൽ തന്നെ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ താൻ വളരെ ആവേശഭരിതനാണെന്നും രൺബീർ പറഞ്ഞു. മാത്രമല്ല, ഇത് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണെന്നും വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് എന്നും താരം പറഞ്ഞു.
2027ലാകും അനിമൽ പാർക്ക് സംഭവിക്കുക. അതിന് പിന്നാലെ അനിമൽ കിംഗ്ഡം കൂടിയുണ്ടാകുമെന്നാണ് രൺബീർ
വ്യക്തമാക്കിയത്. 100 കോടി ബജറ്റിൽ ഒരുങ്ങിയ അനിമൽ 915.53 കോടി രൂപയോളമാണ് ബോക്‌സോഫീസിൽ നിന്നും നേടിയത്. അനിൽ കപൂർ,രശ്മിക മന്ദാന, ശക്തി കപൂർ,തൃപ്തി ദിമ്രി,ബോബി ഡിയോൾ എന്നിവരായിരുന്നു സിനിമയിലെ പറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
സ്ത്രീ വിരുദ്ധതയെയും അക്രമത്തെയും മഹത്വവൽക്കരിക്കുന്നു എന്ന പേരിൽ ചിത്രം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ചിത്രത്തിലെ രശ്മിക മന്ദാനയുടെ നായികാ കഥാപാത്രത്തിന് എതിരെ വിമർശനങ്ങൾ എത്തിയിരുന്നു. സമീപകാലത്ത് എത്തിയ ഏറ്റവും മോശം സ്ത്രീ കഥാപാത്രമാണ് ഗീതാഞ്ജലി എന്ന രശ്മികയുടെ കഥാപാത്രം എന്ന വിമർശനങ്ങളാണ് എത്തിയത്. എന്നാൽ ചിത്രത്തിലെ മറ്റൊരു നായികയായ തൃപ്തി ദിമ്രിയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
‘അർജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ടി-സീരീസ് ഫിലിംസ്, ഭദ്രകാളി പിക്‌ചേഴ്‌സ്, സിനി1 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് അനിമൽ നിർമ്മിച്ചത്. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്.