Actress
സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നു… യഥാര്‍ഥ ഇരയാണെങ്കില്‍ അതിന് സാധിക്കില്ല, വിവാദ പരാമർശവുമായി മംമ്ത, അതിജീവിതമാരെ അധിക്ഷേപിച്ചു
സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നു… യഥാര്‍ഥ ഇരയാണെങ്കില്‍ അതിന് സാധിക്കില്ല, വിവാദ പരാമർശവുമായി മംമ്ത, അതിജീവിതമാരെ അധിക്ഷേപിച്ചു
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയായാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. ഈ മാസം 15നകം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും സിനിമ മേഖലയിലുള്ളവർ രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടി എല്ലാക്കാലത്തും ഇരയാവാൻ നിൽക്കരുതെന്നാണ് നടി മംമ്ത മോഹൻദാസ് പറയുന്നത്. ആ സംഭവത്തിൽ നിന്ന് പുറത്ത് കടന്ന് ഉയർന്ന് വരാൻ തയാറാവണം. ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടിയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുണ്ടെന്നും മംമ്ത പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ട്.ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എല്ലാക്കാലത്തും ഇരയാകാന്‍ നില്‍ക്കരുത്. ആ സംഭവത്തില്‍ നിന്ന് പുറത്തു കടന്ന് ഉയര്‍ന്നുവരാന്‍ തയ്യാറാകണം. സിനിമ മേഖലയിലെ ചൂഷണങ്ങൾക്ക് രണ്ടു പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണമെന്നും താന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.
ഞാനിപ്പോള്‍ സംസാരിക്കാന്‍ പോകുന്ന ആളുടെ പള്‍സ് എന്താണ്? എനര്‍ജി എന്താണ്? അയാളെങ്ങനെയാണ് എന്നെ നോക്കുന്നത്? എന്നൊക്കെ വീക്ഷിക്കാനും പരാതി നല്‍കാനുമുള്ള ബുദ്ധിയുണ്ടെങ്കില്‍ ഇതൊക്കെ നേരത്തെ മനസിലാക്കിയെടുക്കാനുള്ള ബുദ്ധി ഒരു പെണ്‍കുട്ടിക്കുണ്ട്. ഞാനൊരു ഇരയാണ് എന്ന് എപ്പോഴും പറഞ്ഞുനടന്നാല്‍ വീണ്ടും പഴയ സാഹചര്യം ഉണ്ടാകും. ഒരു ദുര്‍ബലമായ പൊസിഷനിലാണ് നമ്മളെ വച്ചിരിക്കുന്നത്. അവിടെ നിന്നും ഉയരുകയാണ് വേണ്ടത്. അതൊക്കെ അതിജീവിച്ചാണ് ഞാനും ഇവിടെ നില്‍ക്കുന്നത്. യഥാര്‍ഥ ഇരയാണെങ്കില്‍ അവര്‍ക്ക് പെട്ടെന്നൊന്നും സമൂഹത്തോട് തുറന്നു പറയാന്‍ സാധിക്കില്ല. കാരണം അതിന് കുറെ ഇമോഷണലായ കാര്യങ്ങളുണ്ട്. യഥാര്‍ഥ ഇരയാണെങ്കില്‍ മാത്രം…മംമ്ത പറഞ്ഞു. വല്ലപ്പോഴുമാണ് അമ്മയുടെ മീറ്റിംഗിന് പോകുന്നത്. ഒരിക്കല്‍ അവരുടെ വനിതാദിനാഘോഷത്തില്‍ പങ്കെടുക്കാനിടയായി. എന്തൊരു മനോഹരമായ പരിപാടിയായിരുന്നു അത്…മംമ്ത പറഞ്ഞു.
മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യു.സി.സിക്കെതിരെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവർ കൂട്ടത്തിലുണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണെന്നും മംമ്ത പറഞ്ഞു.