News
മാസ്റ്റര്‍ നൂറു കോടി ക്ലബിലേയ്ക്ക്; ഭീക്ഷണിയായി തമിഴ് റോക്കേഴ്സും
മാസ്റ്റര്‍ നൂറു കോടി ക്ലബിലേയ്ക്ക്; ഭീക്ഷണിയായി തമിഴ് റോക്കേഴ്സും
By
കോവിഡ് പ്രതിസന്ധി കാരണം അടച്ചു പൂട്ടേണ്ടി വന്ന സിനിമാ വ്യവസായത്തെ കരകയറ്റാനാകുമെന്ന വിശ്വാസത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു മാസ്റ്റര്‍. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ പതിപ്പുകളില്‍ റിലീസായ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.60 കോടി മാത്രമാണ് ചിത്രം നേടിയ നെറ്റ് കളക്ഷന്‍. നഷ്ടം ഒഴിവാക്കണമെങ്കില്‍ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ ആദ്യദിനത്തിലെ കളക്ഷന്‍ നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. തമിഴ്നാട്ടിലെ ആദ്യദിന കളക്ഷന്‍ മാത്രം 25 കോടി വരുമെന്നാണ് നിര്‍മ്മാതാക്കളുടെ കണക്ക്.
വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ദിനത്തില്‍ മികച്ച പ്രതികരണം നേടിയിരുന്നു ഓസ്ട്രേലിയയില്‍ നിന്നു മാത്രം 1.61 കോടിയാണ് വരുമാനം. വിദേശ മാര്‍ക്കറ്റുകളില്‍ ഗള്‍ഫില്‍ നിന്ന് ആദ്യ രണ്ട് ദിനത്തില്‍ 1.35 മില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍ 3.7 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ 2.95 ലക്ഷം ഡോളര്‍, ശ്രീലങ്ക 2.4 ലക്ഷം ഡോളര്‍, യുഎസ്എ 1.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. രണ്ട് ദിനങ്ങളിലെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 86.50 കോടി എന്നാണ് പുറത്തുവരുന്ന കണക്കുകള്‍. വരും ദിവസങ്ങളിലെ കണക്ക് കൂടി നോക്കിയാല്‍ ചിത്രം വൈകാതെ തന്നെ നൂറു കോടിയിലേയ്ക്ക് കടക്കും.
അതേസമയം, മാസ്റ്ററിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നു എന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തമിഴ് റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് ചെയ്തതിന് പിന്നാലെയാണ് വ്യാജന് സൈറ്റുകളില്‍ എത്തി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം സിനിമയിലെ ഏതാനും രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജ് തന്നെയാണ് ചോര്‍ന്ന വിവരം ആരാധകരെ അറിയിച്ചത്.
