general
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്, പത്ത് ദിവസത്തിനുള്ളില്‍ വിധി എത്തും; മോഹന്‍ലാലിന് നിര്‍ണായക ദിവസങ്ങള്‍
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്, പത്ത് ദിവസത്തിനുള്ളില്‍ വിധി എത്തും; മോഹന്‍ലാലിന് നിര്‍ണായക ദിവസങ്ങള്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്.
എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിധി പറയാന്‍ മാറ്റിയിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ വിധി പറയും. ആനക്കൊമ്പുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്പാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്.
ഈ കേസ് ഇനി തുടരുന്നതില്‍ കാര്യമില്ല. അതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ വച്ച് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു കണ്ടെത്തിയത്.
അതേസമയം, റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലിന് ആനക്കൊമ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു എന്നുള്ള തെളവ് പരാമര്‍ശിച്ചിരുന്നു. കേസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലുള്ളത്. ആനക്കൊമ്പ് കൈവശം വച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
കേസ്് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഡിസംബറില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദത്തിനെതിരെയാണ് ഹൈക്കോടതി വിമര്‍ശനം. ചരിഞ്ഞ നാട്ടാനായുടെ കൊമ്പാണ് മോഹന്‍ലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് ലഭിക്കുമോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധഘകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മോഹന്‍ലാലിന്റെ സ്ഥാനത്ത് ഇപ്പോള്‍ സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തന്റെ കൈവശമുണ്ടായിരുന്നത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണെന്നും മോഹന്‍ലാല്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് താരം കോടതിയെ അറിയിച്ചത്. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.
തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെട്ടിരുന്നു. അതേസമയം, വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
പെരുമ്പാവൂര്‍ കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചില്ലെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയിലൂടെ വ്യക്തമാക്കുന്നത്. തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെട്ടിരുന്നു.
കൂടാതെ ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ ഗൂഡാലോചന നടത്തിയെന്നായിരുന്നു താരം ആരോപിച്ചത്. ഈ കേസ് കെട്ടിച്ചമച്ചതാണ്. കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ അന്വേഷണം വേണം എന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിലായിരുന്നു മോഹന്‍ലാലിന്റെ ഈ നീക്കം. ഇത് സംബന്ധിച്ച് അന്നത്തെ വനം വകുപ്പ് മന്ത്രി രാജുവിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്പുകള്‍ 2011 ഡിസംബര്‍ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂണ്‍ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.
മോഹന്‍ലാലിന്റെ പരാതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യവനപാലകന്‍ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകള്‍ മോഹന്‍ലാലിന് മറ്റു പ്രതികള്‍ ഉപഹാരമായി നല്‍കിയതാണന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ കൈവശാനുമതി നല്‍കുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസില്‍ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് വനം വകുപ്പ് മോഹന്‍ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
