ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല, എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമയ്ക്ക് നല്ല നമസ്‌കാരവും നന്ദിയും; നിയമ നടപടിയ്ക്കൊരുങ്ങി നടൻ മണികണ്ഠൻ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ മണികണ്ഠൻ. ഇപ്പോഴിതാ വാർത്തയിൽ തെറ്റായ ചിത്രം നൽകിയ മലയാള മനോരമ പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് നടൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നടൻ ഇതേ കുറിച്ച് പറഞ്ഞത്. മനോരമക്ക് എന്റെ പടം കണ്ടാൽ അറിയില്ലേ. മനോരമയ്ക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു.
ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്.
അയാൾ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല.
അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തിൽ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമയ്ക്ക് ഒരിക്കൽ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ മണികണ്ഠൻ പറഞ്ഞു.
ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് മണികണ്‌ഠൻ. കണക്കിൽപ്പെടാത്ത 1.90 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിലെ എഎംവി ഐയായ മണികണ്‌ഠന് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
ഒറ്റപ്പാലം ജോയിൻറ് ആർ ടി ഒ ഓഫീസിലെ അസിസ്‌റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറാണ് മണികണ്‌ഠൻ. കഴിഞ്ഞ 29ന് ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസർകോട്ടെ സ്വന്തം വീട്ടിലും വിജിലൻസ് സ്പെഷ്യൽ സെൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപയും നിരവധി രേഖകളും തെളിവുകളും മൊബൈൽ ഫോണുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു.
