Malayalam
‘തൃശൂര്‍ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഇടം, ഒരു തിയറ്ററില്‍ പോലും പുഴ ഒഴുകിയിട്ടില്ല’; രാമസിംഹന്‍
‘തൃശൂര്‍ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഇടം, ഒരു തിയറ്ററില്‍ പോലും പുഴ ഒഴുകിയിട്ടില്ല’; രാമസിംഹന്‍
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത സംവിധായകനാണ് രാമസിംഹന്‍ അബൂബക്കര്‍. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് എത്താറുള്ള അദ്ദേഹം വാര്‍ത്തകളിലും ഇടം നേടാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് വൈറലായി മാറുന്നത്.
1921 എന്ന തന്റെ സിനിമയിലെ ‘തല പോയ’ ഹൈവന്ദരോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂരെന്ന് ആരോപിച്ചിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. താന്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ തൃശ്ശൂരിലെ ഒരു തിയേറ്ററില്‍ പോലും പ്രദര്‍ശിപ്പിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘ചില നേതാക്കളറിയാന്‍ 1921 ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂര്‍. ഒരു തിയറ്ററില്‍ പോലും തൃശ്ശൂരില്‍ പുഴ ഒഴുകിയിട്ടില്ല.’, എന്നായിരുന്നു രാമസിംഹന്റെ കുറിപ്പ്.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ‘പുഴ മുതല്‍ പുഴ വരെ’ 2023 മാര്‍ച്ച് മൂന്നിനായിരുന്നു റിലീസ്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. 2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു ‘പുഴ മുതല്‍ പുഴ വരെ’ വരെയുടെ ചിത്രീകരണം ആരംഭിച്ചത്.
രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പണം പിരിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിയേറ്ററില്‍ വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്.
എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് ‘വാരിയംകുന്നന്‍’ രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു.