News
സൗന്ദര്യ മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റ്; സംഘാടകര്‍
സൗന്ദര്യ മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റ്; സംഘാടകര്‍
മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റെന്ന് മിസ് യൂനിവേഴ്സ് സംഘാടകര്‍. സൗദിയില്‍ നിന്നും യാതൊരു സെലക്ഷന് നടപടികളും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വ്യാജവും തെറ്റിധരിപ്പിക്കുന്നതുമാണെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ വര്‍ഷത്തെ മുസ് യൂനിവേഴ്സ് മത്സരിത്തില്‍ പങ്കെടുക്കുന്നതായി സൗദി മോഡലായ റൂമി അല്‍ഖഹ്താനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ പ്രതികരണം.
‘ഈ വര്‍ഷം പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ ഇല്ല.നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടുള്ളതാണ് സെലക്ഷന് പ്രക്രിയ. ഓരോ രാജ്യങ്ങളേയും തിരഞ്ഞെടുക്കുന്നത് കൃത്യമായ മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായിട്ടായിരിക്കും. സെലക്ഷന് നടപടികളില്‍ നീതിയും സ്വകാര്യതയും ഉറപ്പാക്കും.
മെക്സിക്കോയിലെ മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വരാനിരിക്കുന്ന പതിപ്പിനായി ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. നൂറ് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ സൗദി അറേബ്യ ഇല്ല.അപ്രൂവല്‍ കമ്മിറ്റിയാണ് സെലക്ഷന് ട്രയല്‍ പൂര്‍ണമായി നടത്തുന്നത്’, സംഘടന വ്യക്തമാക്കി.
മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന വരികളോടെയായിരുന്നു 27 കാരിയായ റൂമി അല്‍ഖഹ്താനി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കിട്ടത്. ‘ലോക സംസ്കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നു’,എന്നായിരുന്നു അവര്‍ പോസ്റ്റില്‍ പറഞ്ഞത്.
റിയാദില്‍ നിന്നുള്ള റൂമി അല്‍ഖഹ്താനി മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസ്സിസ് ഗ്ലോബല്‍ ഏഷ്യനില്‍ പങ്കെടുത്തിരുന്നു. മിസ് സൗദി അറേബ്യ കിരീടത്തിന് പുറമേ, മിസ് മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേള്‍ഡ് പീസ് 2021,മിസ് വുമണ്‍ (സൗദി അറേബ്യ) എന്നീ പദവികളും സ്വന്തമാക്കിയ താരമാണ് അവര്‍.
