general
പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല, ശ്വാസം കിട്ടാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എലിഫന്റ് വിസ്പറേഴ്‌സ് നിര്‍മാതാവിന് സംഭവിച്ചതിനെ കുറിച്ച് എംഎം കീരവാണി
പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല, ശ്വാസം കിട്ടാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എലിഫന്റ് വിസ്പറേഴ്‌സ് നിര്‍മാതാവിന് സംഭവിച്ചതിനെ കുറിച്ച് എംഎം കീരവാണി
95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഇന്ത്യയ്ക്ക് അഭിമാനമായ ചിത്രങ്ങളായിരുന്നു രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറും കാര്‍തികി ഗോണ്‍സാല്‍വസിന്റെ ഡോക്യുമെന്ററിയായ ‘ദ എലിഫന്റ് വിസ്പറേഴ്‌സും’. ഡോക്യുമെന്ററി ഷോര്‍ട്ട് വിഭാഗത്തിലായിരുന്നു എലിഫന്റ് വിസ്പറേഴ്‌സിന് ഓസ്‌കര്‍ ലഭിച്ചത്.
ഈ ചിത്രത്തിന്റെ നിര്‍മാതാവായ ഗുനീത് മോംഗയെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് മറ്റൊരു ഓസ്‌കര്‍ ജേതാവായ എം.എം. കീരവാണി. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് കീരവാണി ഗുനീത് മോംഗയേക്കുറിച്ചുള്ള ഈ വിവരം പുറത്തുവിട്ടത്.
‘ഈ പ്രപഞ്ചം മുഴുവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയായിരുന്നു, അത് സംഭവിക്കുകയും ചെയ്തു. ആശ്ചര്യം ഉണ്ടായിരുന്നുവെങ്കിലും വളരെ വലിയ അളവില്‍ ശ്വാസം നിലച്ചുപോകുന്ന പോലെയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മറ്റൊരു പുരസ്‌കാര ജേതാവായ ഗുനീത് മോംഗയ്ക്ക് അങ്ങനെ സംഭവിച്ചു. പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അവര്‍ക്ക് ശ്വാസം കിട്ടാതെ വരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു’, എന്നും കീരവാണി പറഞ്ഞു.
മുതുമലൈ തെപ്പക്കാട് ആന പരിപാലന കേന്ദ്രത്തിലെ പരിപാലകരായ ബൊമ്മന്‍ബെള്ളി ദമ്പതികളേയും അവര്‍ക്കൊപ്പം ജീവിച്ച രഘു, അമ്മു എന്നീ ആനകളേയും കുറിച്ചാണ് ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ചിത്രം സംസാരിക്കുന്നത്. 40 മിനിറ്റുള്ള ചിത്രം കാര്‍തികി ഗോണ്‍സാല്‍വസാണ് സംവിധാനം ചെയ്തത്.
നിരവധി മലയാളികളും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോക്യുമെന്ററി (ഷോര്‍ട്ട്) വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ആര്‍.ആര്‍.ആറിന് പുരസ്‌കാരം ലഭിക്കുന്നത്.
ചന്ദ്രബോസിന്റെ വരികള്‍ക്ക് എം.എം. കീരവാണി ഈണം പകര്‍ന്നു. ഇരുവരും ചേര്‍ന്നാണ് ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് എന്നിവരാണ് ഗാനം ആലപിച്ചത്. ഇവര്‍ ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ ഈ ഗാനം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രേംരക്ഷിതാണ് ഗാനത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചത്.