Malayalam
പുച്ഛഭാവം മാത്രമുള്ള കേരളത്തിലെ ഒരേ ഒരു നായികയാണ് നിഖില വിമലെന്ന് പോസ്റ്റ്; അസൂയക്കാർക്ക് തകർക്കാൻ കഴിയാത്ത ആത്മവിശ്വാസം… അത് അഹങ്കാരമല്ലെന്ന് മന്ത്രി
പുച്ഛഭാവം മാത്രമുള്ള കേരളത്തിലെ ഒരേ ഒരു നായികയാണ് നിഖില വിമലെന്ന് പോസ്റ്റ്; അസൂയക്കാർക്ക് തകർക്കാൻ കഴിയാത്ത ആത്മവിശ്വാസം… അത് അഹങ്കാരമല്ലെന്ന് മന്ത്രി
നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമൽ. ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്ത ലവ് 24×7 ലൂടെയാണ് ദിലീപിന്റെ നായികയായി നിഖില സിനിമയിലേയ്ക്ക് എത്തുന്നത്. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞെടുത്തത്. വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസിൽ ചിത്രമായ ഞാൻ പ്രകാശനിലും നായികയായി.
അഭിമുഖങ്ങളിൽ നിഖില വിമൽ നൽകുന്ന മറുപടികൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തഗ് ക്വീൻ എന്ന പേരിൽ നിഖിലയുടെ ട്രോളുകളും പ്രചരിക്കാറുണ്ട്. ട്രോളുകൾക്ക് പിന്നാലെ വിമർശനങ്ങളും നടിയ്ക്കെതിരെ ഉയരാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിഖിലയുടേതായി വന്ന ഒരു പോസ്റ്റിന് മന്ത്രി ആർ ബിന്ദു നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലായിരുന്നു മന്ത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. നിഖിലയെ കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെയായിരുന്നു;
പുച്ഛഭാവം മാത്രമുള്ള കേരളത്തിലെ ഒരേ ഒരു നായികയാണ് നിഖില വിമൽ എന്ന് തോന്നിയിട്ടുണ്ടോ..? ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്കും ഉർവശിക്കും ഇല്ലാത്ത തലക്കനം ആണ് ഈ പുതുമുഖ നായികയ്ക്ക് എന്നും പറയുന്നു ശരിയാണോ?
ഇതിന് മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു;
മിടുക്കി കുട്ടി ആണ് നിഖില… അസൂയക്കാർക്ക് തകർക്കാൻ കഴിയാത്ത ആത്മവിശ്വാസം… അത് അഹങ്കാരമല്ല… വിനയമുള്ള വ്യക്തിത്വം കൂടിയാണ് നിഖില എന്നാണ് മന്ത്രി കമന്റ് ചെയ്തത്.
അതേസമയം, കഥ ഇന്നുവരെ ആണ് നിഖിലയുടെതായി ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളിൽ ആർ എഫ് ടി ആണ് ചിത്രം വിതരണം ചെയ്തത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോണാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. അശ്വിൻ ആര്യൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു മോഹൻ സ്‌റ്റോറീസും ഹാരിസ് ദേശവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.