‘തടിയുള്ള എല്ലാവരുടെയും ശ്രദ്ധയ്ക്ക് വയർ അകത്തേക്ക് പിടിച്ചേക്കണം,എല്ലാ ഓണചിത്രങ്ങളിലും…. അല്ലെങ്കിൽ മണ്ടന്മാർ വന്ന് അവിടെയും നമ്മുടെ തടിയെ പറ്റി മാത്രം കമന്റ് ചെയ്യും; മുന്നറിയിപ്പുമായി മിഥുൻ രമേഷ്!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനായും മിഥുൻ രമേഷ് എന്ന താരം സ്‌ക്രീനിൽ നിറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അന്ന് മുതൽ ഇന്ന് വരെ വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും ആണ് താരം കാഴ്ചവയ്ക്കുന്നത്.
കാരണം ഒരു പ്രമുഖ ചാനലിലെ അവതാരകനായി എത്തിയ രമേശ് പിന്നീട് ആ ഷോയുടെ അവിഭാജ്യഘടകമായി തന്നെ മാറിയിരിക്കുന്നു. സീരിയൽ താരവും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി തിളങ്ങുമ്പോഴും താരത്തിന്റെ അഭിനയ അഭിനിവേശം കെട്ടടങ്ങുന്നില്ല.
ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായ്‌യിൽ തുടങ്ങാൻ പോകുന്ന എഫ്എം സ്റ്റേഷനിലേക്ക് റേഡിയോ ജോക്കിയായി ഇന്റർവ്യൂവിന് വിളിക്കുന്നതെന്നും അങ്ങനെയാണ് റേഡിയോ ജോക്കിയായതെന്നും മിഥുൻ പറഞ്ഞിട്ടുണ്ട്.
അവതാരകനായി എത്തുമ്പോൾ മലയാളം തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് തോന്നാറുണ്ടെന്നും മിഥുൻ പറഞ്ഞിട്ടുണ്ട്.ഇംഗ്ലീഷ് സംസാരിക്കേണ്ടിടത്ത് മാത്രം ഉപയോഗിക്കുന്ന രീതിയാണെന്നും ബാക്കി നമ്മുടെ മലയാളം പറഞ്ഞാൽ മതിയെന്നുള്ളതാണ് തന്റെ രീതിയെന്നും മിഥുൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
കോമഡി ഉത്സവം അവതരിപ്പിക്കാൻ വിളിച്ചപ്പോൾ കോമഡി പരിപാടി ഒന്നും തന്നെക്കൊണ്ട് പറ്റില്ലെന്ന നിലപാടിലായിരുന്നു മിഥുൻ.പക്ഷെ പരിപാടിയുടെ പ്രൊഡ്യൂസർ തന്നെ വിശ്വാസത്തിലെടുക്കുകയായിരുന്നുവെന്നും പരിപാടി പ്രേക്ഷകർ സ്വീകരിച്ചെന്നും മിഥുൻ പറഞ്ഞിട്ടുണ്ട്.
മഴവിൽ മനോരമയിലടക്കം നിരവധി പരിപാടികളുടെ അവതാരകനായിരുന്നു മിഥുൻ രമേഷ്. കുടുംബത്തോടെ വിദേശത്താണ് മിഥുന്റെ താമസം.
ഭാര്യയ്ക്കും മകൾക്കുമൊപ്പം ഒപ്പം ഇടയ്ക്കിടെ കോമഡി ഷോട്ട് വീഡിയോകൾ പകർത്തി പ്രേക്ഷകരെ ചിരിപ്പിക്കാറുമുണ്ട് മിഥുൻ. ഇപ്പോഴിത ഉത്രാട ദിനത്തിൽ മിഥുൻ പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ബോഡി ഷെയ്മിങ് ട്രോമ അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ് മിഥുന്റെ സോഷ്യൽമീഡിയ പോസ്റ്റ്.
‘തടിയുള്ള എല്ലാവരുടെയും ശ്രദ്ധയ്ക്ക് വയർ അകത്തേക്ക് പിടിച്ചേക്കണം. എല്ലാ ഓണചിത്രങ്ങളിലും…. അല്ലെങ്കിൽ മണ്ടന്മാർ വന്ന് അവിടെയും നമ്മുടെ തടിയെ പറ്റി മാത്രം കമന്റ് ചെയ്യും. ക്ഷീരമുള്ളോര് അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം…. സമ്പത്സമൃദ്ധിയുള്ള ഓണാശംസകൾ…’ മിഥുൻ രമേശ് കുറിച്ചു. ഒപ്പം കുർത്തയും മുണ്ടും ധരിച്ച് നിൽക്കുന്ന ഒരു ഫോട്ടോയും മിഥുൻ പങ്കുവെച്ചിട്ടുണ്ട്.
ആ ഫോട്ടോയിൽ മിഥുൻ വയർ അകത്തേക്ക് തള്ളിപ്പിടിച്ചിരിക്കുന്നതായും കാണാം. അത്യാവശ്യം ശരീരഭാരവും വയറുമുള്ള വ്യക്തിയാണ് മിഥുൻ. അതിന്റെ പേരിൽ പലപ്പോഴായി നേരിട്ട പരിഹാസങ്ങളുടെ വെളിച്ചത്തിലായിരിക്കണം മിഥുന്റെ പുതിയ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
മിഥുന്റെ രസകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി സ്വന്തം അനുഭവങ്ങളും പങ്കുവെച്ച് എത്തിയത്. ‘മെലിഞ്ഞാൽ പിന്നെ ആനയെയെന്തിന് കൊള്ളാം മിഥുൻ.’
‘ചാവാലി ആനയെന്ന് നമ്മൾ ആളുകളെക്കൊണ്ട് പറയിക്കരുത്. ആനാശംസകൾ.,.. ഓണാശംസകൾ, ഞങ്ങൾ സെലിബ്രിറ്റികൾക്കിടയിലെ മാണിക്യമാണ് മിഥുൻ സാർ’ തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വരുന്നത്.
തൻവി എന്നാണ് മിഥുന്റെ ഏക മകളുടെ പേര്. 2000ത്തിൽ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെയാണ് മിഥുൻ അഭിനയത്തിലേക്ക് എത്തിയത്. ചിത്രത്തിൽ സ്കൂൾ വിദ്യാർഥിയുടെ വേഷമായിരുന്നു മിഥുന്.
ശേഷം നമ്മൾ, സ്വപ്നം കൊണ്ട് തുലാഭാരം, ഗോൾ, നമ്മൾ തമ്മിൽ, റൺവെ, പത്തേമാരി, വേട്ട, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങി നിരവധി സിനിമകളിൽ മിഥുൻ അഭിനയിച്ചു. സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന മേ ഹൂം മൂസയാണ് ഇനി റിലീസിനെത്താനുള്ള മിഥുൻ രമേഷ് സിനിമ.