ഒരുപാട് സിനിമയിൽ ഉണ്ടെങ്കിലും കാണുന്നവർക്ക് ഞങ്ങളുടെ കോമ്പോ ബോറടിക്കുന്നില്ലെന്ന് കേൾക്കുമ്പോൾ സന്തോഷം; ആ നടനെ കുറിച്ച് മീന
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടിയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂർച്ഛിച്ചതോടെയാണ് വിദ്യാസാഗർ മരണപ്പെട്ടത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മകൾ നൈനികയുടെയും അമ്മയുടെയും സുഹൃത്തുക്കളുടെയും സാമീപ്യമാണ് വിഷമഘട്ടത്തിൽ മീനയ്ക്ക് ആശ്വാസമായി നിന്നത്. ഇപ്പോൾ സിനിമയില് സജീവമായിക്കൊണ്ടിരിക്കുകയാണ് താരം.
മോഹൻലാലിനൊപ്പവും ഒരുപിടി മികച്ച ചിത്രങ്ങളിൽ മീന ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് മീന. ആദ്യ ചിത്രം മുതൽ താനും മോഹൻലാലും അടുത്ത സുഹൃത്തുക്കളെപ്പോലെയാണെന്ന് ആണ് മീന പറയുന്നത്.
മലയാളത്തിൽ ലാൽ സാറിന്റെ കൂടെയാണ് ഏറ്റവും കൂടുതൽ തവണ നായികയായിട്ടുള്ളത്. എല്ലാ സിനിമയിലും ഞങ്ങളുടെ കോമ്പോ ഞാൻ വളരെയധികം എൻജോയ് ചെയ്യാറുണ്ട്. ഒരുപാട് സിനിമയിൽ ഉണ്ടെങ്കിലും കാണുന്നവർക്ക് ഞങ്ങളുടെ കോമ്പോ ബോറടിക്കുന്നില്ലെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.
ഞാനും ലാൽ സാറും ആദ്യമായി ഒന്നിച്ച സിനിമ മുതൽ ഇങ്ങോട്ട് ഞങ്ങൾ രണ്ടും നല്ല സൗഹൃദത്തിലാണ്. ഏറ്റവും ലാസ്റ്റ് ലാൽ സാറിന്റെ കൂടെ ചെയ്ത ബ്രോ ഡാഡിയും നല്ല എക്‌സ്പീരിയൻസായിരുന്നു. ആ സിനിമയിൽ പൃഥ്വിയുടെ അമ്മയുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ പൃഥ്വി എന്നെ കൺവിൻസ് ചെയ്തു. ഇപ്പോൾ ആ സിനിമ കാണുമ്പോൾ ഞാനും പൃഥ്വിയും അമ്മയും മകനുമാണെന്ന ഭാഗം കല്ലുകടിയായി തോന്നുന്നില്ല എന്നും മീന പറഞ്ഞു.
അതേസമയം, നടി രണ്ടാമതും വിവാഹിതയാകുന്നുവെന്ന തരത്തിലും വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെയാണ് രണ്ടാംവിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ പുറത്തുവന്നിരുന്നത്. പ്രമുഖ തമിഴ് നടൻ ധനുഷ് ഉൾപ്പെടെയുള്ളവരെ ചേർത്തായിരുന്നു പല കഥകളും പ്രചരിച്ചിരുന്നത്. ധനുഷ് മാത്രമല്ല വേറെയും നിരവധി കഥകൾ വന്നിട്ടുണ്ടെന്നും നടി പറയുന്നു.
ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേർത്ത് അങ്ങനൊരു വാർത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവർ പറയട്ടെ. ധനുഷിന്റെ മാത്രമല്ല വേറെയും ഒരുപാട് ആളുകളുമായി ചേർത്ത് എന്റെ പേരിൽ ഗോസിപ്പുകൾ വരുന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ഇടയ്ക്ക് തമാശയായിട്ടും തോന്നും. ഇത്തരം കാര്യങ്ങൾ ഉള്ളതിനാൽ മീഡിയയുടെ ഇടയിൽ നിന്നും കുറച്ച് കാലം ഞാൻ മാറി നിന്നിരുന്നുവെന്നും നടി പറഞ്ഞിരുന്നു.
വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ച് വരാൻ തനിക്ക് മടിയുണ്ടായിരുന്നു. എന്നാൽ സാഗർ പ്രോത്സാഹിപ്പിച്ചു. സാഗറിന്റെ സമ്മതം ഇല്ലായിരുന്നെങ്കിൽ തനിക്കിതൊന്നും സാധിക്കില്ലായിരുന്നു. നൈനിക പിറന്ന ശേഷം ദൃശ്യം സിനിമയുടെ ഓഫർ വന്നു. ചെയ്യണോ എന്ന് തോന്നി. ഇനിയും വർക്ക് ചെയ്യണോ എന്ന് സാഗർ ചോദിച്ചാലോ എന്ന് കരുതി. എന്നാൽ സാഗർ കൂളായിരുന്നു. നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തോ എന്നാണ് ഭർത്താവ് പറഞ്ഞതെന്നും മീന പറഞ്ഞിരുന്നു.
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടൻ ശിവാജി ഗണേശൻ നായകനായ ‘നെഞ്ചകൾ’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വർഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത.
