Malayalam
സഹോദരിക്ക് വീട്ടില്‍ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരുന്നു, അവളുടെ സ്വകാര്യതയില്‍ ഇടപെടാറുമില്ലായിരുന്നു, ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അഞ്ജന മദ്യപിച്ചതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു; അഞ്ജന മദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ച ദൃശ്യങ്ങള്‍ കണ്ടുവെന്ന് സഹോദരന്
സഹോദരിക്ക് വീട്ടില്‍ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരുന്നു, അവളുടെ സ്വകാര്യതയില്‍ ഇടപെടാറുമില്ലായിരുന്നു, ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അഞ്ജന മദ്യപിച്ചതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു; അഞ്ജന മദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ച ദൃശ്യങ്ങള്‍ കണ്ടുവെന്ന് സഹോദരന്
കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഓരോ ദിവസവും ദുരൂഹത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇപ്പോഴിതാ കൊല്ലപ്പെട്ട മോഡലുകളില്‍ ഒരാളായ അഞ്ജന ഷാജന്റെ സഹോദരന് അര്‍ജുന്റെ വാക്കുകളാണ് വൈറലാകുന്നത്.
അഞ്ജന ഷാജന്, ഹോട്ടലില്‍വച്ചു രണ്ടു തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചിരുന്നെന്നാണ് സഹോദരന് അര്ജുന് പറയുന്നത്. നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കു ശേഷം, രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് അഞ്ജന മദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ച ദൃശ്യമുള്ളത്. ഇതു പൊലീസ് തന്നെ കാണിച്ചിരുന്നു. അഞ്ജന ചില നൃത്തച്ചുവടുകള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം. പാര്‍ട്ടി കഴിഞ്ഞ് അഞ്ജന സന്തോഷത്തോടെ ഇറങ്ങിപ്പോരുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നു മദ്യക്കുപ്പി ലഭിച്ചെന്നു പറയുന്നു. പക്ഷേ ഹോട്ടലില്‍ നിന്നു നാലു പേരും കയ്യും വീശി ഇറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരുപക്ഷേ അതു വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നതായിരിക്കും. ഹോട്ടലില്‍നിന്ന് ഇറങ്ങിയപ്പോള്‍ അഞ്ജന മദ്യപിച്ചതിന്റെ യാതൊരു ലക്ഷണവും വിഡിയോയില്‍ ഇല്ല. വീട്ടില്‍ മദ്യം കയറ്റുന്നതിനോടു തന്നെ അവള്‍ക്കു വിയോജിപ്പായിരുന്നു. തന്റെ വിവാഹത്തിനു പോലും സുഹൃത്തുക്കള്‍ക്കു മദ്യം നല്‍കുന്നതിനെ അഞ്ജന എതിര്‍ത്തിരുന്നു. മദ്യപിക്കുന്നവര്‍ ഉണ്ടെങ്കില്‍ വീട്ടില്‍ കയറ്റേണ്ട എന്നാണ് പറഞ്ഞത്. കാറോടിച്ച അബ്ദുള്‍ റഹ്മാന് പൊലീസിനു നല്കിയ മൊഴി ശരിയാണോ എന്ന് അറിയില്ലെന്നും അര്ജുന് പറഞ്ഞു.
അഞ്ജനയും അബ്ദുല്‍ റഹ്മാനും തമ്മില്‍ പ്രണയത്തിലായിരുന്നെന്നു സുഹൃത്തു പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. ആദ്യമായാണ് ആ പയ്യനെ കാണുന്നത്. തന്നോടു പറയാന്‍ പറ്റില്ലെങ്കിലും അങ്ങനെ ഒരു ബന്ധമുണ്ടെങ്കില്‍ അമ്മയോടെങ്കിലും പറയേണ്ടതാണ്. അഞ്ജനയ്ക്കു വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് വിവാഹത്തിന് അവള് സമ്മതിക്കുകയും ചെയ്തു. മറ്റെന്തെങ്കിലും ബന്ധമുള്ളതായി അറിവില്ല. സഹോദരിക്ക് വീട്ടില്‍ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരുന്നു. അവളുടെ സ്വകാര്യതയില്‍ ഇടപെടാറുമില്ലായിരുന്നു.
അപകടം നടന്ന രാത്രി അമ്മയ്ക്ക് അഞ്ജന വോയ്സ് മെസേജ് ഇട്ടിരുന്നു. പുറത്താണ് ഉള്ളതെന്നും അന്‍സി കൂടെയുണ്ട്, നാളെ വരാമെന്നുമായിരുന്നു അവസാനത്തെ വോയ്സ് മെസേജ്. വരില്ലെന്നു പറഞ്ഞെങ്കിലും രാത്രി വരാന്‍ ഉദ്ദേശിച്ചായിരിക്കണം ഹോട്ടലില്‍ നിന്ന് ഇറങ്ങിയത്. ലഗേജ് കയ്യില്‍ കരുതിയിരുന്നു.
പൊലീസ് വിളിപ്പിച്ച് കൊച്ചിയില്‍ എത്തിയപ്പോഴാണ് ഹോട്ടല്‍ ഉടമ വലിയ സ്വാധീനമുള്ള ആളാണെന്ന് അറിയുന്നത്. ഇതുവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. പക്ഷേ ഭയമുണ്ട്. അപരിചിതര്‍ വീട്ടില്‍ വരുമ്പോള്‍ വിവരങ്ങള്‍ തിരക്കിയശേഷം മാത്രമാണ് സംസാരിക്കാറുള്ളത്. തന്റെയും കുടുംബത്തിന്റെയും സംശയങ്ങള്‍ക്കെല്ലാം ഇതുവരെ പൊലീസ് കൃത്യമായി മറുപടിയും വിവരങ്ങളും നല്‍കുന്നുണ്ട്. അപകടത്തില്‍പ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അര്ജുന് വ്യക്തമാക്കി.
എന്നാല്‍ രണ്ട് ദിവസമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസ് അട്ടമറിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നാണ് വിവരങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്. അഞ്ജനയും അബ്ദുല്‍ റഹ്മാനും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന, സുഹൃത്ത് സല്‍മാന്റെ തുറന്ന് പറച്ചിലിന് പിന്നാലെ അന്‍സി കബീര്‍ ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ റോയ് ജോസഫ് എന്ന ഹോട്ടല്‍ ഉടമയെ കെട്ടിപ്പിടിച്ച് ചുംബിച്ചതിനു ശേഷമാണ് പോയതെന്നുള്ള വിവരവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അഞ്ജനയുടെ പ്രണയത്തെ കുറിച്ച് ഒന്നുംതങ്ങള്ക്കറിയില്ല എന്ന നിലപാടില്‍ തന്നെയാണ് കുടുംബം.
അതേസമയം, ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാന്‍ തേവര കണ്ണങ്കാട്ടിന് സമീപത്തെ കായലില്‍ തെരച്ചില്‍ തുടങ്ങി. പ്രാഫഷണല്‍ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന. ഹോട്ടലുടമ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം ഹാര്‍ഡ് ഡിസ്ക് കായലില്‍ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴി പ്രകാരമാണ് തെരച്ചില്‍.
അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. നേരത്തെ ഹാര്‍ഡ് ഡിസ്ക്കിനായി ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു.
ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടര്‍ന്നായിരുന്നു തെരച്ചില്‍. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ട് ഡിവി ആറുകളില്‍ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു.
കാണാതായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അഞ്ജനാ ഷാജന്റെ വാഹനത്തെ മുമ്പും ചില അഞ്ജാതര്‍ പിന്തുടര്‍ന്നിരുന്നിരുന്നെന്ന സൂചനകളെത്തുടര്‍ന്നാണ് അന്വേഷണം. അപകടത്തില്‍പ്പെട്ട കാറിന് നരത്തെ തന്നെ മറ്റെന്തെങ്കിലും തകരാറുണ്ടായിരുന്നോയെന്നറിയാന്‍ ഫൊറന്‍സിക് പരിശോധനയും അടുത്ത ദിവസം നടത്തും. അപകടത്തിന് മുമ്പ് കാറിന്റെ ബ്രേക്ക് ഫ്ലൂയിഡ് ചോര്‍ന്നിരുന്നോ എന്ന സംശയത്തിനും ഇതോടെ ഉത്തരമാകും. കൊല്ലപ്പെട്ട ദിവസം മോഡലുകളെ പിന്തുടര്ന്ന് വാഹനം ഓടിച്ചിരുന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
