Actress
മാധ്യമപ്രവർത്തകരോട് ധാർഷ്ട്യത്തോടെ പെരുമാറുന്നു; ഇവിടെ ആർക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ ഇങ്ങനെ പെരുമാറാൻ എന്ന് നടി ഗൗതമി നായർ
മാധ്യമപ്രവർത്തകരോട് ധാർഷ്ട്യത്തോടെ പെരുമാറുന്നു; ഇവിടെ ആർക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ ഇങ്ങനെ പെരുമാറാൻ എന്ന് നടി ഗൗതമി നായർ
പ്രേക്ഷകർക്കേറെ സുപരിചിതയാണ് ഗൗതമി നായർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്തിടെയായി ചില ആർട്ടിസ്റ്റുകൾ മാധ്യമപ്രവർത്തകരോട് ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നാണ് നടി പറയുന്നത്.
‘മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചിലർ വളരെ മോശമായാണ് പെരുമാറുന്നത്. ഇത്തരത്തലുള്ള കുറച്ച് വീഡിയോകൾ കണ്ടിരുന്നു. മാധ്യമങ്ങൾ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ ചോദ്യങ്ങൾ ചോദിക്കുന്നത്. ഇവിടെ ആർക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ ഇങ്ങനെ പെരുമാറാൻ എന്നാണ് ഗൗതമി പറയുന്നത്.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വിശദീകരണവമായും നടി എത്തിയിരുന്നു. മാധ്യമങ്ങൾ ഒരു തെറ്റും ചെയ്യാത്തവരാണെന്നോ മോശം ചോദ്യങ്ങൾ ചോദിക്കുന്ന ആരുമില്ലെന്നോ അല്ല താൻ പറയുന്നതെന്ന് ഗൗതമി പറഞ്ഞു. മറുപടി നൽകാൻ തീരുമാനിക്കുന്ന ചോദ്യങ്ങളോട് ബഹുമാനത്തോടെ ആ മറുപടി നൽകാവുന്നതാണെന്ന തന്റെ അഭിപ്രായമെന്ന് അവർ പറഞ്ഞു.
ഞാൻ ചില കാര്യങ്ങൾ കൂടി വ്യക്തമാക്കട്ടെ, മാധ്യമങ്ങൾ നിഷ്‌കളങ്കരാണെന്നല്ല ഞാൻ പറയുന്നത്. എന്നെ കുറിച്ച് ഈയടുത്ത് വരെ ക്ലിക്ക് ബൈറ്റ് രൂപത്തിലുള്ള വാർത്തകൾ വന്നിട്ടുണ്ട്. പല അഭിമുഖങ്ങളിലും മോശം ചോദ്യങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ ഏത് തരം ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത് എന്നതിലും എങ്ങനെയാണ് മറുപടി നൽകേണ്ടത് എന്നതിലും അൽപം ബഹുമാനം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും പഠിക്കാവുന്നതാണ് എന്നും ഗൗതമി പറയുന്നു.
ദുൽഖർ സൽമാൻറെ നായികയായി സെക്കൻറ് ഷോ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായർ. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ നായിക വേഷം ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ചാപ്റ്റേഴ്സ്, കൂതറ, മേരി ആവാസ് സുനോ, ക്യാംപസ് ഡയറി, 2018 തുടങ്ങി ഒരുപിടി സിനിമകളുടെയും ഭാഗമായി. ആന്റണി പെപ്പെയുടെ കൊണ്ടലാണ് ഏറ്റവും പുതിയ റിലീസ്.