general
മഞ്ജു വാര്യര്‍ 16 ന് കോടതിയിലേയ്ക്ക്…, ഫെബ്രുവരി മാസത്തിലും വിചാരണ പൂര്‍ത്തിയാവില്ല?
മഞ്ജു വാര്യര്‍ 16 ന് കോടതിയിലേയ്ക്ക്…, ഫെബ്രുവരി മാസത്തിലും വിചാരണ പൂര്‍ത്തിയാവില്ല?
ഒരിടവേളയ്ക്ക് ശേഷം വീണ്ടും നടി ആക്രമിക്കപ്പെട്ട കേസ് വാര്‍ത്തകളില്‍ നിറയുകയാണ്. നടന്‍ ദിലീപ് എട്ടാം പ്രതികൂടിയായ കേസിന്റെ കേസിന്റെ വിചാരണ അവസാന ഘട്ടത്തോട് അടുക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതിന് ശേഷം ആരംഭിച്ച വിചാരണയാണ് ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.
കേസിന്റെ വിചാരണ ജനുവരി 31 ന് ഉള്ളില്‍ തീര്‍ക്കണമെന്ന നിര്‍ദേശം സുപ്രീംകോടതി വെച്ചിരുന്നെങ്കിലും വിചാരണ ആ സമയപരിധിക്കുള്ളില്‍ തീര്‍ക്കാന്‍ സാധിച്ചില്ല. പലവിധ തടസ്സങ്ങളാണ് വിചാരണ പ്രതീക്ഷിച്ച സമയവും കടന്ന് പോവാന്‍ ഇടയാക്കിയത്. കേസിലെ പ്രധാന സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അസുഖമായിരുന്നു ഇതില്‍ പ്രധാനപ്പെട്ട കാരണം.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തിയെന്ന സാഹചര്യത്തിലായിരുന്നു പുതിയ വെളിപ്പെടുത്തലുകളും തെളിവുളുമായി ബാലചന്ദ്രകുമാര്‍ രംഗപ്രവേശനം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നടി ആക്രമിക്കപ്പെട്ട കേസില്‍ പുനരന്വേഷണവും നടത്തി.
പുനരന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ദിലീപിനെതിരെ പുതിയ കുറ്റങ്ങളും സുഹൃത്ത് ശരത്തിനെ കൂടി പ്രതിചേര്‍ത്ത് പൊലീസ് പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ വിസ്തരിച്ച, മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സന്റ് തുടങ്ങിയവര്‍ ഉള്‍പ്പടേയുള്ളളസാക്ഷികളെ വിസ്തരിക്കാനും പ്രോസിക്യൂഷന്‍ തീരുമാനിച്ചു. ഈ വിസ്താരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ പത്ത് ദിവസത്തെ വിസ്താരമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലാണ് അദ്ദേഹത്തെ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതേ തുടര്‍ന്ന് കൊച്ചിയിലേക്ക് വിസ്താരത്തിന് എത്താന്‍ സാധിക്കില്ലെന്നും കോടതിയെ അറിയിക്കുകയായിരുന്നു. നിലവില്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരം കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വിസ്താരം ഇത്തരത്തില്‍ മാറ്റുന്നതിനെ ചൊല്ലിയും ചില തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. സെഷന്‍ ജഡ്ജായ ഹണി എം വര്‍ഗീസാണ് ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരെ ഇതുവരെ വിസ്തരിച്ച് വന്നത്. അതുകൊണ്ട് തന്നെ സെഷന്‍ ജഡ്ജിന് കീഴില്‍ തന്നെ ഇനിയുള്ള വിസ്താരവും വേണമെന്ന ആവശ്യം ദിലീപിന്റെ അഭിഭാഷകര്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഹണി വര്‍ഗീസ് ബാലചന്ദ്രകുമാറിനെ വിസ്താരം പൂര്‍ത്തിയാക്കാനായി തിരുവനന്തപുരത്ത് എത്തും.
ആദ്യ ഘട്ടത്തില്‍ വിസ്താരം പൂര്‍ത്തിയാക്കിയ നടി മഞ്ജുവാര്യറുടെ പുനര്‍വിസ്താരം ഈ മാസം 16 ന് നടത്താനാണ് ഇപ്പോള്‍ കോടതി തീരുമാനിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ക്ക് പുറമെ നിരവധി സാക്ഷികളുടെ വിസ്താരവും ക്രോസ് വിസ്താരവും കോടതിയില്‍ നടക്കേണ്ടതായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഫെബ്രുവരി മാസത്തിലും വിചാരണ പൂര്‍ത്തിയാവില്ലെന്ന തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോവുന്നത്.
കേസിന്റെ വിസ്താരം നീണ്ടുപോയ സാഹചര്യത്തില്‍ വീണ്ടും സമയ പരിധി ആവശ്യപ്പെട്ട് ജഡ്ജ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. വിചാരണ തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യമായിരിക്കും അവര്‍ മുന്നോട്ട് വെക്കുക. വിചാരണയുടെ നിലവിലെ പുരോഗതിയും വിചാരണ കോടതി സുപ്രീംകോടതിയെ അറിയിക്കും. ഇതിനിടയില്‍ തന്നെയാണ് കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിന്റെ വിചാരണ അനിശ്ചിതത്വമായി നീളുകയാണ്. ഇത്രയും കാലം ഞാന്‍ ജയിലിനുള്ളിലായിരുന്നു. ഈ സാഹചര്യം പരഗിണിച്ച് തനിക്ക് ജാമ്യം തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ള പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടിയ സാഹചര്യവും പ്രതി ചൂണ്ടിക്കാണിച്ചു. ഈ ഹര്‍ജി പരിഗണിച്ച കോടതി ഇത് സംബന്ധിച്ച വിശദാംശവും തേടിയിട്ടുണ്ട്. എന്ന് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സാധിക്കുമെന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്.
അതേസമയം കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി വ്യക്തമാക്കിയത്. വിചാരണ നീണ്ട് പോകുന്നത് ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.’പ്രതികളെ വിചാരണ തടവുകാരായി തുടരുമ്പോള്‍ അവര്‍ക്ക് ജാമ്യത്തിന് സാധ്യത ഉണ്ട്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അത്തരത്തിലൊരു സാധ്യത ഇല്ല. അതിന് പ്രധാന കാരണം വിചാരണ തുടരുമ്പോള്‍ തന്നെ പള്‍സര്‍ സുനിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതി പള്‍സര്‍ സുനിയുടെ ആവശ്യം പരിഗണിക്കാന്‍ സാധ്യത ഇല്ല.
പള്‍സര്‍ സുനിയെ ഇത്രയും വര്‍ഷം വിചാരണ തടവുകാരനായി ജയിലിലിടാന്‍ സാധിക്കില്ലെന്നും പ്രധാന സാക്ഷിയെ അടക്കം കേസില്‍ വിസ്തരിച്ച് കഴിഞ്ഞുവെന്നും ആകും പള്‍സര്‍ സുനിയുടെ അപേക്ഷയില്‍ പറയുന്നത്. ഹൈക്കോടതി സ്വാഭാവികമായും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയേക്കും. ഇതൊരു സ്വാഭാവിക നടപടിയാണ്.
എന്തുകൊണ്ടാണ് കേസ് നീണ്ടുപോകുന്നത് എന്നതായിരിക്കും ഹൈക്കോടതി ചോദിക്കുക. കേസ് ഇനിയും നീളാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ശക്തമായ വാദമുഖം പ്രതി ഉയര്‍ത്തിയാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അതേസമയം പ്രധാന പ്രതികള്‍ പുറത്തിറങ്ങി കഴിഞ്ഞാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകും. അത്തരത്തിലുള്ള ശ്രമം തടയാനുള്ള വാദം പ്രോസിക്യൂഷന്‍ ഉന്നയിക്കും.
