മിഥുന്‍ രമേശിന് ബെല്‍സ് പാള്‍സി; ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; മുഖത്തിന്റെ ഒരു വശം താഴേക്ക് തൂങ്ങും, കോടിപ്പോവും; എന്താണ് ബെല്‍സ് പാള്‍സി?
ബെല്‍സ് പാള്‍സി രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി നടനും അവതാരകനുമായ മിഥുൻ രമേശ്. മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ. മിനി സ്ക്രീനിൽ മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലും താരം സജീവമാണ്. തന്റെ സന്തോഷ വാർത്തകളെല്ലാം ആരാധകരുമായി താരം പങ്കുവെയ്‌ക്കാറുണ്ട്. മിഥുനും ഭാര്യ ലക്ഷ്മി ചെയ്യുന്ന വീഡിയോകൾക്കും ആരാധകർ ഒരുപാടാണ്.
അപ്രതീക്ഷിതമായ വന്ന രോഗത്തെക്കുറിച്ച് മിഥുൻ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിഥുൻ തന്റെ രോഗ വിവരത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്. മിഥുന്റെ മുഖത്തിന്റെ ഒരു വശം വലിയ അനക്കമില്ലാതെയാണ് വീഡിയോയിൽ കാണുന്നത്. തിരുവനന്തപുരത്ത് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ താരം.
”വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങള്‍ക്ക് കാണാൻ കഴിയുന്നുണ്ടോ എന്ന് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു വശം അനക്കാനാകില്ല. ഒരു കണ്ണ് കറക്റ്റ് ആയിട്ട് അടയും. മറ്റേ കണ്ണ് അടയ്ക്കണമെങ്കില്‍ ബലം കൊടുക്കണം. അല്ലെങ്കില്‍ രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കണം. അല്ലാതെ ചെയ്യാന്‍ പറ്റില്ല. ഒരുവശം ഭാഗികമായ പരാലിസിസ് എന്നൊക്കെ പറയാവുന്ന രീതിയില്‍ എത്തിയിട്ടുണ്ട്.”-മിഥുൻ പറയുന്നു.
ബെൽസ് പാള്‍സി എന്നാൽ എന്ത്
മുഖത്തിന്റെ ഒരു വശത്തെ പേശികൾക്ക് പെട്ടെന്ന് തളർച്ചയുണ്ടാകുന്ന അവസ്ഥയാണ് ബെൽസ് പാൾസി. . മിക്ക രോഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല.
ഈ രോഗത്തെ അക്യൂട്ട് പെരിഫെറല്‍ പാള്‍സി എന്നും വിളിക്കും. രോഗത്തിന്റെ യഥാര്‍ത്ഥ കാരണമെന്നാണ് ഇതുവരെ വ്യക്തമല്ല. മുഖത്തിന്റെ ഒരു വശത്ത് മസിലുകള്‍ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം ഈ രോഗത്തിന് കാരണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചില വൈറല്‍ ഇന്‍ഫെക്ഷന് ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.
പൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന സാധാരണ രോഗമാണിത്. സാധാരണയായി 15നും 60 നുമിടയിൽ പ്രായമുള്ളവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. രോഗ ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും 48 മുതൽ 72 മണിക്കൂറിനുള്ളിൽ അതിന്റെ തീവ്രതയിലെത്തുകയും ചെയ്യും. ചിലരിൽ നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകാറുള്ളൂ.
ഒന്നിലധിതം പ്രാവശ്യം ഈ രോഗം വരാനുള്ള സാധ്യതയുമുണ്ട്. മുഖത്തിന്റെ ഒരുവശം തളര്‍ന്നുപോവുക കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വായയുടെ ഒരുവശത്തുകൂടി തുപ്പല്‍ ഒലിക്കുക, ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക തലവേദന, രുചി അനുഭവപ്പെടാതിരിക്കുക, കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ മറ്റ് പ്രധാന ലക്ഷണങ്ങള്‍.
