Malayalam
എന്റെ കാല് ട്വിസ്റ്റായി…. പടത്തിൽ നിന്ന് മാറേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു; വിഡിയോ പങ്കുവച്ച് നീരജ് മാധവ്
എന്റെ കാല് ട്വിസ്റ്റായി…. പടത്തിൽ നിന്ന് മാറേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു; വിഡിയോ പങ്കുവച്ച് നീരജ് മാധവ്
നടൻ നീരജ് മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ആർഡിഎക്സ്’ സിനിമ ഷൂട്ടിങ്ങിനിടയിൽ കാലിനു ഗുരുതരമായി പരിക്കേറ്റ സംഭവമാണ് വിവരിച്ചത്. കാലിന്റെ കുഴ തെറ്റി സിനിമ പൂർത്തീകരിക്കാൻ കഴിയില്ലെന്ന് കരുതിയ സമയത്തുനിന്ന് പരിശ്രമത്തിലൂടെ അത് സാധ്യമാക്കിയതിനെക്കുറിച്ച് വിവരിച്ചിരിക്കുകയാണ നീരജ്.
കുറിപ്പ് ഇങ്ങനെ
“ക്ലൈമാക്‌സ് ഫൈറ്റിൽ, അൻപറിവ് വന്ന ആദ്യത്തെ ദിവസം ഞാനൊരാളെ കിക്ക് ചെയ്തിട്ട് നിക്കണം. താഴേ ഫോം പാഡുകൾ വെച്ചിട്ടുണ്ടായിരുന്നു, അതിൽ കാല് വെച്ചപ്പോൾ എന്റെ കാല് ട്വിസ്റ്റായി. ഞാൻ ഒരുപാട് കാര്യങ്ങളാണ് ആ സമയം ചിന്തിച്ചത്. ഇനി ഞാൻ ഈ പടത്തിൽ നിന്ന് മാറേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു, ഭയങ്കര ഡാർക്ക് ആയിരുന്നു…”, പരിക്ക് സംഭവിച്ചതിനെക്കുറിച്ച് വിഡിയോയിൽ നീരജ് പറയുന്നതിങ്ങനെ. ടോം ആഷ്‌ലി എന്ന ഫിസിയോതെറാപ്പിസ്റ്റാണ് നീരജിനെ ചികിത്സിച്ച് പരിക്ക് ഭേദമാക്കിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം.
‘‘നിങ്ങൾ വേണ്ടെന്നുവയ്ക്കുമ്പോൾ മാത്രമാണ് അത് അവസാനിക്കുന്നത്. എന്നിൽ വിശ്വസിച്ച ചുരുക്കം ചിലർക്ക് നന്ദി, എന്നെ സംശയിക്കുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തവർക്ക് നന്ദി. ആ പരിഹാസങ്ങളും കളിയാക്കലുകളും എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്! നിങ്ങൾക്ക് ശരിക്കും എന്തെങ്കിലും വേണമെങ്കിൽ, അത് നേടിയെടുക്കാൻ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും. ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു, അതിന് എനിക്ക് അതിയായ നന്ദിയുണ്ട്. ഞാൻ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കാര്യങ്ങൾ കണ്ടെത്താനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഒരിക്കൽ കൂടി, എല്ലാവർക്കും നന്ദി. ഏറ്റവും പ്രധാനമായി എന്നെ ആ സമയത്ത് ചികിത്സിച്ച ടോം ആഷ്‍ലിക്ക് നന്ദി പറയുന്നു. എനിക്ക് ആത്മവിശ്വാസം നൽകി ചുരുങ്ങിയ സമയം കൊണ്ട് പരിക്ക് ഭേദമാക്കിയത് ടോമിന്റെ സഹായത്തോടെയാണ്. അടുത്ത ദിവസം തന്നെ എനിക്ക് സ്റ്റണ്ട് ചെയ്യാൻ സാധിച്ചു. നിങ്ങൾ ഒരു രക്ഷകനാണ്’’, നീരജ് കുറിച്ചു.