Connect with us

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; നായികയായി എത്തുന്നത് ഈ നടി

News

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; നായികയായി എത്തുന്നത് ഈ നടി

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; നായികയായി എത്തുന്നത് ഈ നടി

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു. 450 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആ ത്മഹത്യ അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് സ്വീകരിച്ചത്.

ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ നടിയുടെ ജീവിതം സിനിമയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സില്‍ക്ക് സ്മിതയുടെ ബയോപിക് എന്ന പേരില്‍ ഒരു ചിത്രം കൂടി വെള്ളിത്തിരയില്‍ എത്താനൊരുങ്ങുകയാണ്. സില്‍ക്ക് സ്മിതയുടെ അറുപത്തിമൂന്നാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് അവരുടെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

സില്‍ക്ക് സ്മിത: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഓസ്‌ട്രേലിയന്‍-ഇന്ത്യന്‍ നടിയും മോഡലും നര്‍ത്തകിയുമായ ചന്ദ്രികാ രവിയാണ് സില്‍ക്ക് സ്മിതയായെത്തുന്നത്. ആമസോണ്‍ െ്രെപമിലൂടെ പുറത്തുവന്ന തമിഴ് സീരീസായ സ്വീറ്റ് കാരം കോഫി ഒരുക്കിയ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. സില്‍ക്ക് സ്മിതയുടെ അതിപ്രശസ്തമായ ഫോട്ടോയുടെ പുനരാവിഷ്‌കാരമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണാനാവുക.

2018ല്‍ പുറത്തിറങ്ങിയ ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ നടിയാണ് ചന്ദ്രികാ രവി. 2019ല്‍ ഇതേ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും അവര്‍ അഭിനയിച്ചു. നന്ദമൂരി ബാലകൃഷ്ണ നായകനായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ വീരസിംഹ റെഡ്ഡി എന്ന ചിത്രത്തിലെ മാ ബാവ മനോഭാവലു എന്ന ഗാനം ചന്ദ്രികയെ കൂടുതല്‍ ശ്രദ്ധേയയാക്കി. ബോളിവുഡ് ടു കോളിവുഡ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും അവര്‍ വേഷമിട്ടിട്ടുണ്ട്.

1980ല്‍ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രത്തിലെ കഥാപാത്രമാണ് സ്മിത അവതരിപ്പിച്ച സില്‍ക്ക്. ഈ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ സില്‍ക്കും ആ കഥാപാത്രം അവതരിപ്പിച്ച വിജയലക്ഷ്മി എന്ന സ്മിതയും പ്രശസ്തിയിലേക്കുയര്‍ന്നു. തെലുങ്ക്, തമിഴ് ഭാഷകളിലായിരുന്നു സില്‍ക്ക് സ്മിത കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇടയ്ക്ക് കന്നഡയിലും മലയാളത്തിലും എത്തി.

പുഷ്യരാഗം, സരസ്വതീ യാമം, ഇവര്‍, കരിമ്പന, അങ്ങാടി, തീരം തേടുന്ന തിര, രതിലയം, ഒറ്റയാന്‍, മിസ്. പമീല, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, സ്ഫടികം, അഥര്‍വം, ന്യൂ ഇയര്‍, നാടോടി, കിരീടമില്ലാത്ത രാജാക്കന്മാര്‍ തുടങ്ങിയവയാണ് സില്‍ക്ക് സ്മിത അഭിനയിച്ച മലയാള ചിത്രങ്ങളില്‍ ചിലത്. 1996 സെപ്റ്റംബര്‍ 23നായിരുന്നു സില്‍ക്ക് സ്മിതയുടെ അന്ത്യം.

സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു സില്‍ക്കിന്റേത്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

More in News

Trending