News
ശില്‍പ ഷെട്ടിയുടെ 25 കോടിയുടെ മാന നഷ്ടക്കേസ്; അതെങ്ങനെ കളങ്കപ്പെടുത്തലാകും, പൊതുജീവിതം നിങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ്, പ്രതികരണവുമായി കോടതി
ശില്‍പ ഷെട്ടിയുടെ 25 കോടിയുടെ മാന നഷ്ടക്കേസ്; അതെങ്ങനെ കളങ്കപ്പെടുത്തലാകും, പൊതുജീവിതം നിങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ്, പ്രതികരണവുമായി കോടതി
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയ്ക്കെതിരേയും നടി ശില്‍പ ഷെട്ടി 25 കോടിയുടെ മാന നഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ കേസില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് ബോംബെ കോടതി. നടി നല്‍കിയ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കോടതി പറഞ്ഞത്. പൊലീസ് പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതെങ്ങിനെയാണ് കളങ്കപ്പെടുത്തലാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജീവിതം നിങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ്.
മൊഴി രേഖപ്പെടുത്തിയ സമയത്ത് ഭര്‍ത്താവിനോട് ക്ഷുഭിതയായതില്‍ എന്താണ് തെറ്റ്. അതിനര്‍ത്ഥം നിങ്ങള്‍ മനുഷ്യനാണെന്നാണ്. ഇത് സംഭവിച്ചത് നിങ്ങളുടെ സ്വകാര്യ സമയത്തല്ല. പൊലീസിന് മുന്നില്‍ വെച്ചായിരുന്നു എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, ശില്‍പ ഷെട്ടിയെ കുറിച്ചുള്ള വിവരങ്ങളോ വാര്‍ത്തയോ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ നടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ശില്‍പ്പയുടെ കുഞ്ഞുങ്ങളെ പ്രശ്നത്തിലേക്ക് വലിച്ചിടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞയാഴ്ച്ചയാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തില്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ സഹായി റയാന്‍ തോര്‍പ്പും ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായി.
കുന്ദ്രയുടെ കമ്പനി നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഹോട്ട് ആപ്പുകള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ബോളിവുഡ് സിനിമാ മോഹവുമായി മുംബൈയിലെത്തുന്ന യുവതി യുവാക്കളെയാണ് കുന്ദ്ര ഇരകളാക്കിയിരുന്നത്. കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
