Malayalam
ബോളിവുഡില്‍ ചുവടുറപ്പിച്ച് നീരജ് മാധവ്; സൂപ്പര്‍ ഹിറ്റായി ‘ഫീല്‍സ് ലൈക് ഇഷ്ക്’ ട്രെയിലര്‍
ബോളിവുഡില്‍ ചുവടുറപ്പിച്ച് നീരജ് മാധവ്; സൂപ്പര്‍ ഹിറ്റായി ‘ഫീല്‍സ് ലൈക് ഇഷ്ക്’ ട്രെയിലര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നീരജ് മാധവ്. ഇപ്പോഴിതാ ‘ഫീല്‍സ് ലൈക് ഇഷ്ക്’ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കുകയാണ് നീരജ് മാധവ്.
ആറ് ചെറു ചിത്രങ്ങളാണ് ഈ ആന്തോളജി ചിത്രത്തിലുള്ളത്. ഇതില്‍ നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ‘ഇന്റര്‍വ്യൂ’ സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന് കുന്ദല്‍ക്കറാണ്. മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്നത്.
‘അയ്യ’, ‘കൊബാള്‍ട്ട് ബ്ളൂ’ എന്നിവയാണ് സച്ചിന് കുന്ദല്‍ക്കര്‍ ഇതിന് മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. രോഹിത് സരഫ്, രാധിക മധന്‍, ടാനിയ, അമോല്‍ പരാഷാര്‍, സിമ്രാന് ജെഹാനി, കജോള്‍ ചഗ്, സന്‍ജീത ഭട്ടാചാര്യ, സ്കന്ദ് ഠാക്കൂര്‍, സബ ആസാദ്, മിഹിന് അഹുജ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രം ജൂലൈ 23നാണ് റിലീസ് ചെയ്യുന്നത്.
അതേസമയം, കുട്ടിക്കാലത്തെ തന്റെ പ്രണയകഥ നീരജ് തുറന്നു പറഞ്ഞത് ശ്രദ്ധിക്കപ്പെടുകയാണ്. ഒഫീഷ്യല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജില്‍ എഴുതിയ കുറിപ്പിലാണ് ട്യൂഷന് ക്ലാസില്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിനെ കുറിച്ച് നീരജ് പങ്കുവെച്ചത്. ഈ കുറിപ്പ് നെറ്റ്ഫ്ളിക്സ് തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതോടെ ഹിറ്റായിരിക്കുകയാണ്.
നീരജ് മാധവിന്റെ കുറിപ്പ്:
ബോയ്സ് സ്കൂളില്‍ പഠിച്ചിരുന്നതിനാല്‍ സ്ത്രീകളുമായുള്ള ഇടപെടല്‍ വളരെ കുറാവായിരുന്നു. ചെറുപ്പം ആയപ്പോള്‍ ആരെയെങ്കിലും ഡേറ്റിംഗിന് കൊണ്ടു പോവുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. കാരണം പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വിഷമം ആയിരുന്നു. പ്ലസ് ടുവില്‍ എത്തിയപ്പോള്‍ ആദ്യമായി എനിക്ക് ഒരു ക്രഷ് ഉണ്ടായി. ട്യൂഷന് ക്ലാസില്‍ വച്ചാണ് അവളെ കണ്ടത്. അവള് മറ്റൊരു ബാച്ച് ആയിരുന്നു.
അവളുടെ വലിയ തവിട്ട് നിറമുള്ള കണ്ണുകളെ എനിക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത് എന്നെ ആകര്‍ഷിച്ചു. ആ ദിവസം ബാക്കിയെല്ലാം ഒരു മങ്ങല്‍ ആയിരുന്നു, പക്ഷെ ഞാന്‍ ഒരുപാട് പുഞ്ചിരിച്ചു. എല്ലാ ദിവസവും അവളുടെ ക്ലാസിലേക്ക് നോക്കുന്നത് പതിവായി. ഞങ്ങള്‍ സംസാരിച്ചില്ല. കുറച്ച് ദിവസങ്ങള്‍ക്ക് അവളും എന്നെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങി. അതു മാത്രം മതിയായിരുന്നു എനിക്ക് ചുവന്നു തുടുക്കാന്‍.
അവള് പോകുന്നതു വരെ ഞാന്‍ ബസ് സ്റ്റോപ്പില്‍ കാത്തു നില്ക്കാന് തുടങ്ങി. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അവളോട് സംസാരിക്കാന്‍ പറഞ്ഞെങ്കിലും കഴിഞ്ഞില്ല. പിന്നീട് അവള് ക്ലാസിലേക്ക് കയറുമ്പോള്‍ കുട്ടികള്‍ ചുമയ്ക്കാനും വെറുതെ എന്റെ പേര് പറയാനും തുടങ്ങി. ഒരു ദിവസം അവള് ഒരു പുസ്തകം എനിക്ക് തരുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി. അങ്ങനെ ചെയ്യല്ലേ എന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല.
അവള് പിന്നീട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും എനിക്ക് നാണമായിരുന്നു. അതിനിടയില്‍ ഞാന്‍ ഡാന്‍സ് റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള ട്രെയ്നിംഗില് ആയിരുന്നു. ട്യൂഷന് ക്ലാസില്‍ നിന്നും പോകുന്ന അവസാന ദിവസമാണ് അവളെ ഒടുവില്‍ കണ്ടത്. അന്ന് ഫെയ്സ്ബുക്കും ഫോണും ഒന്നും ഇല്ലാത്തതിനാല്‍ അവളുമായി ബന്ധം കൊണ്ടു പോവാന്‍ സാധിച്ചില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ജോലിക്കായി വേറെ സിറ്റിയിലേക്ക് പോയി. അവളെ കുറിച്ച് ഓര്‍ത്തില്ല. അങ്ങനെ ഒരു ദിവസം എന്നെ ഒരു പെണ്‍കുട്ടി വിളിച്ചു. അവള് ആരാണെന്ന് പറഞ്ഞില്ല, എന്നാല്‍ ഞാന്‍ ഫെയര്‍വെല്ലിന് ധരിച്ച ഡ്രസ്, എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്താണ് എന്നൊക്കെ അവള്‍ക്ക് അറിയാമായിരുന്നു. അത് അവളാണെന്ന് എനിക്ക് തോന്നിയിരുന്നു.
കൗമാരക്കാലത്ത് മറ്റൊരാളോട് ഇത്രയും ഗാഢമായ ഇഷ്ടം തോന്നിയതില്‍ ഇപ്പോഴും അത്ഭുതം തോന്നുകയാണ്. നാളുകള്‍ക്ക് ശേഷം ജീവിതത്തിലെ എന്റെ പ്രണയത്തെ ഞാന്‍ വിവാഹം കഴിച്ചു. ഞങ്ങള്‍ക്കൊരു കൊച്ചു മകളുണ്ട്. അടിവയറ്റില്‍ മഞ്ഞു പെയ്യുന്ന കുളിരല്ല, കേറിച്ചെല്ലാനുള്ള വീടാണ് പ്രണയമെന്ന് ഇന്നെനിക്ക് അറിയാം.
