Bollywood
അനിമലിന് നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കാൻ കാരണം സോഷ്യൽ മീഡിയ; ഈ സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയെന്ന് പലരും തന്നോട് പറഞ്ഞു; രൺബിർ കപൂർ
അനിമലിന് നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കാൻ കാരണം സോഷ്യൽ മീഡിയ; ഈ സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയെന്ന് പലരും തന്നോട് പറഞ്ഞു; രൺബിർ കപൂർ
സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ പുറത്തെത്തി ഏറെ വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു ആനിമൽ. റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും മറ്റും ഉയർന്നു വന്നിരുന്നു. സിനിമാ രംഗത്തെ പ്രമുഖരും താരങ്ങളുമടക്കം നിരവധി പേരാണ് ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.
അമിതമായ പുരുഷ മേധാവിത്വത്തെ പുകഴ്ത്തുന്ന ചിത്രം സ്ത്രീവിരുദ്ധവും അതിയായ അക്രമം നിറഞ്ഞതാണെന്നുമായിരുന്നു വിമർശനങ്ങളിൽ കൂടുതലും. എന്നിരുന്നാലും ചിത്രം വലിയ സാമ്പത്തിക വിജയം കൈവരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനിമൽ എന്ന സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കാൻ കാരണമായത് സോഷ്യൽ മീഡിയയാണെന്ന് പറയുകയാണ് ചിത്രത്തിലെ നായകൻ രൺബിർ കപൂർ.
സോഷ്യൽ മീഡിയയ്ക്ക് സംസാരിക്കാൻ എന്തെങ്കിലും വേണം, അതിനാൽ ഇതൊരു സ്ത്രീവിരുദ്ധ സിനിമയാണെന്ന് അവകാശപ്പെട്ട് സിനിമയെ നശിപ്പിച്ചു. ഒരുപാട് കഠിനാധ്വാനം ചെയ്താണ് സിനിമ എത്തുന്നത്. നേരിട്ടും അല്ലാതെയും ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് ഈ സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയെന്ന്, ഞാൻ അവരോട് ശരിക്കും യോജിക്കുന്നില്ല എന്നുമാണ് രൺബീർ പറയുന്നത്.
നടി രാധിക ശരത്കുമാറും ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒരു സിനിമ കണ്ടിട്ട് ആർക്കെങ്കിലും ക്രിഞ്ച് ആയി അനുഭവപ്പെട്ടിട്ടുണ്ടോ? ഒരു പ്രത്യേക സിനിമ കണ്ടിട്ട് എനിക്ക് അങ്ങനെ അനുഭവപ്പെട്ടു. വലിയ രീതിയിൽ ദേഷ്യം തോന്നുന്നുവെന്നാണ് താരം പ്രതികരിച്ചത്. നിലവിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട, വിലയിരുത്തപ്പെട്ട ഫിലിംമേക്കറാണ് സന്ദീപ് എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.
എന്നെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റവും സത്യസന്ധനും ദുർബലനും സ്‌നേഹനിധിയുമായ മനുഷ്യനാണ്. എനിക്ക് ആ മനുഷ്യനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. അനിമൽ ഞാൻ രണ്ട് തവണ കണ്ടു, ദീർഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ സിനിമയുണ്ടാക്കിയ സ്വാധീനം നല്ലതാണെങ്കിലും മോശമാണെങ്കിലും നിഷേധിക്കാനാവില്ല. സന്ദീപിനൊപ്പം നല്ലൊരു സായാഹ്നം ചെലവഴിച്ചു എന്നും അനുരാഗ് കശ്യപ് പറഞ്ഞു.