Malayalam
സില്‍ക് സ്മിതയുടെ ബയോപിക് വീണ്ടും, പ്രഖ്യാപനവുമായി വിവാദ നായിക
സില്‍ക് സ്മിതയുടെ ബയോപിക് വീണ്ടും, പ്രഖ്യാപനവുമായി വിവാദ നായിക
ഡേര്‍ട്ടി പിക്ചറിന് പിന്നാലെ സില്‍ക്ക് സ്മിതയുടെ ബയോപിക് വീണ്ടും സിനിമയാകുന്നു. വിവാദങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ശ്രീ റെഡ്ഡയാണ് നായികയാകുന്നത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സില്‍ക്ക് സ്മിതയുടെ ബയോപിക്ക് ചിത്രത്തില്‍ താന്‍ വേഷമിടുന്നു എന്ന വിവരം പങ്കുവെച്ചാണ് ശ്രീറെഡ്ഡി എത്തിയത്. സിനിമയുടെ സംവിധായകനൊപ്പം എത്തിയ നടി ഒരു വീഡിയോയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സില്‍ക്ക് സ്മിത ബയോപിക്ക് തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്യുകയെന്നും ശ്രീ റെഡ്ഡി വീഡിയോയിലൂടെ പറഞ്ഞു.
കൂടാതെ തന്റെ പുതിയ ചിത്രത്തിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും നടി അഭ്യര്‍ത്ഥിച്ചു. ചിത്രത്തിന്റെ അണിയറയില്‍ വലിയൊരു ടീം തന്നെയുണ്ടെന്നും മറ്റു വിവരങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും ശ്രീ റെഡ്ഡി വീഡിയോയില്‍ പറഞ്ഞു. സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി മുന്‍പും സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 2011ല്‍ ഇറങ്ങിയ ബോളിവുഡ് ചിത്രം ദി ഡേര്‍ട്ടി പിക്ചര്‍ നടിയുടെ ജീവിതത്തില്‍ നിന്നും പ്രചോദമുള്‍കൊണ്ടാണ് ഒരുക്കിയത്.
കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ തെലുങ്ക് താരമാണ് നടി ശ്രീ റെഡ്ഡി. 2018ല്‍ ശ്രീ റെഡ്ഡി നടത്തിയ തുറച്ചുപറച്ചില് വലിയ വിവാദമുണ്ടാക്കിയിരുന്നു. തെലുങ്ക് സിനിമാലോകത്തിനെതിരെ ആയിരുന്നു അന്ന് നടി രംഗത്തെത്തിയത്. പിന്നാലെ നടി പങ്കുവെക്കാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ശ്രീറെഡ്ഡിയെ സംബന്ധിച്ച് വന്ന പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നടി ഇത്തവണ എത്തിയത്.
സില്‍ക് സ്മിതയുടെ ആദ്യ ബയോപിക് ചിത്രമായ ഡേര്‍ട്ടി പിക്ചറിലെ പ്രകടനത്തിന് വിദ്യാ ബാലന് മികച്ച നടിക്കുളള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. മിലന് ലുധിര സംവിധാനം ചെയ്ത ചിത്രം എക്താ കപൂറായിരുന്നു നിര്‍മ്മിച്ചത്. പിന്നാലെ കന്നഡത്തില്‍ ഡേര്‍ട്ടി പിക്ചര്‍ സില്‍ക്ക് സാക്കത്ത് ഹോട്ട് എന്ന പേരിലും സിനിമ പുറത്തിറങ്ങി. പാക്കിസ്ഥാനി നടി വീണാ മാലിക്കായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. സിനിമ കന്നഡത്തില്‍ വിജയമായിരുന്നു. മലയാളത്തില്‍ സന ഖാന് നായികയായ ക്ലൈമാക്സ് എന്ന ചിത്രവും സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയാണ് ഒരുക്കിയത്.
