‘ജയ് ശ്രീരാം’ വിളികളുമായി എത്തി തിയേറ്റര്‍ അടിച്ചു തകര്‍ത്ത് പ്രതിഷേധക്കാര്‍
ബോക്‌സോഫീസില്‍ ‘പത്താന്‍’ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. മുംബൈയിലാണ് സംഭവം. മുംബൈയിലെ മിര റോഡിലുള്ള തിയേറ്ററിലേക്ക് കാവിക്കൊടിയുമായി ‘ജയ് ശ്രീരാം’ വിളികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.
തിയേറ്ററുകള്‍ക്ക് മുന്നിലെത്തുകയും പുറത്തുള്ള പത്താന്റെ പോസ്റ്ററുകളും ഫഌ്‌സുകളും നശിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ തടഞ്ഞതിനാല്‍ ഇവര്‍ക്ക് തിയേറ്ററുള്ളിലേക്ക് കയറാന്‍ പറ്റിയില്ല. അതേസമയം, പൈറസി, സംഘപരിവാര്‍ വിവാദങ്ങള്‍ക്കും ഇടയിലാണ് പത്താന്റെ ചരിത്ര നേട്ടം.
ചിത്രത്തിലെ ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ നായിക ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതായിരുന്നു സംഘപരിവാര്‍, ഹിന്ദു സംഘടനകള്‍ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനങ്ങളുമായി എത്താന്‍ കാരണമായത്.
ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം 429 കോടി കളക്ഷന്‍ ആണ് ആഗോളതലത്തില്‍ നിന്നും നേടിയത്. നാല് വര്‍ഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. നടന്റേതായി ഇതിന് മുമ്പ് റിലീസ് ചെയ്ത ‘സീറോ’ എന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും ആകെ കളക്ട് ചെയ്തത് 193 കോടിയായിരുന്നു.
എന്നാല്‍ പത്താന്‍ ആദ്യദിനം തന്നെ 100 കോടിയാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കളക്ഷനാണിത്. കേരളത്തിലും ചിത്രം കോടികളാണ് വാരുന്നത്. രണ്ട് ദിവസം കൊണ്ട് 3.75 കോടിയാണ് പത്താന്റെ ഗ്രോസ് കലക്ഷന്‍.
