Connect with us

ആ ദിലീപ് ചിത്രങ്ങൾ ജീവിതം മാറ്റുമെന്ന് കരുതി ..പക്ഷേ ആരും വിളിച്ചില്ല – മിഥുൻ

Malayalam Breaking News

ആ ദിലീപ് ചിത്രങ്ങൾ ജീവിതം മാറ്റുമെന്ന് കരുതി ..പക്ഷേ ആരും വിളിച്ചില്ല – മിഥുൻ

ആ ദിലീപ് ചിത്രങ്ങൾ ജീവിതം മാറ്റുമെന്ന് കരുതി ..പക്ഷേ ആരും വിളിച്ചില്ല – മിഥുൻ

മലയാളികളുടെ പ്രിയ നടനും അവതാരകനുമൊക്കെയാണ് മിഥുൻ രമേശ് . ആ ചിരി മതി ആളുകളെ കയ്യിലെടുക്കാൻ . ആദ്യമായി സിനിമയിൽ നായകനാകുന്ന സന്തോഷവുമായി നിറഞ്ഞു നില്കുകയാണ് മിഥുൻ ഇപ്പോൾ . മിഥുൻ്റെ സിനിമ യാത്രയും ജീവിതവുമൊക്കെ ഒരു മാധ്യമത്തോട് പങ്കു വച്ചത് ഇങ്ങനെ ;

പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ് ആദ്യ പടം ലൈഫ് ഈസ് ബ്യൂട്ടിഫുൾ അഭിനയിക്കുന്നത്. അതിനു മുൻപ് ടെലിവിഷൻ ഷോകളും അഭിമുഖങ്ങളും നടത്താൻ ഭാഗ്യം ഉണ്ടായി. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിൽ 40 ഓളം കുട്ടികളിൽ ഒരാളായി ചെറിയ ഒരു ക്യാരക്ടറായിരുന്നു എന്റേത്. ഈ 40 പേരും വന്നിരിക്കുന്നതും അഭിനയിക്കാനാണ്. അപ്പോൾ, ഡയലോഗുള്ള വേഷം കിട്ടാനായി അസിസ്റ്റന്റ് ഡയറക്ടറെ ഒന്നു സോപ്പിടുമല്ലോ! അങ്ങനെ രണ്ടുപേർക്ക് അൽപം പ്രാധാന്യമുള്ള വേഷമുണ്ടെന്നു മനസിലായി. അതിലൊന്നു അരുണും രണ്ടാമത്തെ കുറച്ചു പ്രാധാന്യമുള്ളത് എനിക്കും കിട്ടി. ആ സിനിമ എനിക്ക് ബ്രേക്ക് തന്നെയായിരുന്നു. അത് കണ്ടിട്ടാണ് സൂര്യകാന്തി എന്ന സീരിയലിലേക്ക് വിളിക്കുന്നത്. അതു കഴിഞ്ഞ് ഒരുപാട് സീരിയലുകളിൽ അഭിനയിക്കാൻ സാധിച്ചു. അന്നും സിനിമ തന്നെയായിരുന്നു മനസിൽ! പിന്നെ ഒരു ലൈം ലൈറ്റിൽ നിൽക്കുക തന്നെയാണ് ഉദ്ദേശം എന്നതുകൊണ്ട് വരണതെല്ലാം ചെയ്യുമായിരുന്നു.

തുടക്കത്തിൽ എനിക്ക് സിനിമയിൽ ചാൻസ് ചോദിക്കാനൊരു മേൽവിലാസം ഇല്ലായിരുന്നു. അതുണ്ടാക്കാനാണ് ഡബിങ് ചെയ്തു തുടങ്ങിയത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി, നവോദയ എന്നിവിടങ്ങളിൽ ഡബിങ് ഒരുപാട് നടക്കുന്ന സമയമാണ്. ഇംഗ്ലീഷിന്റെ ഡബിങ് വരുവാണെങ്കിൽ എന്നെ വിളിക്കണമെന്നു പറഞ്ഞു വയ്ക്കും. അങ്ങനെ എന്നെ വിളിക്കും. നാലഞ്ച് ഇംഗ്ലീഷ് കഥാപാത്രങ്ങൾക്ക് ഒക്കെ ഒരേ ശബ്ദം തന്നെയായിരിക്കും. ഡബിങ് എനിക്ക് ഒരു ചവിട്ടുപടിയായിരുന്നു. ശബ്ദം കൊടുത്തു പുറത്തിറങ്ങുമ്പോൾ ഡയറക്ടേഴ്സിന്റെ അടുത്തുപറയും, ‘ഡബിങ് ചെയ്യുന്നുണ്ടെങ്കിലും അഭിനയമാണ് മെയിൻ. അടുത്ത പടത്തിൽ സാറിന്റെ പടത്തിൽ ഒരു വേഷം ഉണ്ടെങ്കിൽ പറയണം,’ എന്നൊക്കെ. കമൽ സർ, പ്രിയദർശൻ സർ, സിദ്ദിഖ് സർ എന്നിവരെയൊക്കെ പരിചയപ്പെട്ടത് ഡബിങ് വഴിയാണ്.

ഡിഗ്രിക്ക് ചേർന്നപ്പോൾ ആണ് അച്ഛൻ‌ മരിക്കുന്നത്. അമ്മയ്ക്ക് ഇവൻ വഴിതെറ്റിപ്പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. പ്രത്യേകിച്ച് എന്നെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാത്ത കാലഘട്ടം ആയിരുന്നു. മറ്റുള്ളവർ എന്തു പറയും എന്നുള്ള വിചാരവും അമ്മ ഒറ്റയ്ക്ക് വളർത്തുമ്പോൾ ഉണ്ടായിരുന്നു. സജീവമായി ഈ മേഖലയിൽ നിൽക്കുമ്പോഴും ഒരു സ്ഥിരമായ ജോലി ദുബായ് കിട്ടിയപ്പോൾ അവിടെ പോകണം എന്ന് വീട്ടുകാർ നിർബന്ധിച്ചതും അതു കാരണമാണ്. സിനിമയും സീരിയലും എല്ലായ്പ്പോഴും ഉണ്ടോ? ഇതിൽ നിന്നുള്ള വരുമാനം എന്നും ലഭിക്കുമോ? എന്നൊക്കെ സാധാരണ ഒരു കുടുംബത്തിന് എപ്പോഴും ഒരു പ്രശ്നം തന്നെയാണ്.

ഏഷ്യാനെറ്റിൽ ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായ്‌യിൽ പുതിയതായി തുടങ്ങാൻ പോകുന്ന എഫ്എം സ്റ്റേഷനിലേക്ക് റേഡിയോ ജോക്കിയായി ഇന്റർവ്യൂവിന് വിളിക്കുന്നത്. ഇങ്ങനെയൊരു ഓഫർ വന്ന കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. എന്നെ കിട്ടാതെ വന്നപ്പോൾ അവർ വീട്ടിലേക്കു വിളിച്ചു. അന്ന് വൈകുന്നേരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ കളിച്ചിട്ട് തിരിച്ച് വീട്ടിൽ എത്തുമ്പോൾ അമ്മാവൻമാരൊക്കെ വന്ന് എന്നെ കാത്തിരിക്കുകയാണ്. ഞാൻ ഈ ജോലിക്ക് പോകണം എന്നാണ് അവരുടെ നിർബന്ധം. ആ സമയത്ത് ഞാൻ വെട്ടത്തിലും റൺവെയിലും അഭിനയിച്ച് ഇരിക്കുകയാണ്. രണ്ടും ദിലീപേട്ടന്റെ പടം. ‘ഇതോടുകൂടി ഞാൻ രക്ഷപ്പെട്ടു… ഈ പടം ഇറങ്ങിക്കഴിഞ്ഞാൽ കൈ നിറയെ ഓഫറുകൾ ആയിരിക്കും’ എന്നൊക്കെയായിരുന്നു ധാരണ. ആളുകൾ എന്നെ അന്വേഷിച്ച് വിളിക്കുമ്പോഴേക്കും ദുബായ് ഒക്കെ അടിച്ചു പൊളിച്ചിട്ടുവരാം എന്നയിരുന്നു പ്ലാൻ. അങ്ങനെ ഈ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ 16 വർഷമായി! നൈല ആണ് എന്റെ പേര് ആദ്യമായി എഫ്എമ്മിലേക്ക് നിർദ്ദേശിച്ചത്. ഞാൻ ഇടയ്ക്ക് പറയാറുണ്ട്, എന്നെ ഈ പറുദീസയിലേക്ക് തള്ളിവിട്ടതിന് നൈലയോട് പ്രത്യേകമായ നന്ദി ഉണ്ടെന്ന്.

തുടക്കത്തിൽ സിനിമ ആഗ്രഹിച്ചിട്ട് എനിക്ക് സീരിയൽ ആണ് ലഭിച്ചത്. വെട്ടവും റൺവെയും റിലീസ് ആയി കഴിയുമ്പോൾ ഒരുപാട് കോൾ വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആരും വിളിച്ചില്ല. പിന്നീട്, സിബി സർ അമൃതം എന്ന സിനിമയിലേക്ക് വിളിച്ചു. ലീവ് കിട്ടാത്തതുകൊണ്ട് വന്നു അഭിനയിക്കാൻ സാധിച്ചില്ല. ഏഴു വർഷം സിനിമയിൽ നിന്നു വിളി വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഞാൻ ജോലി ചെയ്യുന്ന റേഡിയോ സ്റ്റേഷന്റെ വാർഷിക പരിപാടിയിൽ വന്നു. ജോഷി സർ ആയിരുന്നു മുഖ്യാതിഥി. നീയിപ്പോൾ പടത്തിൽ അഭിനയിക്കുന്നില്ലേ എന്ന് ജോഷി സർ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ ‘എന്റെ അടുത്ത പടത്തിൽ നീ അഭിനയിക്കണം’ എന്നു പറഞ്ഞു. അങ്ങനെ അഭിനയിച്ച പടമാണ് ‘സെവൻസ്’. അതിനു ശേഷവും കാര്യമായി സിനിമകളൊന്നും വന്നില്ല. സത്യത്തിൽ, എനിക്ക് കിട്ടിയ ഏറ്റവും വലിയ ബ്രേക്ക് സിനിമ അല്ല. കോമഡി ഉത്സവം എന്ന ഷോ ആണ്.

സെലിബ്രിറ്റി എന്നത് മനസിലാക്കാൻ കുറച്ചു സമയമെടുത്തു. എന്നെ കാണുമ്പോൾ ആളുകൾ വളരെ ക്ലോസ് ആയിട്ട് പെരുമാറാറുണ്ട്. അവർ മനസുകൊണ്ട് ഒരുപാട് ഇഷ്ടപ്പെടുന്നത് കോമഡി ഉത്സവത്തിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടിട്ടാണ്. ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ കൂടെ നിൽക്കുന്ന ജനങ്ങളാണ്. നമുക്കുവേണ്ടി എന്തെങ്കിലും അവർ ചെയ്യാൻ തയാറാകുമ്പോഴാണ് ഈ ചെയ്ത അഭിനയത്തിനും ഇതുവരെ ചെയ്ത കോമഡി ഉത്സവത്തിനും ഒക്കെ എന്തെങ്കിലും ഒരു പ്രതിഫലം ഉണ്ടാകുന്നത്. മിഥുൻ പറയുന്നു .

mithun ramesh about life

More in Malayalam Breaking News

Trending