News
പൃഥ്വിരാജിനെതിരെയുള്ള ഈ നീക്കം സാംസ്കാരിക കേരളത്തിന് അപമാനം, നടന് പൂർണ്ണ പിന്തുണ നൽകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം
പൃഥ്വിരാജിനെതിരെയുള്ള ഈ നീക്കം സാംസ്കാരിക കേരളത്തിന് അപമാനം, നടന് പൂർണ്ണ പിന്തുണ നൽകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം
ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരായ സംഘപരിവാർ സൈബർ ആക്രമണത്തിനെതിെര ഡി.വൈ.എഫ്.ഐ രംഗത്ത്. പൃഥ്വിരാജിനെതിരായ സംഘപരിവാർ നീക്കം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും നടന് പൂർണ്ണ പിന്തുണ നൽകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം വ്യക്തമാക്കി.
ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ടെന്നും ആര്.എസ്.എസിനെ ഭയന്ന് പൃഥ്വിരാജ് നിലപാടില്‍ നിന്ന് പിന്മാറില്ലെന്ന് കരുതുന്നതായും റഹീം കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് നടൻ പൃഥ്വിരാജ്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടന്നത്.
ഇതിനിടെയിൽ താരത്തെയും കുടുംബത്തെയും അക്ഷേപിച്ച് ജനം ടിവിയുടെ ലേഖനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയത്
അച്ഛന് സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം എന്ന് ലേഖനത്തില്‍ പറയുന്നു.. ലക്ഷദ്വീപിനു വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നായിരുന്നു ലേഖനത്തിലെ പരാമർശം.
ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ ചാനൽ വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയതിനെ തുടർന്ന് പ്രതിഷേധം ആളിക്കത്തുകയാണ്. ചാനൽ തങ്ങളുടെ ഒഫിഷ്യൽ ഫേസ്ബുക്ക് ഹാൻഡിലിൽ നിന്ന് കുറിച്ച വാക്കുകൾ അങ്ങേയറ്റം നീചവും യുക്തിരഹിതവുമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം വിവാദമായതോടെ ചർച്ചയായി മാറിയ ലേഖനം ചാനൽ പിൻവലിക്കുകയും ചെയ്തു.
