Bollywood
റിലീസിന് മുന്നേ ‘മനീഷ കൊയ്‌രാള കൊല്ലപ്പെട്ടു’ എന്ന പരസ്യം നല്‍കിയ നിര്‍മ്മാതാക്കള്‍; പൂനം പാണ്ഡയ്ക്ക് പിന്നാലെ ചര്‍ച്ചയായി മനീഷ കൊയ്‌രാളെ
റിലീസിന് മുന്നേ ‘മനീഷ കൊയ്‌രാള കൊല്ലപ്പെട്ടു’ എന്ന പരസ്യം നല്‍കിയ നിര്‍മ്മാതാക്കള്‍; പൂനം പാണ്ഡയ്ക്ക് പിന്നാലെ ചര്‍ച്ചയായി മനീഷ കൊയ്‌രാളെ
നടി പൂനം പാണ്ഡേ സ്വന്തം മരണം വ്യാജമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ‘ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവെക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.’ എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരുന്നത്.
സെര്‍വിക്കല്‍ കാന്‍സറിനാല്‍ മരിച്ചുവെന്ന് ഔദ്യോഗിക അക്കൌണ്ടുകള്‍ വഴി അറിയിച്ച് നാടിനെ ഞെട്ടിച്ച നടി പിന്നീട് താന്‍ മരിച്ചില്ലെന്നും ഇത് ക്യാന്‍സറിനെതിരായ ബോധവത്കരണമാണ് എന്നും പറഞ്ഞാണ് പിന്നീട് തിരിച്ചുവന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്തായാലും പൂനം ഏറെ വിമര്‍ശനം നേരിടുന്ന അവസ്ഥയില്‍ ഇത്തരം പ്രമോഷണല്‍ വ്യാജമരണം ബോളിവുഡില്‍ ഒരു പുതിയ കഥയല്ലെന്നാണ് ചില പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന മനീഷ കൊയ്‌റാളയുടെ മരണവും ഇതുപോലെ വ്യാജമായി പ്രചരിപ്പിച്ചിരുന്നു. അതും ഒരു ചിത്രത്തിന് വേണ്ടിയായിരുന്നു.
1995ല്‍ ‘ക്രിമിനല്‍’ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് പത്രങ്ങളില്‍ ‘മനീഷ കൊയ്‌രാള കൊല്ലപ്പെട്ടു’ എന്ന പരസ്യം നിര്‍മ്മാതാക്കള്‍ കൊടുത്തിരുന്നു. മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ നാഗാര്‍ജ്ജുന നായകനായി എത്തിയ ചിത്രം ആയിരുന്നു ക്രിമിനല്‍. 1994ല്‍ തെലുങ്കില്‍ എത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അടുത്ത വര്‍ഷം എത്തിയപ്പോഴായിരുന്നു വിവാദ പത്രപരസ്യം നല്‍കിയത്. ചിത്രത്തിന്റെ പ്രമേയം മനീഷ കൊല്ലപ്പെടുകയും അതിന്റെ അന്വേഷണം നടക്കുന്നതുമാണ്. അതുകൊണ്ടായിരുന്നു അങ്ങനൊരു പത്രപരസ്യം നല്‍കിയത്.
യഥാര്‍ത്ഥത്തില്‍ കാന്‍സര്‍ ജീവിതത്തിലേയ്ക്കു വന്നത് ഭാഗ്യമായി കരുതുന്ന ആളാണ് മനീഷ കൊയ്‌രാള. ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച താരം രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കാന്‍സര്‍ മനസ്സിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കിയെന്നും, കാഴ്ചപ്പാടിനെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കിയെന്നും താരം പറഞ്ഞിരുന്നു. ”കാന്‍സര്‍ ചികിത്സയുടെ വേദന നിറഞ്ഞ ദിനങ്ങളിലൂടെ കടന്നു പോകുന്ന എല്ലാവര്‍ക്കും വിജയവും സ്‌നേഹവും നേരുന്നു.
വളരെ ദുഷ്‌കരമാണ് ഈ യാത്ര എന്ന് എനിക്കറിയാം. അതു രോഗത്തെക്കാള്‍ കഠിനമാണ്. കാന്‍സര്‍ എന്ന മഹാമാരിയ്ക്ക് മുന്നില്‍ കീഴടങ്ങിയവര്‍ക്കു എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും, പോരാടി കാന്‍സറിനെ കീഴടക്കിയവരോടൊപ്പം ആഘോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. കാന്‍സര്‍ പോരാളികളായ ഞങ്ങള്‍ ആ രോഗത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരു അവബോധം പ്രചരിപ്പിക്കേണ്ടവര്‍ ആണ്. പ്രതീക്ഷകള്‍ നിറയുന്ന കഥകള്‍ പറയണം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ എന്നാണ് ചികിത്സാകാലയളവില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് നടി കുറിച്ചത്.
2012 ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സര്‍ ഉണ്ടെന്നു കണ്ടെത്തിയത്. എന്നാല്‍ പതറാതെ അവര്‍ രോഗത്തെ നേരിട്ടു. ഒരു വര്‍ഷത്തോളം നീണ്ട കാന്‍സര്‍ പോരാട്ടത്തിനൊടുവില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. വലിയ രോഗപര്‍വം താണ്ടിനില്‍ക്കുമ്പോള്‍ പോയ്‌പ്പോയ അസുഖനാളുകളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും കാന്‍സര്‍ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചുമൊക്കെ തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ്’ എന്ന പുസ്തകത്തില്‍ മനീഷ കൊയ്‌രാള പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ‘പ്രിയ മായ’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്കും അവര്‍ തിരിച്ചുവന്നു. നെറ്റ്ഫ്‌ലിക്‌സ് പരമ്പര ലസ്റ്റ് സ്‌റ്റോറീസ്, രാജ്കുമാര്‍ ഹിരാനിയുടെ സഞ്ജു, മാസ്‌ക എന്നീ ചിത്രങ്ങളുടെയും ഭാഗമായി.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഒരു പ്രമുഖ കുടുംബത്തില്‍ ജനിച്ച മനീഷ 1991ല്‍ സൗദാഗര്‍ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. 1942: എ ലവ് സ്‌റ്റോറി, അകേലെ ഹം അകേലെ തും, ബോംബെ, ഖാമോഷി: ദി മ്യൂസിക്കല്‍, ദില്‍ സേ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ബോംബൈ, ഖാമോഷി , ദി മ്യൂസിക്കല്‍ ,കമ്പനി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
