News
സുരക്ഷാ ജീവനക്കാര്‍ നോക്കി നില്‍ക്കെ വിജയ് സേതുപതിയെ ചവിട്ടി വീഴ്ത്തി യുവാവ്; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വീഡിയോ
സുരക്ഷാ ജീവനക്കാര്‍ നോക്കി നില്‍ക്കെ വിജയ് സേതുപതിയെ ചവിട്ടി വീഴ്ത്തി യുവാവ്; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വീഡിയോ
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ആരാധകര്‍ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. നടനായും നിര്‍മ്മാതാവായും ഗാനരചയിതാവുായും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് താരം. അതും വളരെ ചുരുങ്ങിയ സമയ കൊണ്ട്. ഇപ്പോള്‍ ഒന്നിലധികം ഭാഷകളില്‍ ഒന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി തിരക്കിലാണ്. ഈ തിരക്കുകള്‍ക്കിടയിലുള്ള യാത്രയിലെ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരം എയര്‍പോര്‍ട്ടില്‍ വച്ച് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാനായ യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകില്‍ ചവിട്ടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തില്‍ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം. വീഡിയോയുടെ ഉറവിടമോ ആക്രമണത്തിന്റെ പ്രകോപനമോ വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാവുകയാണ്.
ഞെട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായതോടൊപ്പം സംഭവം അദ്ദേഹത്തിന്റെ ആരാധകരില്‍ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്ഹാസന് നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയന്‍താരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതല്‍’ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
നാടകത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ നടനാണ് വിജയ് സേതുപതി. മുമ്പ് സിനിമയില്‍ വരുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചതിനു ശേഷമാണ് സിനിമയിലേയ്ക്ക് താരം എത്തിപ്പെടുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ അച്ഛനെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ഗുരുനാഥ സേതുപതി അതാണെന്റെ പേര്. എന്റെ അപ്പ എനിക്കു ഇട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. ജീവിതത്തില്‍ എന്റെ മാസ്റ്റര്‍ എന്റെ അപ്പയാണ്.’
‘സമ്പാദിക്കുന്ന പണവും നേടിയ അറിവും മുഴുവനായി മക്കള്‍ക്കു ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ അച്ഛനാകും. മക്കള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരായിരം കാര്യങ്ങള്‍ മക്കളോട് ഒരു അച്ഛന് പറഞ്ഞുകൊണ്ടിരിക്കും. ഏതെങ്കിലും ഒരു കാലത്ത്, പറഞ്ഞ കാര്യങ്ങള്‍ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. ആ അറിവ് അവര്‍ക്കുണ്ട്. എന്റെ അപ്പയും ആ അറിവ് എനിക്ക് ഒരുപാടു പകര്‍ന്നു തന്നിട്ടുണ്ട്. അതുകൊണ്ടാണ്, ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്.’
‘അപ്പയുടെ ഫോട്ടോ നോക്കി ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ട്… വഴക്കിട്ടുണ്ട്. ഒരിക്കല്‍ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു. ‘ഞാന്‍ നന്നായി ഇരിക്കുന്ന ഈ സമയത്ത് നിങ്ങള്‍ എങ്ങോട്ടാണ് പോയത്,’ എന്നൊക്കെ പറഞ്ഞ് കുറെ ഇമോഷണല്‍ ആയി. അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റര്‍!’
പുതിയ സിനിമയായ മാസ്റ്ററില്‍ പ്രതിനായക വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. എന്നാല്‍, ജീവിതത്തില്‍ താനെപ്പോഴും നായകനാണെന്ന് തെളിയിക്കുന്നതായിരുന്നു ഓഡിയോ ലോഞ്ചിലെ വിജയ് സേതുപതിയുടെ വാക്കുകള്‍. ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള തന്റെ ശക്തമായ നിലപാടുകള്‍ അദ്ദേഹം ആരാധകരുമായി പങ്കുവച്ചു. ദൈവത്തെ രക്ഷിക്കാനാണെന്ന് പറഞ്ഞു വരുന്നവരെ വിശ്വസിക്കരുതെന്ന് താരം തുറന്നടിച്ചു.
‘ദൈവത്തിന് ഒരു സാധാരണ മനുഷ്യനെ രക്ഷിക്കാന്‍ കഴിയില്ല. ആരെങ്കിലും മതത്തെക്കുറിച്ച് സംസാരിക്കാന്‍ വന്നാല്‍ അവരോടു നമ്മള് വിശ്വസിക്കുന്ന മതത്തില്‍ പറയുന്ന കാര്യങ്ങള്‍ തിരിച്ചു പറയാതെ മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പറയൂ. ദൈവം മുകളിലാണ് ഇരിക്കുന്നത്. മനുഷ്യനാണ് ഭൂമിയിലുള്ളത്. മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യനേ കഴിയൂ. ഇത് മനുഷ്യര്‍ വാഴുന്ന ഇടമാണ്. നമ്മള് പരസ്പരം സ്നേഹത്തോടെ, സാഹോദര്യത്തോടെ കഴിയണം. മതം പറഞ്ഞ് ദൈവത്തെ പിടിക്കേണ്ട കാര്യമില്ല. ദൈവത്തിനും മനുഷ്യര്‍ക്കും മതം ആവശ്യമില്ല,’ എന്നും വിജയ് സേതുപതി അഭിപ്രായപ്പെട്ടു.
