general
സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന പാഠം നാം ഇതുവരെ മനസിലാക്കിയിട്ടില്ല, സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സാഹചര്യം ഉണ്ടാകണം; രാകുല്‍ പ്രീത് സിംഗ്
സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന പാഠം നാം ഇതുവരെ മനസിലാക്കിയിട്ടില്ല, സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സാഹചര്യം ഉണ്ടാകണം; രാകുല്‍ പ്രീത് സിംഗ്
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിംങ്. ഇപ്പോഴിതാ സ്ത്രീ സുരക്ഷയെക്കുറിച്ചും അതിനായി സമൂഹത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന പാഠം നാം ഇതുവരെ മനസിലാക്കിയിട്ടില്ലെന്നും സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സാഹചര്യം ഉണ്ടാകണം എന്നും രാകുല്‍ പറഞ്ഞു. ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
‘എന്തുകൊണ്ടാണ് സ്ത്രീ സുരക്ഷ ഇപ്പോഴും ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നത്? എന്തുകൊണ്ടാണ് പുരുഷന്മാര്‍ ഇതിന് ഉത്തരവാദികളല്ലാത്തത്? രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നതോ ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിച്ച് നടക്കുന്നതോ ആയ സ്ത്രീകളെയോ പെണ്‍കുട്ടികളെയോ കാണുന്നത് ഒരു വിചിത്രമായ കാര്യമാണെന്ന് ചില പുരുഷന്മാര്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? ഇവിടെ പെണ്‍കുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?, എന്ന് രാകുല്‍ ചോദിച്ചു.
‘കോളേജില്‍ പഠിക്കുമ്പോള്‍ പോലും ആണ്‍കുട്ടികളെ പെണ്‍കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നു. നിങ്ങള്‍ എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം നിങ്ങള്‍ അവരെ സ്ത്രീകളെ അക്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ എത്രത്തോളം നോര്‍മലൈസ് ചെയ്യുന്നോ അത്രത്തോളം നല്ലത്. ഇത്തരം കാര്യങ്ങളില്‍ ഒരാളുടെ മാനസികാവസ്ഥയും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു’താരം പറഞ്ഞു.
‘സ്ത്രീകളോട് സംസാരിക്കരുത് എന്നു കേട്ടാണ് ഇവരില്‍ പലരും വളര്‍ന്നുവന്നത് എന്ന് എനിക്ക് തോന്നുന്നു. സ്‌കൂള്‍ തലം മുതല്‍ ആ അകലം ഉണ്ടാകുന്നു. ജിജ്ഞാസ മൂലമാണ് ചിലര്‍ പല അതിക്രമങ്ങള്‍ക്കും മുതിരുന്നതെന്നും’രാകുല്‍ പറഞ്ഞു. വീടുകളിലും സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമായും നല്‍കണമെന്നും രാകുല്‍ അഭിപ്രായപ്പെട്ടു.
‘ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ സംസാരിക്കുന്നത് വലിയ സംഭവമായി കാണേണ്ടതില്ല. അത്തരം കാര്യങ്ങള്‍ സാധാരണമാണ് എന്ന് വീട്ടില്‍ നിന്നുതന്നെ പഠിക്കണം. വീട്ടില്‍ അത്തരം അന്തരീക്ഷമുണ്ടെങ്കില്‍, ഇത്തരം അതിക്രമങ്ങളെക്കുറിച്ച് നിങ്ങള്‍ ഒരിക്കലും ചിന്തിക്കില്ല. കോഎഡ്യുക്കേഷനും സാധാരണമാക്കണം’എന്നും രാകുല്‍ കൂട്ടിച്ചേര്‍ത്തു.
‘ഛത്രിവാലി’യാണ് രാകുലിന്റെതായി അവസാനം പുറത്തുവന്ന സിനിമ. തേജസ് വിജയ് ദിയോസ്‌കര്‍ സംവിധാനം ചെയ്ത ചിത്രം സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗര്‍ഭനിരോധന ഗുളികകളെക്കുറിച്ചുമൊക്കെയാണ് പ്രതിപാദിക്കുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
