News
രണ്ടാമത്തെ മകന്റെ പേര് വെളിപ്പെടുത്തി സെയ്ഫ് അലിഖാനും കരീന കപൂര്‍ ഖാനും; ഹിന്ദുവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന ആരോപണത്തില്‍ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍
രണ്ടാമത്തെ മകന്റെ പേര് വെളിപ്പെടുത്തി സെയ്ഫ് അലിഖാനും കരീന കപൂര്‍ ഖാനും; ഹിന്ദുവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന ആരോപണത്തില്‍ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് സെയ്ഫ് അലിഖാനും കരീന കപൂര്‍ ഖാനും. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. കരീന കപൂറിന്റെ പുതിയ പുസ്തകത്തിലാണ് കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. ജഹാംഗീര്‍ എന്നാണ് കുഞ്ഞിന് ഇരുവരും നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ കുഞ്ഞിന്റെ പേര് പ്രഖ്യാപനത്തിന് പിന്നാലെ സെയ്ഫ് അലി ഖാനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം രൂക്ഷമാകുകയാണ്.
ആദ്യ മകന്‍ തൈമുര്‍ അലി ഖാന്റെ പേര് പുറത്ത് വിട്ടപ്പോഴും സമാന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നടന്നിരുന്നു. കരീനയും സെയ്ഫും മുഗള്‍ രാജാക്കന്‍മാരുടെ പേര് കുട്ടികള്‍ക്കിടുന്നതാണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രശ്നം. സിക്ക് ഗുരു ആയ ഗുരു അര്‍ജന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തിയാണ് ജഹാംഗീര്‍.
അത്തരമൊരു വ്യക്തിയുടെ പേര് എന്തിനാണ് കുട്ടിക്ക് നല്‍കിയതെന്നും പലരും ചോദിക്കുന്നുണ്ട്. ഇത് ഹിന്ദുവികാരത്തെ വൃണപ്പെടുത്തുന്നുവെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. ഇനി അടുത്ത കുഞ്ഞിന് ഔറങ്കസീബ് എന്നായിരിക്കും ഇരുവരും പേരിടുക എന്നും സമൂഹമാധ്യമത്തില്‍ ട്രോളുകള്‍ പറയുന്നു. മുമ്പ് സെയ്ഫ് അലി ഖാന്‍ ഭാഗമായ താണ്ഡവ് എന്ന സീരീസ് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരില്‍ ആരോപണങ്ങളും ആക്രമണങ്ങളും നേരിട്ടിരുന്നു.
പുതിയ ബോളിവുഡ് ചിത്രത്തില്‍ കരീന സീതയുടെ വേഷം ചെയ്യുന്നു എന്ന റിപ്പോര്‍്ട്ടിന് പിന്നാലെ താരത്തിനെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. തൈമുര്‍ അലി ഖാന്റെ ജനനത്തിന് ശേഷം വലിയ രീതിയില്‍ മാധ്യമങ്ങള്‍ കുഞ്ഞിന് ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു.
അതേ തുടര്‍ന്നായിരിക്കാം രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രം പോലും ഇരു താരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ സൈബര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലും ഇരു താരങ്ങളുടെയും ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
