Malayalam
അവളുടെ രാവുകള്‍ ചെയ്യുമ്പോള്‍ അത് നഷ്ടമാകുമോ എന്നുള്ള ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; തന്റെ മാനസികാവസ്ഥയെ കുറിച്ച് സീമ
അവളുടെ രാവുകള്‍ ചെയ്യുമ്പോള്‍ അത് നഷ്ടമാകുമോ എന്നുള്ള ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; തന്റെ മാനസികാവസ്ഥയെ കുറിച്ച് സീമ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സീമ. നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ നടിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്ന തന്റെ മാനസികാവസ്ഥയെ കുറിച്ചും ടെന്‍ഷനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സീമ. ഒരു ടിവി ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അവളുടെ രാവുകള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഒരേയൊരു ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സീമ പറയുന്നത്. ഡാന്‍സ് പ്രൊഫഷാക്കിയ തനിക്ക് ആ ജോലി നഷ്ടമാകുമോ എന്നുള്ള ഒരു ഭയവും ചിന്തയും മാത്രമായിരുന്നു അവളുടെ രാവുകള്‍ ചെയ്യുന്രോള് മനസ്സിലുണ്ടായിരുന്നത് എന്ന് നടി പറയുന്നു.
‘അവളുടെ രാവുകള്‍’ ചെയ്യുമ്പോള്‍ സിനിമ ഹിറ്റാകുമോ എന്നോ ഞാന്‍ വലിയ നടിയായി അറിയപ്പെടുമോ എന്നൊന്നുമുള്ള ചിന്ത എനിക്ക് ഇല്ലായിരുന്നു. ആ സിനിമയെക്കുറിച്ച് എനിക്ക് യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു. പക്ഷേ എന്റെ ഡാന്‍സ് പ്രൊഫഷന് നഷ്ടപ്പെട്ടു പോകുമോ?, സിനിമയില്‍ അഭിനയിച്ചിട്ടു വരുമ്പോള്‍ നര്‍ത്തകി എന്ന നിലയില്‍ എന്റെ ജോലി നഷ്ടപ്പെടുമോ? എന്നുള്ള ടെന്‍ഷന്‍ മാത്രമായിരുന്നു എന്റെ മനസ്സിലുള്ളത്. അല്ലാതെ ‘അവളുടെ രാവുകള്‍’ എന്ന സിനിമ ഇറങ്ങിയതിന്റെ തലേ ദിവസം ഇത് ഹിറ്റാകുമോ? പ്രേക്ഷകര്‍ സ്വീകരിക്കുമോ? എന്നൊന്നുമുള്ള യാതൊരു വിധ ടെന്‍ഷനും എനിക്ക് ഇല്ലായിരുന്നു. ശശിയേട്ടന് പറഞ്ഞതിനനുസരിച്ച് ഞാന്‍ ചെയ്തു എന്നുള്ളതല്ലാതെ ആ കഥാപാത്രത്തിന്റെ ആഴം എന്താണെന്നോ, നാളെ ഇത് വലിയ തരംഗമായി മാറുമെന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല’ എന്നും സീമ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന സിനിമ. മലയാളത്തിലെ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രവും കൂടിയായിരുന്നു ഇത്. മലയാളത്തിലെ ആദ്യ ന്യുജെന് സിനിമ എന്നു വേണമെങ്കിലും ഈ ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്. താരനായകന്മാരില്ലാതെ ഒരു സിനിമ ചെയ്യുന്നത് ആലോചിക്കാന്‍ പോലും കഴിയാതിരുന്ന കാലത്താണ് ഐ വി ശശി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. അക്കാലത്തിറങ്ങിയ മറ്റു മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാ പ്രദര്‍ശനം ചിത്രത്തില്‍ കൂടുതലായിരുന്നതിനാല്‍ അശ്ലീല ചിത്രമെന്ന് മുദ്രകുത്തപ്പെടുകയായിരുന്നു. ചിത്രത്തില്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള നായിക സീമയുടെ പോസ്റ്ററുകള്‍ അക്കാലത്ത് വന്‍ കോളിളക്കമുണ്ടാക്കി. സീമ അവതരിപ്പിച്ച രാജിയെന്ന കഥാപാത്രം യുവപ്രേക്ഷകരെ ഹരം കൊള്ളിച്ചു. ഇതേക്കുറിച്ച് വന്‍ ചര്‍ച്ചകളാണ് അന്ന് നടന്നത്. കേരളത്തിന്റെ സദാചാര ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്ന ചിത്രം പിന്നീടാണ് ശക്തമായ സ്ത്രീപക്ഷ സിനിമയെന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതം തുറന്നുകാട്ടിയ ചിത്രമെന്നും വിളിക്കപ്പെട്ടത്. ചിത്രത്തിന്റെ റീമേക്ക് ചര്‍ച്ച ഉയര്‍ന്നു വന്നിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
