News
ഗസല്‍ ഗായകന് പദ്മശ്രീ പങ്കജ് ഉധാസ് അന്തരിച്ചു
ഗസല്‍ ഗായകന് പദ്മശ്രീ പങ്കജ് ഉധാസ് അന്തരിച്ചു
ഗസല്‍ ഗായകനും പത്മശ്രീ പുരസ്കാര ജേതാവുമായ പങ്കജ് ഉധാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മകള്‍ നയാബ് ഉധാസ് ആണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്.
1951 മെയ് 17ന് ഗുജറാത്തിലെ ജെറ്റ്പൂരില്‍ ജനിച്ച ഉധാസിന്റെ സംഗീത യാത്ര ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് മന്‍ഹര്‍ ഉധാസ് ബോളിവുഡിലെ പിന്നണി ഗായകനായിരുന്നു. 1980ല്‍ അദ്ദേഹം തന്റെ ആദ്യ ഗസല്‍ ആല്‍ബമായ ‘അഹട്’ പുറത്തിറക്കി. പിന്നീടങ്ങോട്ട് കരിയറില്‍ വലിയ ഉയര്‍ച്ചയാണ് പങ്കജിനുണ്ടായത്.
ഗസലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അദ്ദേഹം ഒരു മുന്‍നിരക്കാരനായി മാറി. ‘നാം’ (1986) എന്ന ചിത്രത്തിലെ ‘ചിഠി ആയ് ഹേ’, ‘ആ ഗലേ ലഗ് ജാ’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയിലെ പ്രമുഖ ഗസല്‍ ഗായകരില്‍ ഒരാളെന്ന നിലയില്‍ അരക്കിട്ടുറപ്പിച്ചു.
മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഗസല്‍ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ എന്നിവയുള്‍പ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങള്‍ അദ്ദേഹത്തെത്തേടിയെത്തി.
ഗസല്‍ സംഗീതം ആരാധകരുടെ ഹൃദയത്തില്‍ പകര്‍ത്തിയ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. ഗസല്‍ സംഗീതത്തെ സാധാരണക്കാരിലേക്ക് അതിമനോഹരമായി പകര്‍ന്നേകാന്‍ സാധിച്ചു എന്നതായിരുന്നു പങ്കജ് ഉധാസിന്റെ ഏറ്റവും വലിയ മികവ്. പങ്കജ് ഉധാസിന്റെ അന്ത്യത്തില്‍ രാഷ്ട്രീയ സാസ്കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അനുസ്മരിച്ചു.
പങ്കജ് ഉധാസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. സംഗീത ലോകത്തിനു നികത്താനാകാത്ത നഷ്ടമെന്നാണ് നരേന്ദ്രമോദി അനുശോചന കുറിപ്പില്‍ പറഞ്ഞത്. തലമുറകള്‍ നെഞ്ചേറ്റിയ ഈണങ്ങളായിരുന്നു പങ്കജിന്റേതെന്നും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ.
