News
എ.ആര്‍ റഹ്‌മാന്‍ ഷോ വിവാദം: സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
എ.ആര്‍ റഹ്‌മാന്‍ ഷോ വിവാദം: സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
എ.ആര്‍ റഹ്‌മാന്‍ ഷോ വിവാദം വീണ്ടും ചൂട് പിടിയ്ക്കുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീത നിശയ്ക്ക് അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വില്‍പന നടത്തിയെന്ന പരാതിയില്‍ സംഘാടകര്‍ക്കെതിരെ കേസ്. താംബരം പോലീസാണ് കേസെടുത്തത്. കഴിഞ്ഞ 10ന് നടന്ന ‘മറക്കുമാ നെഞ്ചം’ എന്ന പരിപാടി സംഘടിപ്പിച്ച എസിടിസി ഈവന്റ്‌സിന് എതിരെയാണ് കേസ്.
വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ പരാതികള്‍ എത്തിയതോടെ ഡിജിപി ശങ്കര്‍ ജീവാളാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. താംബരം കമ്മിഷണര്‍ എ.അമല്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
20,000 ടിക്കറ്റ് മാത്രം വില്‍ക്കാന്‍ അനുവാദമുണ്ടായിരിക്കെ 40000ലേറെ ടിക്കറ്റ് വിറ്റെന്നും കണ്ടെത്തിയിരുന്നു. ഉയര്‍ന്ന നിരക്കിലെ ടിക്കറ്റുമായി പോലും കച്ചേരി വേദിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ നിരവധി ഉപയോക്താക്കള്‍ സംഘാടകരെ വിളിക്കുകയും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.നിരവധി സ്ത്രീകള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടിരുന്നു. എസിടിസി കമ്പനി എംഡി ഹേമനാഥ് രാജയെയും മറ്റ് രണ്ട് പേരെയും പൊലീസ് അന്വേഷണത്തിനായി വിളിച്ചു വരുത്തിയിരുന്നു.