നിർമ്മാതാവ് ജോണി സാഗരിഗയ്ക്ക് പൂട്ട് വീണു; 2.75 കോടി രൂപ വായ്പ വാങ്ങി ; അവസാനം വഞ്ചന!!!
By
മലയാളം, തമിഴ് ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ ജോണി സാഗരിഗ വഞ്ചനാക്കേസില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി നല്‍കിയ വഞ്ചന കേസിലാണ് നിർമ്മാതാവിനെതിരായ പൊലീസ് നടപടി.
കോയമ്പത്തൂരുകാരനായ ദ്വാരക് ഉദയകുമാറാണ് ജോണി സാഗരികയ്ക്കെതിരെ പരാതി നല്‍കിയത്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ കടം വാങ്ങിയെങ്കിലും തിരിച്ച് നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്. മറ്റൊരാളുടെ പേരില്‍ വിമാനയാത്ര നടത്താന്‍ ശ്രമിക്കവെയാണ് അറസ്റ്റുണ്ടാകുന്നതെന്നും റിപ്പോർട്ടുണ്ട്.
ജോണി സാഗരികയ്ക്കെതിരെ നേരത്തെ ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതേ തുടർന്ന് എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞ് വെക്കുകയും വിവരം കോയമ്പത്തൂർ പൊലീസിന് അറിയിക്കുകയുമായിരുന്നു.
രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് നിർമ്മാതാവ് അറസറ്റിലാകുന്നത്. അറസ്റ്റ് ചെയ്ത ജോണി സാഗരികയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, മില്ലേനിയം സ്റ്റാർസ്, മോസ് ആന്‍ഡ് ക്യാറ്റ്, ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് തുടങ്ങിയ ചിത്രങ്ങള്‍ ജോണി സാഗരികയാണ് നിർമ്മിച്ചത്.
