Malayalam
എന്നെ കണ്ട ശേഷം അമ്മയെ ഓര്‍മ്മ വന്നു എന്നാണ് പറഞ്ഞത്!; തന്നെ സ്വാധീനിച്ച നടനെ കുറിച്ച് നിമിഷ സജയന്‍
എന്നെ കണ്ട ശേഷം അമ്മയെ ഓര്‍മ്മ വന്നു എന്നാണ് പറഞ്ഞത്!; തന്നെ സ്വാധീനിച്ച നടനെ കുറിച്ച് നിമിഷ സജയന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്‍. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്.
പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ നിമിഷയില്‍ നിന്നുമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും നിമിഷയെ തേടിയെത്തിയിരുന്നു.
നിമിഷയുടെതായി പുറത്തെത്താനുള്ളത് മലയാള സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളായ മാലികും തുറമുഖവുമാണ്.
ഇരു ചിത്രങ്ങളിലും സുപ്രധാന വേഷത്തിലാണ് നടി എത്തുന്നത്. ഇപ്പോള്‍ സിനിമ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിമിഷ. തനിക്ക് ഒപ്പം അഭിനയിച്ചതില്‍ ഏറ്റവും സ്വാധീനിച്ച നടന്‍ ആരെന്ന ചോദ്യത്തിന് ഫഹദ് ഫാസില്‍ എന്നാണ് നിമിഷയുടെ മറുപടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിമിഷ ഇക്കാര്യം പറഞ്ഞത്.
ഒപ്പം അഭിനയിച്ചതില്‍ ഏറ്റവും സ്വാധീനിച്ച നടനെ കുറിച്ചും പറഞ്ഞു. ഫഹദ് ഫാസിലാണ് സ്വാധീനിച്ച നടന്‍. അന്നും ഇപ്പോഴും അങ്ങനെ തന്നെയാണെന്നാണ് നടി പറയുന്നത്. ഫഹദിക്ക അടിപൊളിയാണ്. മാലിക്ക് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു.
അപ്പോള്‍ ഫഹദിക്ക പറയും: ”ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും.” അങ്ങനെ എന്റെ പെര്‍ഫോമന്‍സ് നന്നാവാന്‍ എത്രതവണ വേണെങ്കിലും ഓരോ സീനും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. ഇനിയും നന്നായി ചെയ്യാനാവും എന്നു മാത്രമേ ഫഹദിക്ക പറയാറുള്ളൂ. അത് വലിയ കാര്യമാണ്.
സിനിമയെ വളരെ സീരിയസായിട്ടാണ് സമീപിക്കുന്നത്. ഏറെ ആസ്വദിച്ച് മുഴുവന്‍ എഫര്‍ട്ടുമെടുത്താണ് ഓരോ സിനിമയും ചെയ്യുന്നത്. എട്ടു സിനിമകളാണ് റിലീസായത്. ചിലത് റിലീസാവാനിരിക്കുന്നു. ഓരോന്നിലും എന്റേതായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ഒപ്പം ജോലിചെയ്യുന്നവരില്‍നിന്ന് കിട്ടുന്ന പിന്തുണയാണെന്നും താരം തുറന്ന് പറഞ്ഞു.
നിമിഷയും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രമായി എത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം വളരെയധികം പ്രശംസയ്ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. മലയാളിയാണെങ്കിലും നിമിഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ കണ്ടിട്ട് അമ്മയെ ഓര്‍മവന്നു എന്നാണ് മിക്കവരും പറഞ്ഞതെന്നാണ് നടി പറഞ്ഞത്.
കൂടാതെ അത്തരത്തിലുള്ള ഒരു വീട്ടമ്മമാരും മനസ്സില്‍ ഇല്ലായിരുന്നുവെന്നും നിമിഷ അഭിമുഖത്തില്‍ പറയുന്നു. ലോകത്തെ ഓരോ അടുക്കളയിലും എരിഞ്ഞുതീരുന്ന അമ്മമാര്‍ക്കുവേണ്ടിയുള്ള സിനിമയാണത്.ആ കഥാപാത്രത്തെ ഞാന്‍ സമീപിച്ചതും ആ രീതിയിലാണ്. സിനിമ കണ്ടതിന് ശേഷം അമ്മയെ ഓര്‍മവന്നു എന്നാണ് മിക്കവരും പറഞ്ഞത്. ഭാര്യയെ ഓര്‍മ വന്നു എന്ന് പറഞ്ഞവര്‍ ചുരുക്കമാണ് എന്നും താരം പറയുന്നു.
