News
ആര്യന് ഖാനുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസില്‍ വന്‍ വഴിത്തിരിവ്.., 18 കോടി രൂപയുടെ ഡീല്‍ നടന്നതായി സാക്ഷി, നിഷേധിച്ച് എന്‍സിബി
ആര്യന് ഖാനുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസില്‍ വന്‍ വഴിത്തിരിവ്.., 18 കോടി രൂപയുടെ ഡീല്‍ നടന്നതായി സാക്ഷി, നിഷേധിച്ച് എന്‍സിബി
ആര്യന് ഖാനെതിരായ കേസില്‍ ലഹരി മരുന്ന് വിരുദ്ധ ഏജന്‍സിയായ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ സാക്ഷി ഏജന്‍സിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചു. കേസില്‍ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി എന്നാണ് എന്‍.സി.ബിക്കെതിരെയും ആര്യന് ഖാനൊപ്പമുള്ള സെല്‍ഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകന് കെ പി ഗോസാവിക്കും എതിരെയുള്ള ആരോപണം.
18 കോടി രൂപയുടെ ഇടപാട് താന്‍ കേട്ടതായാണ് കെപി ഗോസാവിയുടെ സ്വകാര്യ അംഗരക്ഷകനാണെന്ന് അവകാശപ്പെടുന്ന പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. അതേസമയം നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെ ഈ ആരോപണം നിഷേധിക്കുകയും, ഉചിതമായ മറുപടി നല്‍കുമെന്ന് പറയുകയും ചെയ്തു.
പ്രഭാകര്‍ സെയിലിന്റെ ഈ അവകാശവാദത്തെ അടിസ്ഥാനരഹിതം എന്നാണ് ഏജന്‍സി വിശേഷിപ്പിക്കുന്നത്, കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനാണ് പ്രതികള്‍ ജയിലില്‍ കഴിയുന്നത് എന്ന് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി എന്‍.ഡി.ടി വി റിപ്പോര്‍ട്ട് ചെയ്തു.
എന്‍.സി.ബിയുടെ പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും. ഓഫീസില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടെന്നും അത്തരത്തിലുള്ള ഒരു ഇടപാടും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒക്ടോബര്‍ രണ്ടിന് മുമ്പ് പ്രഭാകര്‍ സെയിലിനെ തങ്ങള്‍ കണ്ടിട്ടില്ലെന്നും അയാള്‍ ആരാണെന്ന് അറിയില്ല എന്നും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ സത്യവാങ്മൂലം എന്‍ഡിപിഎസ് കോടതിയില്‍ എത്തിയാല്‍ അവിടെ മറുപടി നല്‍കും എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
