Actor
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശം; ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശം; ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
നടന്‍ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണ പ്രസാദിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് താരം പരാതിയുമായി വന്നത്. ഈ വിഷയത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നു എന്നായിരുന്നു നടന്റെ പരാതി.
താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. നടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബര്‍ പൊലീസ് കൃഷ്ണ പ്രസാദിനെ കസ്റ്റഡിയിലെടുത്തത്.
മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനം പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. ചിത്രത്തിനെതിരേ കടുത്ത വിമര്‍ശനവുമായി നടന്‍ ഇടവേള ബാബു രംഗത്ത് വന്നിരുന്നു.
സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാല്‍ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ? എന്നാണ് ഇടവേള ബാബു ചോദിച്ചത്.