News
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കില്‍ പ്രധാന കഥാപാത്രമായി നിത്യാ മേനോനും, വിവരങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കില്‍ പ്രധാന കഥാപാത്രമായി നിത്യാ മേനോനും, വിവരങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
മലയാളത്തിലേറെ വിജയം കൈവരിച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘അയ്യപ്പനും കോശിയും’. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രം നിരവധി പ്രശംസകള്‍ക്കാണ് അര്‍ഹമായത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നിത്യാ മേനോനും കേന്ദ്ര കഥാപാത്രമാവുന്നു എന്നാണ് വിവരം. അണിയറ പ്രവര്‍ത്തകരാണ് നിത്യ മേനോന്‍ ജോയിന്‍ ചെയ്ത വിവരം അറിയിച്ചത്.
നിലവില്‍ നിത്യ മേനോന്‍ ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. എന്നാല്‍ ഇരുവരും ആരുടെ നായികമാരാണെന്ന വിവരം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 2022 ല്‍ ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. പവന്‍ കല്യാണും റാണയും കുറച്ച് ദിവസം മുമ്പാണ് സെറ്റില്‍ ജോയിന്‍ ചെയ്തത്.
മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ ഭീംല നായക് എന്ന പേരിലാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയും പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.
സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ എസ് തമനാണ് സംഗീതമൊരുക്കുന്നത്. 2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്.
ചിത്രത്തില്‍ ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്‌സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.
