News
കോപ്പിയടി ഒരു സമരമാര്‍ഗമായി നമ്മള് അംഗീകരിച്ചതാണ്…വിപ്ലവം എന്നാല്‍ നിലവിലുള്ള സമ്പ്രദായങ്ങളെ തകര്‍ത്ത് മുന്നേറുക തന്നെയാണ്; ജോയ് മാത്യു
കോപ്പിയടി ഒരു സമരമാര്‍ഗമായി നമ്മള് അംഗീകരിച്ചതാണ്…വിപ്ലവം എന്നാല്‍ നിലവിലുള്ള സമ്പ്രദായങ്ങളെ തകര്‍ത്ത് മുന്നേറുക തന്നെയാണ്; ജോയ് മാത്യു
മുൻ എസ്.എഫ്.ഐ നേതാവുകൂടിയായ വിദ്യ വ്യാജരേഖ സമർപിച്ച് ഗസ്റ്റ് ലക്ചറർ ജോലി തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിടെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളെ പരിഹസിച്ചു കൊണ്ടുള്ള കുറിപ്പാണ് ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കോപ്പിയടി ഒരു സമരമാര്‍ഗമായി നമ്മള് അംഗീകരിച്ചതാണെന്ന് നടന് പറയുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ്:
ഇതൊക്കെ ഒരു തെറ്റാണോ? കോപ്പിയടി ഒരു സമരമാര്‍ഗമായി നമ്മള് അംഗീകരിച്ചതാണ്. വാഴക്കുല മുതല്‍ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാല്‍ നിലവിലുള്ള സമ്പ്രദായങ്ങളെ തകര്‍ത്ത് മുന്നേറുക തന്നെയാണ്. അല്ലെങ്കില്‍ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത്? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂര്‍ഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്.
അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസ്സാകുന്ന എല്ലാ വിഡ്ഢികള്‍ക്കും നല്ല നമസ്കാരം. മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികള്‍ എന്ന ഹതഭാഗ്യജന്മങ്ങള്‍ ഇന്‍ക്വിലാബ് സിന്ദാബാ….ബാ….
പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉണ്ടാക്കി ഒരു കോളേജിൽ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം.
