Connect with us

ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്, ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്; പ്രിയാമണി

Actress

ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്, ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്; പ്രിയാമണി

ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്, ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്; പ്രിയാമണി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയാമണി പ്രാധാന്യം നൽകുന്നു. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്.

2017 ലായിരുന്നു വിവാഹം. വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ‌ ന‌ടി ശ്രദ്ധാലുവാണ്. ഗ്ലാമറസ് റോളുകളോടും ഇന്റിമേറ്റ് രംഗങ്ങളോടും നടി നോ പറയുന്നു. തനിക്ക് ഇന്ന് ഭർത്താവും കുടുംബവുമുള്ളതിനാൽ ഇത്തരം റോളുകൾ ചെയ്യില്ലെന്നാണ് പ്രിയാമണി പറയുന്നത്. മുസ്തഫ രാജുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയാണിയിപ്പോൾ. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പ്രണയം മനോഹരമായ ഇമോഷനാണ്. എല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ക‌ട‌ന്ന് പോകുന്ന ഇമോഷൻ. അവസാനം നിങ്ങൾ നിങ്ങളുടെ യഥാർത്ഥ പങ്കാളിയെ കണ്ടെത്തുമ്പോഴുള്ള ഫീലിംഗ് തീർത്തും വ്യത്യസ്തമാണ്, മുസ്തഫയെ കണ്ടപ്പോൾ എനിക്കതാണ് തോന്നിയത്. ഒരു ഇവന്റിൽ വെച്ചാണ് കാണുന്നത്. ഇവന്റ് മാനേജരായിരുന്നു അദ്ദേഹം മുമ്പ്. ഒരുപാട് കോർപറേറ്റ് ഇവന്റുകളും സിനിമാ ഇവന്റുകളും ചെയ്തിട്ടുണ്ട്. അങ്ങനെയാെരു ഇവന്റിൽ വെച്ചാണ് കാണുന്നത്. ഞാനാണ് ആദ്യ മൂവ് നടത്തിയത്.

എനിക്ക്വളരെ ഇഷ്ടമാണെന്ന് പറഞ്ഞു. ആദ്യം മുസ്തഫ ഗൗരവത്തിലെടുത്തില്ല. സിനിമാ നടിയായതിനാലായിരുന്നു അത്. എന്നാൽ ഞാൻ ഇമോഷണൽ ബ്ലാക്ക്മെയിൽ നടത്തി. അത് വിജയിച്ചെന്നും പ്രിയാമണി പുഞ്ചിരിയോടെ പറഞ്ഞു. ഇപ്പോൾ ഭർത്താവ് യുഎസിലാണ്. അവിടെ വർക്ക് ചെയ്യുന്നു. കൊവിഡ് കാരണം ഇവന്റ് മാനേജ്മെന്റിന്റെ ഷോപ്പുകൾ അടച്ച് പൂട്ടേണ്ടി വന്നു. അതിൽ നിന്നും തീർത്തും വിപരീതമായ ഓയിൽ ആന്റ് ഗ്യാസ് മേഖലയിലാണ്. അത് നല്ല രീതിയിൽ പോകുന്നെന്നും പ്രിയാമണി വ്യക്തമാക്കി. ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്.

ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്. ഞങ്ങൾ രണ്ട് പേരും വർക്ക്ഹോളിക്സ് ആണ്. എന്റെ പ്രൊഫഷനിലും അദ്ദേഹം ശ്രദ്ധ കൊടുക്കുന്നു. സിനിമാ കരിയറിലെ ബിസിനസ് കാര്യങ്ങൾ മുസ്തഫയാണ് നോക്കുന്നത്. എന്തെങ്കിലുമുണ്ടെങ്കിൽ മുസ്തഫയെ വിളിക്കെന്ന് ഞാൻ പറയും. ഈ ഡെെനാമിക്കിൽ ഞാൻ വളരെ കംഫർട്ടബിൾ ആണ്.

ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായതിനാൽ എപ്പോഴും വിളിക്കാറുണ്ടെന്നും പ്രിയാമണി പറയുന്നു. എല്ലാ പത്ത് മിനുട്ടിലും വിളിക്കും. എല്ലാ കാര്യങ്ങളും പറയും. ഒന്നും മറച്ച് വെക്കില്ല. കമ്മ്യൂണിക്കേഷനാണ് പ്രധാനം. പലചരക്ക് ക‌ടയിൽ പോകുന്നുണ്ടെങ്കിൽ അതും മുസ്തഫയെ വിളിച്ച് പറയും. അത് പോലെ തന്നെയാണ് തിരിച്ചുമെന്നും പ്രിയാമണി പറയുന്നു. ഞങ്ങളുടെ ആദ്യ ഡേറ്റിംഗ് സാധാരണ പോലെയായിരുന്നുവെന്നും നടി പറഞ്ഞിരുന്നു.

ഭർത്താവിന് തന്റെ കരിയറിന് മേൽ നിയന്ത്രണം ഉണ്ടെന്ന് പ്രിയാമണി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമകളുടെ കഥ ഭർത്താവുമായി ചർച്ച ചെയ്യാറുണ്ടെന്നും നടി അന്ന് വ്യക്തമാക്കി. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ല എന്നത് മുസ്തഫയെ വിവാഹം കഴിച്ച ശേഷം എടുത്ത തീരുമാനമാണെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട ഉത്തരവാദിത്വം ആണതെന്ന് കരുതുന്നു. അത്തരം രംഗങ്ങൾ വന്നാൽ കംഫർട്ടബിൾ അല്ലെന്ന് തുറന്ന് പറയുമെന്നും താരം വ്യക്തമാക്കി.

അടുത്തിടെ ഹിസ് സ്‌റ്റോറി എന്ന സീരിസിൽ അഭിനയിക്കവെ ഇന്റിമേറ്റ് രംഗം ഒഴിവാക്കിയതിനെക്കുറിച്ചും പ്രിയാമണി സംസാരിച്ചിരുന്നു. സീരിസിൽ ഭർത്താവുമായുള്ള ഒരു ഇന്റിമേറ്റ് രംഗമുണ്ട്. കഥ പറയുമ്പോൾ സംവിധായകൻ ഈ രംഗത്തെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാൽ ഓൺസ്‌ക്രീനിൽ ചുംബിക്കാനോ മേക്കൗട്ട് ചെയ്യാനോ തയ്യാറല്ലെന്ന് കരാറിൽ എഴുതിയിട്ടുണ്ടെന്ന് വ്യക്തമാക്കി. കവിളിൽ ഒരു ചുംബനത്തിനപ്പുറം അത്തരത്തിലുള്ള ഒരു രംഗത്തിലും താൻ കംഫർട്ടബിൾ അല്ലെന്ന് പ്രിയാമണി അന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം മുൻ വിവാഹ ബന്ധത്തിൽ പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിന് രണ്ട് മക്കളുണ്ട്. ആയിഷ എന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യയുടെ പേര്. മുമ്പൊരിക്കൽ മുസ്തഫ രാജിനെതിരെ ആദ്യ ഭാര്യ ആയിഷ രംഗത്ത് വന്നിരുന്നു. മുസ്തഫ നിയമപരമായി ഇപ്പോഴും തന്റെ ഭർത്താവാണെന്നും ഡിവോഴ്‌സ് ഫയൽ ചെയ്തിട്ടില്ലെന്നും ആയിഷ വാദിച്ചു. ഇക്കാരണത്താൽ പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹ ബന്ധം നിലനിൽക്കില്ലെന്നും ആയിഷ പറഞ്ഞു. ആരോപണത്തിനെതിരെ മുസ്തഫ അന്ന് രംഗത്ത് വന്നു. തനിക്കെതിരെയുള്ള ആരോപണം കള്ളമാണെന്ന് മുസ്തഫ രാജ് വാദിച്ചു.

മക്കളുടെ ചെലവിനുള്ള പണം കൃത്യമായി ആയിഷയ്ക്ക് നൽകുന്നുണ്ട്. എന്നിൽ നിന്നും പണം കൈക്കലാക്കാനാണ് അവൾ ശ്രമിക്കുന്നത്. തനിക്കെതിരെ പരാതി ഉന്നയിക്കാൻ വിവാഹമോചനം നടന്ന് ഇത്രയും നാൾ കാത്തിരുന്നത് എന്തിനെന്നും മുസ്തഫ രാജ് അന്ന് ചോദിച്ചു. ആയിഷ ഇതിന് മറുപടിയും നൽകി. രണ്ട് മക്കളുടെ അമ്മയായ തനിക്ക് എന്ത് ചെയ്യാൻ പറ്റും. സമാധാനപരമായ പരിഹരിക്കാൻ ശ്രമിച്ചു. പക്ഷെ അത് നടക്കാത്തതിനാൽ ചില നടപടികൾ എടുക്കാൻ തീരുമാനിച്ചതാണെന്നും ആയിഷ അന്ന് വ്യക്തമാക്കി. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ അന്ന് പ്രിയാമണി തയ്യാറായില്ല.

അടുത്തിടെ തന്റെ വണ്ണം കുറിച്ചതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ഞാൻ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി. അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയത്. ചില ടെസ്റ്റുകൾ ചെയ്യാൻ ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. യൂട്രസിൽ ടിഷ്യൂകൾ വളരുന്ന എഡിനോമയോമയായിരുന്നു അത്. ആറ് സെന്റിമീറ്ററോളം വളർന്നതിനാൽ അത് നീക്കം ചെയ്യണം. ആറ് സെന്റി മീറ്റർ വളരെ വലുതാണെന്ന് ഡോക്ടർ പറഞ്ഞു. ഒരു കീ ഹോൾ സർജറി ചെയ്യണം.

സർജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷൻ സാധിക്കൂ എന്നതിനാൽ അതിന് വേണ്ടി മാത്രം ടാബ്ലെറ്റ് തന്നു. അത് ശരീര ഭാരം വല്ലാതെ കുറച്ചു. ഓപ്പറേഷൻ വിജയകരമായിരുന്നു. മുഴയുടെ 95 ശതമാനവും നീക്കി. ബാക്കിയുള്ള അഞ്ച് ശതമാനം അപകടകരമല്ല, ഒരുപക്ഷെ തിരിച്ച് വന്നേക്കാം എന്നും ഡോക്ടർ പറഞ്ഞു. യോഗയിലൂടെയും മറ്റുമാണ് താൻ ഫിറ്റ്‌നെസ് നിലനിർത്തുന്നതെന്നും വണ്ണം കുറയ്ക്കാൻ ലിപൊസക്ഷൻ പോലുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും പ്രിയാമണി വ്യക്തമാക്കി.

പഠിക്കുന്ന പ്രായത്തിൽ മോഡലായി പ്രവർത്തിച്ചു കൊണ്ടാണ് പ്രിയാമണി കരിയർ തുടങ്ങുന്നത്. പഠനത്തിന് ശേഷം പൂർണമായിട്ടും നടി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തമിഴ് സംവിധായകൻ ഭാരതിരാജ നടിയെ സിനിമാമേഖലയിലേക്ക് പരിചയപ്പെടുത്തിയത്. കൺകളാൽ കൈത് സൈ എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

കരിയറിന്റെ തുടക്കത്തിൽ ഭാരതിരാജ, ബാലുമഹേന്ദ്ര എന്നീ രണ്ട് മഹാരഥന്മാരുടെ സംവിധാനത്തിൽ അഭിനയിച്ച പ്രിയാമണി സിനിമാലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അങ്ങനെ സിനിമയിൽ സജീവമായി വരുന്നതിനിടയിലാണ് ആമിർ സംവിധാനം ചെയ്ത പരുത്തിവീരൻ എന്ന സിനിമയിലൂടെ പ്രിയാമണിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ദേശീയ അവാർഡ് ലഭിച്ചതോടെ കൂടുതൽ സിനിമയിലേക്ക് അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് നടിയ്ക്ക് നേരിടേണ്ടതായി വന്നത്. ഒന്നു രണ്ടു സിനിമകളിലേക്ക് മാത്രമാണ് നല്ല അവസരങ്ങൾ വന്നത്. ഈ കാലയളവിൽ തെലുങ്കിലും നടി അഭിനയിച്ചു.

ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നേരിന് ശേഷം നടി ചെയ്ത മലയാള സിനിമയാണിത്. ഏറെക്കാലത്തിന് ശേഷമാണ് പ്രിയാമണി വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്യുന്നത്. നേരും ഓഫീസർ ഓൺ ഡ്യൂട്ടിയും മികച്ച വിജയം നേടിയ സിനിമകളാണ്. മലയാളത്തിൽ എപ്പോഴും ഹിറ്റ് സിനിമകൾ പ്രിയാമണിക്ക് ലഭിച്ചിട്ടുണ്ട്.

വളരെ ലളിതമായി നടത്തിയ വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഗ്യാപ്പ് എടുത്തു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് പ്രിയാമണി. കൈനിറയെ സിനിമകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടി ചെയ്തത്. മലയാളത്തിൽ മോഹൻലാലിനൊപ്പം നേര് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഷാരൂഖ് ഖാനൊപ്പം ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അഭിനയിച്ചു. മാത്രമല്ല തെലുങ്കിലും തമിഴിലുമൊക്കെ പ്രിയാമണി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകൾ കഴിഞ്ഞ വർഷങ്ങളിലായി പുറത്തിറങ്ങി. മാത്രമല്ല ഇത്രയധികം സിനിമകളിൽ അഭിനയിച്ചതിലൂടെയും മോഡലിങ് ചെയ്തുമൊക്കെ ഏകദേശം 60 കോടി രൂപയുടെ ആസ്തി നടിയ്ക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഒരു സിനിമയ്ക്ക് രണ്ട് കോടി വരെയാണ് നടിയിപ്പോൾ പ്രതിഫലമായി വാങ്ങിക്കുന്നതെന്നാണ് സൂചന. ഇതിന് പുറമേ ബാംഗ്ലൂരിൽ വലിയൊരു വീടും സ്വന്തമായിട്ടുണ്ട്. ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും വീടുകളുണ്ട്. ഔഡി എ3, ബെൻസ് ജിഎൽഎസ് 350 ഡി തുടങ്ങിയ ആഡംബര കാറുകളും പ്രിയാമണിയ്ക്കുണ്ട്.

2004 ൽ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തിൽ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്‌തെങ്കിലും നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 2008 ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളിൽ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചർച്ചയാവുന്നുണ്ട്.

2003 മുതൽ പ്രിയ സിനിമയിൽ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളു. എന്നാൽ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാൻ വെബ് സീരിസിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.

More in Actress

Trending

Recent

To Top