അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം… തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്
By
ഹാപ്പിംഗ് വെഡ്ഡിംഗ് , ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധായകനാകുന്ന ചിത്രമാണ് ‘ധമാക്ക’. സിനിമാ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തിടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. പതിവ് പോലെ തന്റെ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് വലിയ താരം അല്ലെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. പിന്നാലെ ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ ആണ് തന്റെ നായകനാവുന്നതെന്ന കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ ഒമർ വ്യക്തമാക്കിയത്.
മോഹന്‍ലാലിനൊപ്പം ഒളിംപ്യന്‍ അന്തോണി ആദം തുടങ്ങി ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അരുണ്‍. ഒമര്‍ ലുലുവിനൊപ്പം ഒരു അഡാറ് ലവ് എന്ന ചിത്രത്തിലും അരുണ്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അരുണ്‍ നായകനാവുന്ന കാര്യം പുറത്ത് വന്നതോടെ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി നൂറിന് ഷെരീഫ്. അഡാറ് ലവില്‍ തിരക്കഥ തിരുത്തിയപ്പോള്‍ അരുണിന്റെ കഥാപാത്രത്തിന്റെ പ്രധാന്യം നഷ്ടപ്പെട്ടതിനെ കുറിച്ചും നൂറിന് സൂചിപ്പിച്ചിരിക്കുകയാണ്. നൂറിന്റെ വാക്കുകൾ ഇങ്ങനെ…
ധമാക്കയില്‍ അരുണ്‍ ചേട്ടനാണ് നായകന് എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം . അഡാറ് ലവില്‍ തിരക്കഥ മാറ്റിയപ്പോള്‍ മുന്‍പുണ്ടായിരുന്ന പ്രാധാന്യം അരുണ്‍ ചേട്ടന്റെ കഥാപാത്രത്തിന് കിട്ടാതെ പോയപ്പോള്‍ ഒരുപാട് വിഷമം ഉണ്ടായിരുന്നു.ഇപ്പോള്‍ വൈകിയെത്തിയ ഈ അര്‍ഹതയ്ക്കുള്ള അവസരം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
അരുൺ ആണ് നായകനെന്ന് പറഞ്ഞപ്പോൾ ആദ്യം നിർമാതാവ് പിന്മാറിയെന്ന് ഫേസ്ബുക്കിലൂടെ ഒമർ ലുലു തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രോജക്ട് തുടങ്ങിയത് ചങ്ക്സ് ടീമിനെ കാസ്റ്റ് ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി. ഒരു കളർഫുൾ കോമഡി എന്റർടെയ്നർ ഒരുക്കുന്നതിനായി അത്യാവശ്യം വലിയ ബജറ്റ് ചിത്രത്തിന് ആവശ്യമായിരുന്നു. അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുൺ എന്ന കാരണം കൊണ്ട് മുൻപ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം എം.കെ. നാസർ എന്ന പ്രൊഡ്യൂസർ അരുണിനെ നായകനായി ധമാക്ക ചെയ്യാൻ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒമർ നന്ദിയും പറഞ്ഞിരുന്നു.
അരുണിന്റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറച്ചൊക്കെ ചെയ്തെങ്കിലും ,ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല .അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് താൻ വിശ്വസിക്കുന്നതായും ഒമർ പറഞ്ഞു.
പ്രിയം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ സിനിമകളില്‍ ബാലതാരമായെത്തിയ അരുണിനെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഭാവിയില്‍ ഈ താരവും നായകനായി അരങ്ങേറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. സ്പീഡ് ട്രാക്ക്, സൈക്കിള്‍, മുദ്ദുഗൗ തുടങ്ങിയ സിനിമകളിലും അരുണ്‍ വേഷമിട്ടിരുന്നു. എന്നായിരിക്കും താരം നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. നേരത്തെ അഡാര്‍ ലവില്‍ നായകനാവാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും അന്ന് നഷ്ടമായ അവസരമാണ് ഇപ്പോള്‍ ധമാക്കയിലൂടെ അരുണിനെ തേടിയെത്തിയിട്ടുള്ളത്.
noorin shereef
