Actress
ഒരു ഗസ്റ്റ് റോൾ എന്ന് പറഞ്ഞാണ് മഞ്ജു വാര്യരെ വിളിച്ചത്, ഇപ്പോൾ രണ്ട് പാട്ട് അവർക്ക് സിനിമയിലുണ്ട്; വെട്രിമാരൻ
ഒരു ഗസ്റ്റ് റോൾ എന്ന് പറഞ്ഞാണ് മഞ്ജു വാര്യരെ വിളിച്ചത്, ഇപ്പോൾ രണ്ട് പാട്ട് അവർക്ക് സിനിമയിലുണ്ട്; വെട്രിമാരൻ
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.
അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
ഇപ്പോഴിതാ പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരന്റെ പുതിയ ചിത്രമായ വിടുതലെെ 2 വിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ തുടങ്ങി വൻ താര നിര അണിനിരക്കുന്ന സിനിമയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ചിത്രത്തിന്റെ ഒന്നാം ഭാഗം വൻ വിജയമായിരുന്നു. ഒന്നാം ഭാഗത്തിൽ മഞ്ജു വാര്യർ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ നടിയുടെ കഥാപാത്രം എന്തായിരിക്കുമെന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ട്രെയിലർ ലോഞ്ചിൽ നടി ഇവന്റിന് എത്തിയിരുന്നില്ല. ഈ വേളയിൽ മഞ്ജുവിനെക്കുറിച്ച് വെട്രിമാരൻ സംസാരിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡയിയിൽ വൈറലായി മാറുന്നത്.
മഞ്ജു വാര്യർ ഇല്ലാത്തതിനാൽ അവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഒരു ഗസ്റ്റ് റോൾ എന്ന് പറഞ്ഞാണ് മഞ്ജു വാര്യരെ വിളിച്ചത്. മൂന്ന് സീനുണ്ടെന്നാണ് പറഞ്ഞത്. ഇപ്പോൾ രണ്ട് പാട്ട് അവർക്ക് സിനിമയിലുണ്ട്. വളരെ പ്രധാനപ്പെട്ട റോൾ ആണ് ചെയ്യുന്നത്. അസുരന് ശേഷം ഒരുമിച്ച് വർക്ക് ചെയ്യുകയാണ്. അവർ കൊണ്ട് വരുന്ന കമ്മിറ്റ്മെന്റുണ്ട്. ഒരു ക്യാരക്ടറിന് അവർ കൊടുക്കുന്ന ലൈഫുണ്ട്. അതും സ്പെഷ്യലാണ്.
2022 ഡിസംബറിലാണ് ഈ പ്രൊജക്ട് തുടങ്ങുന്നത്. നാല് വർഷം. അതിൽ അപ്സ് ആന്റ് ഡൗൺസ് വന്നു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ കല്യാണം കഴിച്ചവർക്ക് കുട്ടികളുണ്ടായി കുട്ടികളെ സ്കൂളിൽ അയച്ചു. അത്രയും കാലം ഈ സിനിമയിൽ എല്ലാവരും വർക്ക് ചെയ്തെന്നും വെട്രിമാരൻ പറഞ്ഞു.
അസുരനിൽ അഭിനയിക്കവെ വെട്രിമാരനും നായകൻ ധനുഷും അന്ന് മഞ്ജുവിന്റെ പ്രകടനത്തെ ഏറെ പ്രശംസിച്ചതാണ്. തമിഴകത്ത് ഈ ഒരു സിനിമയിലൂടെ വലിയ ജനപ്രീതി നേടാൻ മഞ്ജുവിന് സാധിച്ചു. പ്രാദേശിക തമിഴ് ഭാഷയിലെ ഡയലോഗുകൾ സ്വന്തം ശബ്ദത്തിൽ മഞ്ജു ഡബ് ചെയ്തു. തമിഴകത്തിന് ലഭിച്ച പുതിയ പെർഫോമറായി മഞ്ജു അറിയപ്പെട്ടു.
അതേസമയം പിന്നീട് നടി ശ്രദ്ധാപൂർവമാണ് സിനിമകൾ തെരഞ്ഞെടുത്തത്. അസുരനലിലേതുമായി സാമ്യമുള്ള അമ്മ വേഷങ്ങൾ തുടരെ വന്നപ്പോൾ നടി നിരസിച്ചു. അജിത്ത് ചിത്രം തുനിവിൽ കൺമണി എന്ന സ്റ്റെെലിഷ് കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ സ്ക്രീൻ സ്പേസ് കുറവായിരുന്നു. മഞ്ജുവിനെ പോലെ വലിയൊരു അഭിനേത്രിക്ക് തുനിവിൽ ചെറിയ വേഷം എന്ന ആശങ്ക സംവിധായകൻ എച്ച് വിനോദിന് പോലും ഉണ്ടായിരുന്നു.
എന്നാൽ സൂപ്പർസ്റ്റാറിനൊപ്പമുള്ള അവസരം മഞ്ജു വേണ്ടെന്ന് വെച്ചില്ല. ചെറുതെങ്കിലും തന്റെ സാന്നിധ്യം തുനിവിൽ അറിയിച്ചു. അസുരനിലെ അമ്മ വേഷമുണ്ടാക്കിയ ഇമേജ് തകർക്കാൻ മഞ്ജുവിനെ തുനിവ് സഹായിച്ചു. ഇത് തമിഴകത്തെ മുന്നോട്ട് പോക്കിന് ഗുണം ചെയ്തുവെന്നാണ് ആരാധകർ പറയുന്നത്. ശേഷം രജിനികാന്തിനൊപ്പം വേട്ടെയാൻ എന്ന സിനിമയിൽ നടി എത്തിയിരുന്നു.
എന്നാൽ വേട്ടെയാൻ മഞ്ജുവിന്റെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സിനിമയാണ്. ഒരു ഗാനരഗം ഒഴിച്ച് നിർത്തിയാൽ കാര്യമായൊന്നും മഞ്ജുവിന് ഈ സിനിമയിൽ ചെയ്യാനില്ലായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. വിടുതലെെ 2 വിൽ ആരാധകർക്ക് പ്രതീക്ഷകളേറെയാണ് .അണിയറയിൽ ഒരുങ്ങുന്ന മിസ്റ്റർ എക്സ് എന്ന ചിത്രത്തിൽ ആര്യ, ഗൗതം കാർത്തിക് എന്നിവർക്കൊപ്പമാണ് നടി അഭിനയിക്കുന്നത്.