Malayalam
രാഷ്ട്രീയം തുറന്ന് പറയുന്നതുകൊണ്ട് അഭിനയ ജീവതത്തെ അത് ബാധിക്കുമെന്ന് പേടിയില്ല, അങ്ങനെയെങ്കിൽ ജീവിക്കാൻ കഴിയില്ല; മണികണ്ഠൻ ആചാരി
രാഷ്ട്രീയം തുറന്ന് പറയുന്നതുകൊണ്ട് അഭിനയ ജീവതത്തെ അത് ബാധിക്കുമെന്ന് പേടിയില്ല, അങ്ങനെയെങ്കിൽ ജീവിക്കാൻ കഴിയില്ല; മണികണ്ഠൻ ആചാരി
മലയാളികൾക്കേറെ സുപരിചിതനായ താരമാണ് മണികണ്ഠൻ ആചാരി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാടം’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തിൽ ബാലൻ എന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിച്ചത്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ചിത്രത്തിലൂടെ മണികണ്ഠൻ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സംസാരിക്കുകയാണ് മണികണ്ഠൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിക്കുന്നത്.
24 മണിക്കൂറും കൊമേഷ്യലാകാൻ പറ്റില്ല. രാഷ്ട്രീയം തുറന്ന് പറയുന്നതുകൊണ്ട് അഭിനയ ജീവതത്തെ അത് ബാധിക്കുമെന്ന് പേടിയില്ല. അങ്ങനെയെങ്കിൽ ജീവിക്കാൻ കഴിയില്ല. ജോലി ചെയ്യുന്ന സമയത്ത് മാത്രമെ ഒരു ജോലിക്കാരനാകാൻ പറ്റുകയുള്ളു. അതല്ലാതെ ഒരു വ്യക്തി എന്ന നിലയ്ക്ക് പല കാര്യങ്ങളില്ലേ. എന്നുകരുതി എല്ലാ കാര്യത്തിനും കയറി അഭിപ്രായം പറയുകയുമില്ല.
നിലപാട് പറയുന്നത് ഒരു ബിസിനസാക്കിയെടുത്തിട്ടില്ല. ചില കാര്യങ്ങളിൽ എന്റെയുള്ളിൽ ഒരു മോട്ടിവേഷൻ ഉണ്ടാകും, അപ്പോൾ ഞാൻ പ്രതികരിക്കും. പലരും ചോദിച്ചേക്കാം ഇതിൽ പ്രതികരിച്ചല്ലോ അതിലെന്താ പ്രതികരിക്കാത്തത് എന്ന്. അത് നമ്മളല്ലേ, നമ്മുടെ ഉള്ളല്ലെ തീരുമാനിക്കുന്നത്. നമ്മുടെ വേദനയാണല്ലോ അത്.
ആർഎൽവി രാമകൃഷ്ണന്റെ പ്രശ്നം വന്നപ്പോൾ എന്റെ സഹോദരനെയാണ് എനിക്ക് ഓർമ്മ വന്നത്. അദ്ദേഹത്തിന് നേരെയാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാൻ മിണ്ടാതിരിക്കുമോ?. അതുകൊണ്ട് തന്നെ ആ വിഷയത്തിൽ ഇടപെടണമെന്ന് സമ്മർദ്ദം എന്റയുള്ളിൽ തന്നെ എനിക്കുണ്ടായി. ചില വിഷയങ്ങളിൽ എനിക്ക് അങ്ങനെ ഉണ്ടാകാറില്ല മണികണ്ഠൻ പറയുന്നത്.
അതേസമയം, മലയാള സിനിമാ മേഖലയിൽ നിന്ന് താൻ അവഗണന നേരിടുന്നുവെന്ന് മണികണ്ഠൻ ആചാരി പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് നല്ല റോളുകൾ എനിക്ക് തരാത്തതെന്ന് അറിയില്ല. രണ്ട് മൂന്ന് സ്‌ക്രിപ്റ്റുകൾ വന്നെങ്കിലും അതിന് പ്രൊഡ്യൂസർമാരെ കിട്ടുന്നില്ല. സാറ്റ്‌ലൈറ്റ് മൂല്യം ഇല്ലെന്നാണ് അതിന് കാരണമായി പറയുന്നത്.
എനിക്ക് വേണ്ടത്ര മാർക്കറ്റ് ഇല്ലാത്തതാണ് ഇതിന് കാരണം. മാർക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞിരുന്നു. ആ സിനിമയ്ക്ക് പ്രൊഡ്യൂസറെ അന്വേഷിച്ച് മതിയായി. മാർക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടാത്തത് എന്നാണ് പറയുന്നത്.
പിന്നീട് ഞാനറിയുന്നത് സൗബനിക്കയെ വെച്ചിട്ട് പടം മുന്നോട്ട് പോയെന്നാണ്. നടനെന്ന നിലയിൽ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടൻ സമ്മതിക്കില്ല. എന്നെ മാറ്റി ചിന്തിക്കാനുള്ള കാരണം എന്റെ കഴിവ് കുറവല്ല. എനിക്ക് സാറ്റ്‌ലൈറ്റ് മാർക്കറ്റ് വാല്യു ഇല്ല. ആ വാല്യു ആരാണ് തരുന്നതെന്നാണ് എന്റെ ചോദ്യം.
അഭിനയം അല്ലാതെ വേറൊരു പണി അറിയില്ല. ഇനി എന്ത് പണി എടുത്ത് ജീവിക്കും. എന്റെ ഗ്രാഫ് എടുത്താൽ താഴോട്ട് പോവുകയാണ്. എന്റെ ഭാഗത്താണ് തെറ്റെങ്കിൽ ആ തെറ്റ് തിരുത്താൻ ഞാൻ തയ്യാറാണ് എന്നുമാണ് കുറച്ച് നാളുകൾക്ക് മുമ്പ് മണികണ്ഠൻ ആർ ആചാരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.