Malayalam
നടിയുടെ നമ്പരില്‍ ഒരാഴ്ചയായി മെസേജുകളുടെ ബഹളം ആണ്, ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക; പോസ്റ്റുമായി രഞ്ജിത്ത് ശങ്കര്‍
നടിയുടെ നമ്പരില്‍ ഒരാഴ്ചയായി മെസേജുകളുടെ ബഹളം ആണ്, ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക; പോസ്റ്റുമായി രഞ്ജിത്ത് ശങ്കര്‍
മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രമാണ് സണ്ണി. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയില്‍ ഒരു നടിയുടെ നമ്പര്‍ എന്ന രീതിയില്‍ കാണിച്ചിരിക്കുന്ന നമ്പറിലേയ്ക്ക് നിരന്തരമായി മെസേജുകള്‍ വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
‘സണ്ണിയില്‍ നിമ്മിയുടെ നമ്പര്‍ ആയി കാണിച്ചിരിക്കുന്നത് എന്റെ അസിസ്റ്റന്റ് ആയ സുധീഷ് ഭരതന്റെതാണ്. ഒരാഴ്ചയായി അതില്‍ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക,’ എന്നാണ് രഞ്ജിത്ത് ശങ്കര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ഇതിന് രസകരമായ കമന്റുകളാണ് പോസ്റ്റിന് കീഴെ വരുന്നത്. ‘നിമ്മി ആയിട്ട് സണ്ണിയില്‍ സണ്ണി ലിയോണ്‍ വരാഞ്ഞത് സുധീഷിന്റെ ഭാഗ്യം, വേണ്ടാരുന്നു രഞ്ജിത്തേട്ടാ, ഞങ്ങളെ ഇങ്ങനെ പറ്റിക്കെണ്ടായിരുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍.
ഇതിനിടെ സ്പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക് സണ്ണി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡിനിടയില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന സണ്ണി ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടി വരുന്നു. തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട്, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്ന സണ്ണി, ഈ വൈകാരിക ശൂന്യത നികത്താനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വഹിക്കുന്നു. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.