Malayalam
ക്യാമറയുടെ മുന്നിലെത്തുന്ന ആ നിമിഷം ആ മോനെ വിളി മാറി സാര്‍ എന്നാകും, ‘സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്’ എന്നാണ് ലാലേട്ടന് ചോദിക്കുന്നത്; പൃഥ്വിരാജ്
ക്യാമറയുടെ മുന്നിലെത്തുന്ന ആ നിമിഷം ആ മോനെ വിളി മാറി സാര്‍ എന്നാകും, ‘സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്’ എന്നാണ് ലാലേട്ടന് ചോദിക്കുന്നത്; പൃഥ്വിരാജ്
ഒരു നടന് എന്ന നിലയില്‍ മോഹന്‍ലാലില്‍ നിന്ന് പഠിക്കാന്‍ നിരവധിയുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. സെറ്റിലിരുന്ന് തങ്ങളോട് തമാശ പറയുമ്പോഴുള്ള ആളല്ല സ്ക്രീനിന് മുന്നിലെ മോഹന്‍ലാല്‍ എന്നും അദ്ദേഹത്തിന് എല്ലാകാര്യങ്ങളെ കുറിച്ച് അറിയുമെങ്കിലും സംവിധായകന് വേണ്ടതെന്താണോ അത് അദ്ദേഹം ചോദിച്ച് മനസിലാക്കി കൃത്യമായ റിസള്‍ട്ട് നല്‍കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
അദ്ദേഹത്തെ പോലെ സിനിമയ്ക്ക് സമര്‍പ്പണ മനോഭാവമുള്ള നടനെ കാണ്ടെത്താന്‍ പ്രയാസമാണെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാല്‍ സാറിനെ പോലെ ഒരു നടനെ വെച്ച് സിനിമ സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിനെ സംരക്ഷിക്കാന്‍ വേണ്ടി സ്ക്രിപ്റ്റില്‍ എന്തൊക്കെയാണ് ചെയ്യാറുള്ളത് എന്ന് ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
‘മോഹന്‍ലാല്‍ സാറിനെ പോലെ, തന്റെ സംവിധായകന്റെ ആഗ്രഹവും വാക്കും പാലിച്ചുകൊണ്ട് സ്വയം സമര്‍പ്പിക്കുന്ന മറ്റൊരു നടനെയും കാണാന്‍ സാധിക്കില്ല, ഇത് ഞാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ വിശ്വസിച്ചെന്ന് വരില്ല, ലൊക്കേഷനില്‍ ഞങ്ങള്‍ തമാശകള്‍ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്യാറുണ്ട്, അപ്പോഴൊക്കെ അദ്ദേഹം എന്നെ മോനെ എന്ന് വിളിച്ചാണ് സംസാരിക്കാറുള്ളത്.
എന്നാല്‍ ക്യാമറയുടെ മുന്നിലെത്തുന്ന ആ നിമിഷം ആ മോനെ വിളി മാറി സാര്‍ എന്നാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന് എല്ലാത്തിനെ കുറിച്ചും അറിവ് ഉണ്ടാകും ഏത് ഷോട്ടാണ് എടുക്കേണ്ടത് എന്നും ക്യമാറ ട്രാക്കിലാണ് എങ്കില്‍ അതൊരു മൂവിങ് ഷോട്ട് ആണ് എന്നുമൊക്കെ മനസിലാക്കാന്‍ അറിയാം. എന്നിരുന്നാലും അദ്ദേഹം സംവിധായകനോട് ചോദിക്കും, ‘സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്’ എന്ന്.
ശേഷം സംവിധായകന് എന്താണ് വേണ്ടത് എന്ന് അദ്ദേഹം ഇരുന്ന് കേള്‍ക്കും, അത് അദ്ദേഹം അതേ പോലെ നമുക്ക് ചെയ്ത് തരും. ഒരു നടന് എന്ന നിലയില്‍ എനിക്ക് അദ്ദേഹം വളരെ വലിയ പാഠമാണ്, കാരണം എനിക്ക് മനസിലായി മോഹന്‍ലാല്‍ സാര്‍ എന്താണ് എനിക്ക് നല്‍കുന്നത് അതാണ് ഞാന്‍ എന്റെ സംവിധായകന് കൊടുക്കേണ്ടത്, എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
