Malayalam
അര്‍ച്ചന ചേച്ചിയുടെ ഓരോ ചലനത്തിലും അതുണ്ട്; പാടാത്ത പൈങ്കിളിയിലെ മധുരിമയ്ക്ക് പറയാനുള്ളത്
അര്‍ച്ചന ചേച്ചിയുടെ ഓരോ ചലനത്തിലും അതുണ്ട്; പാടാത്ത പൈങ്കിളിയിലെ മധുരിമയ്ക്ക് പറയാനുള്ളത്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്. വില്ലത്തിയായി മിനിസ്ക്രീനിലെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് കൈനിറയെ ആരാധകരെ സ്വന്തമാക്കിയത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന പരമ്പരയില്‍ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. വില്ലത്തിയാണെങ്കിലും അതുവരെ കണ്ട നെഗറ്റീവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു നടിയുടെ അഭിനയം. ഇത് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയും മിനിസ്ക്രീനിലെ ആസ്ഥാന വില്ലത്തിപട്ടം അര്‍ച്ചന സ്വന്തമാക്കുകയുമായിരുന്നു. കുറച്ച് നാള് സീരിയലില്‍ നിന്നും ഇടവേളയെടുത്ത അര്‍ച്ചന വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടൊണ് അര്‍ച്ചന മടങ്ങി എത്തിയിരിക്കുന്നത്. സ്വപ്ന എന്ന വില്ലത്തി കഥാപാത്രത്തെയാണ് അര്‍ച്ചന ഈ പരമ്പരയിലും അവതരിപ്പിക്കുന്നത്. ഇപ്പോഴിത അര്‍ച്ചനയെ കുറിച്ച് പരമ്പരയിലെ മറ്റൊരു കഥാപാത്രമായ അങ്കിത വിനോദ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പാടത്തെ പൈങ്കിളിയില് മധുരിമ എന്ന കഥാപാത്രത്തെയാണ് അങ്കിത അവതരിപ്പിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന നടിയാണ് അര്‍ച്ചന എന്നാണ് അങ്കിത വിനോദ് പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മിനിസ്ക്രീനിലെ പ്രിപ്പെട്ട നടി ആരാണ് എന്ന ആരാധകരുടെ ചോദ്യത്തിനായിരുന്നു അങ്കിതയുടെ പ്രതികരണം. അര്‍ച്ചനയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ നടിയെ കുറിച്ച് അങ്കിത വെളിപ്പെടുത്തിയത്. ചേച്ചി മികച്ച നടിയാണ്. കൂടാതെ ചെറിയ ചലനങ്ങളില്‍ പോലും ആ കഥാപാത്രം ഉണ്ട്. അത്രയും അമേസിംഗ് ആയ നടിയാണ് അര്‍ച്ചന ചേച്ചി എന്നാണ് അങ്കിത പറയുന്നത്. മലയാളത്തില്‍ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സീരിയലുകള്‍ നമുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകന് സുധീഷ് ശങ്കര്‍ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. പരസ്പരം എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണിത്. സുധീഷിന്റെ ഭാര്യയും നടിയുമായ അഞ്ജിതയും പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ജിത മനിസ്ക്രിനിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്. കണ്മണി ദേവയുടേയും കുടുംബജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അര്‍ച്ചന സുശീലന്. കണ്ണീര് ഒഴുക്കി നടക്കുന്ന കഥാപാത്രങ്ങളെക്കാള്‍ തനിക്ക് ചെയ്യാന്‍ വില്ലത്തി വേഷങ്ങളാണ് ഇഷ്ടമെന്ന് പറഞ്ഞിരുന്ന അര്‍ച്ചന, തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ വ്യത്യസ്തമായതാണ്. ഗ്ലിസറിനിട്ട് കരയുന്നതിനോട് പൊതുവെ താല്പര്യമില്ല. കരയിപ്പിക്കാനാണ് കൂടുതലിഷ്ടമെന്ന് പറയുന്നു. മാനസപുത്രിയിലെ ഗ്ലോറിയല്ലേയെന്നാണ് കുറച്ച് മുന്‍പ് വരെ എല്ലാവരും ചോദിക്കാറുള്ളത്. ബിഗ് ബോസില്‍ വന്നതോടെയാണ് എന്റെ പേര് അര്‍ച്ചന സുശീലന് എന്നാണെന്ന് എല്ലാവരും മനസ്സിലാക്കിയതെന്ന് താരം പറയുന്നു. ഈ പാവം പെണ്ണാണോ ഇക്കണ്ട വില്ലത്തരമെല്ലാം കാണിച്ചുകൂട്ടിയത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. എന്നാല്‍ സന്തോഷങ്ങള്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദുഖങ്ങളും അതുപോലെ തന്നെ നേരിടേണ്ടി വന്നു അര്‍ച്ചനയ്ക്ക്. തനിക്കുണ്ടായ പല സുഹൃത്തുക്കളെയും തന്നെ പലരീതിയിലും വേദനിപ്പിച്ചിട്ടുണ്ടെന്നാണ് അര്‍ച്ചന പറയുന്നത്. തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് അടുത്ത് കൂടിയവര്‍ തന്നെ പലപ്പോഴും മുതലെടുക്കാന്‍ ശ്രമിച്ചു. സൗഹൃദത്തെ ഏറെ വിശുദ്ധമായാണ് താന്‍ കാണുന്നതെന്നും താന്‍ എങ്ങനെയാണോ, അതുപോലെ തന്നെയാണ് അവര്‍ക്ക് മുന്നില്‍ നില്‍ക്കാറുള്ളതെന്നും അര്‍ച്ചന വെളിപ്പെടുത്തി. പക്ഷെ ഇങ്ങനെ ചെയ്യുമ്പോള്‍ തനിക്ക് തിരികെ ലഭിക്കുക മോശം അനുഭവങ്ങളാണ്. തനിക്ക് അവരോടുള്ള വിശ്വാസം ഇല്ലാതാകും. അത് മനസിലാക്കാന്‍ ഒരുപാട് വൈകി. ഇപ്പോള്‍ ആരാണ് യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് അറിയാം. അവരില്‍ താന്‍ തൃപ്തയാണ്. അര്‍ച്ചന പറയുന്നു.
