ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും ബ്രില്ല്യന്റായ വ്യക്തികളിൽ ഒരാൾ, നിങ്ങള്‍ എന്ന ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു, ഉലകനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനീഷ കൊയ് രാള
ബോളിവുഡില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് മനീഷ കൊയ് രാള. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു താരം. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉലകനായകന്‍ കമല്‍ ഹാസനൊപ്പമുളള ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്.
കമല്‍ ഹാസന്‍റെ ഇന്ത്യൻ 2 പ്രഖ്യാപിച്ചപ്പോൾ മനീഷയും ചിത്രത്തിന്റെ ഭാഗമാകുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഈ വേളയിലാണ് ആരാധകരെ ആവേശത്തിലാക്കി കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉലകനായകനൊപ്പം ഇന്ത്യനിൽ നിന്നുള്ള ഒരു പഴയകാല ചിത്രവും മനീഷ പങ്കുവച്ചിട്ടുണ്ട്.
ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും ബ്രില്ല്യന്റായ വ്യക്തികളിൽ ഒരാൾ… പുസ്തകങ്ങൾ, സിനിമ, ഫാഷൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ലോകം. ആത്മാവിനേയും മനസിനെയും സ്പർശിക്കുന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹമെനിക്ക് സജസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള നിരീക്ഷണങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ സമാനതകളില്ലാത്തതാണ്. മണിക്കൂറുകളോളം കമൽ ഹാസനയുമായി സംസാരിക്കുകയും അദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ടു കൊണ്ടിരിക്കുകയും ചെയ്യാം.
നന്ദി കമൽ ജി, നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും. ഓരോ തവണ കാണുമ്പോഴും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നത് അവസാനിപ്പിക്കില്ല എന്നാണ് ചിത്രം പങ്കുവച്ച് മനീഷ കുറിച്ചിരിക്കുന്നത്.ഫാൻ ഗേൾ എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം മനീഷ ചേർത്തിട്ടുണ്ട്. ഇന്ത്യന്‍ 2 വില്‍ മനീഷയും ഉണ്ടോയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
1996 ൽ പുറത്തിറങ്ങി ബോക്സോഫീസ് റെക്കോഡുകളെല്ലാം തകർത്ത സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഇന്ത്യൻ. ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം നായികയായി മനീഷ കൊയ്‌രാളയും പ്രധാന വേഷത്തിലെത്തിയിരുന്നു. ആളവന്ദാൻ, മുംബൈ എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലും കമൽ ഹാസനും മനീഷയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അതേസമയം ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും. ഫെബ്രുവരി 2020ൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു.
ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.
ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു.
