Malayalam
ഞാന്‍ തേപ്പുകാരിയായത് ഇങ്ങനെയാണ്, ഇപ്പോള്‍ എനിക്ക് അതില്‍ അഭിമാനമുണ്ട്; മനസ്സു തുറന്ന് ആര്‍ദ്ര
ഞാന്‍ തേപ്പുകാരിയായത് ഇങ്ങനെയാണ്, ഇപ്പോള്‍ എനിക്ക് അതില്‍ അഭിമാനമുണ്ട്; മനസ്സു തുറന്ന് ആര്‍ദ്ര
സിനിമകളിലും ജീവിതത്തിലും തേപ്പുകാരികളെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനില്‍ ആദ്യമായി ആകും ഒരു തേപ്പുകാരിയെ കാണുന്നത്. സത്യ എന്ന പെണ്‍കുട്ടി സീരിയലിലെ ആര്‍ദ്രക്കാന് ഇപ്പോള്‍ തേപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന പേര് ലഭിച്ചിരിക്കുന്നത്. പണം മാത്രം കണ്ട് സുധിയെ പ്രണയിക്കുകയും അവനില്‍ നിന്ന് പറ്റാവുന്നത്ര കാശ് പിഴിയുകയും ചെയ്യുന്ന ദിവ്യയെന്ന കഥാപാത്രത്തെയാണ് ആര്‍ദ്ര സീരിയലില്‍ അവതരിപ്പിക്കുന്നത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ആര്‍ദ്ര സീരില്‍ രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നത്. തനിക്ക് കിട്ടിയ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സത്യ എന്ന പെണ്‍കുട്ടി സീരിയലിലെ ദിവ്യ എന്ന് ആര്‍ദ്ര പറഞ്ഞു.
‘പ്രേക്ഷകര്‍ എന്നെ തേപ്പുകാരി എന്ന് വിളിക്കുന്നു. ആദ്യമൊക്കെ വിഷമം തോന്നുമായിരുന്നു. എന്തിനാണ് സത്യയെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്ന് എന്നും എനിക്ക് മെസ്സേജുകള്‍ വരുമായിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്കതില്‍ സന്തോഷമാണ്. എന്റെ കഥാപാത്രംഅത്രമേല്‍ ആളുകള്‍ക്ക് ഇഷ്ടമായത് കൊണ്ടാണല്ലോ ഇങ്ങനെ. അവര്‍ എന്ന് തേപ്പുകാരി ദിവ്യ എന്ന് വിളിക്കുന്നത് എന്റെ വിജയമാണ്. ഇപ്പോഴെനിക്ക് അഭിമാനത്തോടെ പറയാം, ഞാന്‍ എന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി എന്ന്,’ ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ ആര്‍ദ്ര പറഞ്ഞു. കുറച്ചു നാളായി എന്റെ സീനുകള്‍ കുറവാണ് സീരിയലില്‍, അപ്പോള്‍ മുതല്‍ എനിക്ക് ഒരുപാട് മെസ്സേജുകള്‍ കിട്ടാറുണ്ട്. ഒരുപാട്‌പേര്‍ എന്നെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു. പുറത്തു പോകുമ്പോഴും ആളുകള്‍ എന്നെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്, മാസ്‌ക് വെച്ചാല്‍ പോലും അവര്‍ക്കെങ്ങനെ മനസ്സിലാകുന്നുണ്ട്. ‘സത്യയിലെ ആ അഹങ്കാരി പെണ്ണല്ലേ?’ എന്നാണു ആളുകള്‍ എന്നെ കാണുമ്പോള്‍ ചോദിക്കുന്നത്, എന്നും ആര്‍ദ്ര പറയുന്നു.
അഭിനയിക്കാന്‍ ചെറുപ്പം മുതലെ വളരെ ഇഷ്ടമായിരുന്നു ആര്‍ദ്രയ്ക്ക്. ആ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്. സീരിയലില്‍ മാത്രമല്ല ഇപ്പോള്‍ സിനിമകളിലും സജീവമാകാന്‍ ഒരുങ്ങുകയാണ് ഈ വയനാടുകാരി. സ്വദേശം വയനാട് ആണെങ്കിലും ഇപ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം തൃശൂരാണ് ആര്‍ദ്ര താമസിക്കുന്നത്. സത്യ എന്ന പെണ്‍കുട്ടിയുടെ ഷൂട്ടിങ്ങ് തിരുവനന്തപുരത്താണ് നടക്കുന്നത്. ഷൂട്ടിങ്ങ് വേളകളില്‍ തൃശൂരില്‍ നിന്നും തലസ്ഥാനത്തേക്ക് ആര്‍ദ്ര എത്തും. അച്ഛനും അമ്മയും അടങ്ങുന്ന സാധാരണ കുടുംബത്തില്‍ പെട്ട ദിവ്യ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് ബാംഗ്ലൂരില്‍ നിന്നുമാണ്. ഫാഷന്‍ ഡിസൈനിങ്ങാണ് താരം പഠിച്ചത്. അഭിനേത്രി ആകണമെന്ന അടങ്ങാത്ത ആഗ്രഹം തന്നെയാണ് ആര്‍ദ്രയെ സീരിയലിലേക്ക് എത്തിച്ചത്.
ആര്‍ദ്രയുടെ ഒരു ഫോട്ടോ കണ്ടിട്ടാണ് മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് താരത്തിന് ക്ഷണം കിട്ടിയത്. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായിരുന്നു മഞ്ഞുരുകും കാലത്തിലെ അമ്പിളി. ഈ കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. മഞ്ഞുരുകും കാലത്തിനുശേഷം ഒറ്റച്ചിലമ്പ് പരസ്പരം തുടങ്ങിയ സീരിയലുകളിലും ആര്‍ദ്ര എത്തി. ഇതിന് ശേഷമാണ് ഇപ്പോള്‍ സത്യയില്‍ മികച്ച കഥാപാത്രമായി ആര്‍ദ്ര എത്തുന്നത്. നെഗറ്റീവ് കഥാപാത്രമായിട്ടാണ് താരം ഇതില്‍ തിളങ്ങുന്നത്. അഭിനയത്തിന് പുറമെ, മോഡലിങ്ങിലും സജീവസാന്നിധ്യമാണ് ആര്‍ദ്ര. ഈയിടെ രാജാ രവിവര്‍മ ചിത്രങ്ങളുടെ ഒരു പുനരാഖ്യാനം ആര്‍ദ്ര ചെയ്തിരുന്നു. അതിനൊപ്പം, ‘സേവ് ചെല്ലാനം’ ക്യാമ്പയ്‌നിന്റെ ഭാഗമായും താരം ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. സാധാരണ മേക്കോവര്‍ ഫോട്ടോഷൂട്ടുകളേക്കാള്‍ ഇത്തരം കാലികപ്രാധാന്യമുള്ള വിഷയങ്ങള്‍ ചെയ്യാനാണ് തനിക്കു കൂടുതല്‍ താല്പര്യം എന്നും ആര്‍ദ്ര പറയുന്നു.
