Malayalam
പങ്കാളിയുണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാവരും ഒറ്റയ്ക്കാണ്, കുടുംബത്തില്‍ ആര്‍ക്കെങ്കിലും വയ്യാണ്ടായാല് ഞാന്‍ കലയെന്നും പറഞ്ഞ് നടന്നാല്‍ ശരിയാവുമോ; മേതില്‍ ദേവിക
പങ്കാളിയുണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാവരും ഒറ്റയ്ക്കാണ്, കുടുംബത്തില്‍ ആര്‍ക്കെങ്കിലും വയ്യാണ്ടായാല് ഞാന്‍ കലയെന്നും പറഞ്ഞ് നടന്നാല്‍ ശരിയാവുമോ; മേതില്‍ ദേവിക
നൃത്ത അദ്ധ്യാപിക, ഇന്‍ഫ്ലുവെന്‍സര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് മേതില്‍ ദേവിക. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് താരം. ദേവികയോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികള്‍ക്ക്. നടന് മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.
2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് നൃത്തമാസ്വദിക്കാന്‍ വേണ്ടി മേതില്‍ ക്രോസ് ഓവര്‍ എന്ന പേരില്‍ മോഹിനിയാട്ടം ഡോക്യുമെന്ററി തയ്യാറാക്കിയ വാര്‍ത്ത പുറത്ത് വന്നത്.
സിനിമാ രംഗത്തെ ലൈം ലൈറ്റ് ഇല്ലാതെ നൃത്തത്തിലൂടെ മാത്രം ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടാന്‍ മേതില്‍ ദേവികയ്ക്ക് കഴിഞ്ഞു. നടന് മുകേഷുമായുള്ള മേതില്‍ ദേവികയുടെ വിവാഹവും വേര്‍പിരിയലും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒന്നിച്ച് പോകാന്‍ പറ്റാത്തതോടെ രണ്ട് പേരും രമ്യമായി പിരിയുകയാണുണ്ടായത്. 2013 ല്‍ വിവാഹിതരായ ഇരുവരും 2021 ല്‍ വേര്‍പിരിയുകയാണുണ്ടായത്. ഇപ്പോഴിതാ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് മേതില്‍ ദേവിക.
പങ്കാളിയുണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാവരും ഒറ്റയ്ക്കാണെന്ന് മേതില്‍ ദേവിക പറയുന്നു. വണ്ടര്‍വാള്‍ മീഡിയയോടാണ് പ്രതികരണം. വ്യക്തിപരമായ പ്രശ്നങ്ങള്‍ കലയെ ബാധിക്കാന്‍ പാടില്ല. റിലേഷന്‍ഷിപ്പ് തന്നെ വേണമെന്നില്ല. എന്റെ ആരോഗ്യം മോശമായാല്‍ ആര്‍ട്ടിനെ ബാധിക്കും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വയ്യാണ്ടായാല് ഞാന്‍ കലയെന്നും പറഞ്ഞ് നടന്നാല്‍ ശരിയാവുമോ. ദൈവം സഹായിച്ച് അമ്മയ്ക്ക് കുഴപ്പമാെന്നുമില്ല.
പക്ഷെ എന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതി ഞാന്‍ തയ്യാറെടുത്തിട്ടുണ്ട്. ചെയ്യേണ്ട സമയത്ത് എല്ലാംചെയ്ത് വെക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. റിലേഷന്‍ഷിപ്പ് തന്നെ കലയെ ബാധിക്കണമെന്നില്ല. എന്തും ബാധിക്കാം. ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ കലയെ ബാധിക്കരുതെന്നും മേതില്‍ ദേവിക ചൂണ്ടിക്കാട്ടി.പങ്കാളികളുള്ള പലര്‍ക്കും പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്നേ ഉള്ളൂ. ഒറ്റയ്ക്ക് തന്നെയായിരിക്കും. അങ്ങനെ എത്ര പേരെ കാണിക്കാം.
വെളിയില്‍ പാര്ട്ണര്ഷിപ്പൊക്കെ ഉണ്ട്. പക്ഷെ ഒറ്റയ്ക്ക് തന്നെയായിരിക്കും പലരും പലതും ചെയ്യുന്നത്. അടിസ്ഥാനപരമായി നമ്മളെല്ലാം ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എന്റെ അമ്മയ്ക്ക് മൂന്ന് പെണ്‍കുട്ടികളാണ്. ഞാന്‍ ഇവിടെയുണ്ട്. സഹോദരിമാര്‍ പുറത്താണ്. എല്ലാവരും കഴിയുന്നതും വരും. എന്നാലും അമ്മ അനുഭവിക്കേണ്ട ചില വേദന അമ്മ തന്നെ അനുഭവിക്കണം. അത് പങ്കുവെക്കാന്‍ പറ്റില്ല.
ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പോലും എത്തിപ്പെടാന്‍ സമയമെടുക്കുന്നു. മക്കളുണ്ടെങ്കിലും നമ്മള് ഒറ്റയ്ക്കാണ്. അപ്പോള്‍ പിന്നെ പാര്ടണര്ഷിപ്പിന്റെ കാര്യം പറയേണ്ടല്ലോ. കാലക്രമേണ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നമ്മള് ഒറ്റയ്ക്കാകുമെന്നും മേതില്‍ ദേവിക ചൂണ്ടിക്കാട്ടി. വ്യക്തിപരമായി അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചും മേതില്‍ ദേവിക സംസാരിച്ചു. വര്‍ക്കില്‍ തന്നെയാണ് അഭിമാനം തോന്നാറ്. സ്റ്റേജില്‍ എനിക്ക് കൈയടി കിട്ടുമ്പോള്‍ അഭിമാനം തോന്നും. ഞാന്‍ അവസരം കൊടുത്ത വ്യക്തികള്‍ക്ക് വീണ്ടും അവസരം കിട്ടുമ്പോള്‍ അഭിമാനം തോന്നുമെന്നും മേതില്‍ ദേവിക തുറന്ന് പറഞ്ഞു.
എനിക്ക് ദൈവത്തോട് ഒരു ഇടപാടുണ്ട്. എപ്പോഴെങ്കിലും ഒരുനാള്‍ ചെല്ലുമ്പോള്‍ ഞാന്‍ ചോദിക്കും. നിങ്ങള്‍ എനിക്ക് ബാക്കിയെല്ലാം നല്കി, പക്ഷെ റിലേഷന്‍ഷിപ്പുകളുടെ കാര്യത്തില്‍ മാത്രം വളരെ കഷ്ടപ്പാടുകള്‍ തന്നത് എന്തിനാണെന്ന്. അതെനിക്ക് ദൈവത്തോട് ചോദിക്കാനുള്ളതാണ്. ഒട്ടും എളുപ്പമായിരുന്നില്ല. അതിനാല്‍ ഒന്നിലധികം ബന്ധങ്ങളൊന്നും ഞാന്‍ ആര്‍ക്കും ഉപദേശിക്കില്ലെന്നാണ് ദേവിക പറയുന്നത്.
വിവാഹത്തിന് മുമ്പായി നിങ്ങള്‍ക്ക് ഡേറ്റ് ചെയ്യുകയോ എന്തുമാകാം. പക്ഷെ നമ്മളുടെ സിസ്റ്റത്തില്‍ അങ്ങനെയില്ല. വിവാഹ ശേഷമായിരിക്കും പ്രശ്നങ്ങള്‍ ആരംഭിക്കുക. വിവാഹത്തിന് മുമ്പ് പൂര്‍ണമായും ഉറപ്പില്ലാതെ അതിന് നില്‍ക്കരുത്. ഞാന്‍ എന്നെ തന്നെയേ പറയൂ. മറ്റാരേയും പറയില്ല. നമ്മളെ വളര്‍ത്തിയത് തന്നെ, പ്രത്യേകിച്ച് കേരളത്തില്‍, പ്രത്യേക വിശ്വാസത്തിലാണ്. പണ്ടൊക്കെ ഒരു ആണ്‍കുട്ടിയോട് സംസാരിച്ചാല്‍ അത് സീരിയസാണ്. ഞാന്‍ സംസാരിച്ചിരുന്ന എക ആളായിരുന്നു രാജീവ്. അപ്പോള്‍ ഞാന്‍ കരുതി അത് വിവാഹത്തിലാണ് അവസാനിക്കേണ്ടതെന്ന്.
അതേസമയം, കഴിഞ്ഞ ദിവസം മേതില്‍ ദേവികയെക്കുറിച്ച് മുകേഷും സംസാരിച്ചിരുന്നു. വിവാഹമോചന സമയത്ത് മേതില്‍ ദേവിക തനിക്കെതിരെ സംസാരിക്കുമെന്ന് മാധ്യമങ്ങള്‍ കരുതി. എന്നാല്‍ അതുണ്ടായില്ല. വളരെ കൃത്യമായുള്ള മറുപടി പക്വതയോടെയാണ് ദേവിക നല്‍കിയതെന്നും മേതില്‍ ദേവികയുമായോ ആദ്യ ഭാര്യ സരിതയുമായോ തനിക്കൊരു പ്രശ്നവും ഇല്ലെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
