News
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു പാക് ചിത്രം; റിലീസ് നീട്ടിയതായി വിവരം
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു പാക് ചിത്രം; റിലീസ് നീട്ടിയതായി വിവരം
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പാക് ചലച്ചിത്രം റിലീസിനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 30ന് പ്രദര്‍ശനം ആരംഭിക്കാനിരുന്ന ‘ലെജന്‍ഡ് ഓഫ് മൗലാ ജത്’ എന്ന സിനിമയുടെ റിലീസ് തീയതി അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ചിത്രം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ ഇനോക്‌സിന്റെ വക്താവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
കൂടാതെ ബിലാല്‍ ലഷാരി സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും ഇനോക്‌സ് വ്യക്തമാക്കി. ഒക്ടോബര്‍ 13ന് പാകിസ്താനില്‍ റിലീസ് ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ചിത്രം ഇതിനോടകം ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി നേടിക്കഴിഞ്ഞു.
പാക് സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ ഞെട്ടിച്ച ചിത്രം ഒരു പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ വിലക്ക് ഒഴിവാക്കുമെന്ന പ്രതീക്ഷക്കിടെയാണ് റിലീസ് നീട്ടല്‍. 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക് ചിത്രങ്ങള്‍ക്കും കലാകാരന്‍മാര്‍ക്കും ക്രിക്കറ്റ് ടീമിനും വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 2016ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക് കലാകാരന്‍മാര്‍ പൂര്‍ണമായും ബോളിവുഡില്‍ നിന്ന് അകലുന്ന സ്ഥിതിയുണ്ടായി.
ചിത്രം പഞ്ചാബിലും ഡല്‍ഹിയിലെ കുറച്ച് തിയറ്ററുകളിലും ഇനോക്‌സില്‍ ലഭിക്കുമെന്ന് ഇനോക്‌സിന്റെ പ്രോഗ്രാമിംഗ് ഓഫീസര്‍ രാജേന്ദര്‍ സിംഗ് ജ്യാല ഡിസംബര്‍ 26ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തന്റെ പാര്‍ട്ടി അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് അമേയ ഖോപ്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1979 ലെ കള്‍ട്ട് ക്ലാസിക് ലോളിവുഡ് ചിത്രമായ മൗലാ ജാട്ടിന്റെ റീമേക്കാണ് ഇത്.
ഫവാദ് ഖാനെ കൂടാതെ ഹംസ അലി അബ്ബാസി, മാഹിറ ഖാന്‍, ഹുമൈമ മാലിക്, ഗോഹര്‍ റഷീദ്, ഫാരിസ് ഷാഫി, ഷഫ്ഖാത് ചീമ, സൈമ ബലോച് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നസീര്‍ അദീപ്, ബിലാല്‍ ലഷാരി എന്നിവരുടേതാണ് തിരക്കഥ. ഗോത്രയുദ്ധ വീരന്റെ കഥയാണിത്.